തിരുവനന്തപുരം: നഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമെന്ന നിലയിലുള്ള പേരൂർക്കട- പുതുകുന്ന്- മൺവിള പൈപ്പ് ലൈൻ പദ്ധതി വീണ്ടും ട്രാക്കിലേക്ക്. 63 കോടിയുടെ പദ്ധതിയുടെ റീടെൻഡർ നടപടി പൂർത്തിയാക്കി. കാലപ്പഴക്കം ചെന്ന 900 എം.എം പി.വി.സി കോൺക്രീറ്റ് പൈപ്പ് മാറ്റി 1200 എം.എം എം.എസ് പൈപ്പ് സ്ഥാപിക്കാനാണ് പദ്ധതി. ആദ്യം ടെൻഡറെടുത്തിരുന്ന തൊടുപുഴ സ്വദേശിയായ കരാറുകാരൻ 17.40 കോടി ചെലവിട്ട് പൈപ്പിടൽ നടത്തിയെങ്കിലും കൊവിഡിന് ശേഷമുണ്ടായ ചെലവ് വർദ്ധനയെ തുടർന്ന് പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
പഴയ പൈപ്പ് അടിക്കടി പൊട്ടുകയും കുടിവെള്ളം മുടങ്ങുകയും ചെയ്യുന്നത് പരിഹരിക്കാനാണ് കിഫ്ബിയുടെ സഹായത്തോടെ പുതിയ എം.എസ് പൈപ്പിടാൻ പദ്ധതി തയ്യാറാക്കിയത്.
റീടെൻഡറും റെഡി
2019ൽ തുടങ്ങിയ പദ്ധതി 2023ൽ പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ, 2021ൽ 46 കോടി രൂപയ്ക്ക് ടെൻഡറെടുത്ത് പണി തുടങ്ങിയെങ്കിലും ഉത്പന്നങ്ങളുടെ വില ക്രമാതീതമായി വർദ്ധിച്ചു. ഇതോടെ കരാറുകാരൻ 15 കോടി അധികമായി ആവശ്യപ്പെട്ടെങ്കിലും വാട്ടർ അതോറിട്ടി അംഗീകരിച്ചില്ല. തുടർന്ന് പ്രശ്നം കോടതിയിലെത്തിയെങ്കിലും തീരുമാനമെടുക്കുന്നത് വാട്ടർ അതോറിട്ടിക്ക് തന്നെവിട്ടു.
ഇതിനുശേഷം പലതവണ റീടെൻഡറിന് വാട്ടർ അതോറിട്ടി നടപടിയെടുത്തെങ്കിലും നിലവിലുള്ള തുകയ്ക്ക് ടെൻഡറെടുക്കാൻ ആരും തയ്യാറായില്ല. തുടർന്ന് പദ്ധതി ചെലവ് 63.72 കോടിയാക്കി പുതുക്കി നിശ്ചയിക്കുകയായിരുന്നു. പുതിയ ടെൻഡർ പ്രകാരം ഒരു വർഷത്തിനുള്ളിൽ പദ്ധതി നടപ്പാക്കാനാണ് നീക്കം.
പേരൂർക്കട- പുതുകുന്ന്- മൺവിള പൈപ്പ് ലൈൻ: 15 കിലോമീറ്റർ
പദ്ധതി ചെലവ് ......63.72 കോടി
ഇതുവരെ ചെലവായത് .......17.40 കോടി
1,45,000 ആളുകൾക്ക് പ്രയോജനം
പുതിയ കരാർ മൂവാറ്റുപുഴ മേരിമാത ഇൻഫ്രാസ്ട്രക്ചർ കമ്പനിക്ക്
ജലക്ഷാമവും പൈപ്പ് പൊട്ടലും
കഴക്കൂട്ടം,പള്ളിപ്പുറം,മൺവിള,ടെക്നോപാർക്ക്,കിൻഫ്ര തുടങ്ങിയ പ്രദേശങ്ങളിലെ രൂക്ഷമായ ജലക്ഷാമത്തിന് പരിഹാരമായാണ് പദ്ധതി തയ്യാറാക്കിയത്. കാലപ്പഴക്കം ചെന്ന ട്രാൻസ്‌മിഷൻ പൈപ്പ് കിടക്കുന്നതിനാൽ അടിക്കടിയുള്ള പൈപ്പ് പൊട്ടലും വെള്ളം ചോരുന്നതും പതിവായി. പഴയ പൈപ്പിലൂടെ ഉയർന്ന മർദ്ദത്തിൽ വെള്ളം തുറന്നുവിടാനുമായില്ല. സ്പെയർ പാർട്സുകൾ ലഭ്യമല്ലാത്തതിനാൽ അറ്റകുറ്റപ്പണികളെയും സാരമായി ബാധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |