കല്ലറ: സ്കൂൾതുറപ്പ് എന്നും തയ്യൽ തൊഴിലാളികൾക്ക് പ്രതീക്ഷയുടെ കാലമാണ്. ആഘോഷങ്ങൾക്കെല്ലാം റെഡിമെയ്ഡ് തിരക്കി ഓടുമ്പോൾ സ്കൂൾ യൂണിഫോം തയ്ക്കാൻ മാത്രമാണ് തയ്യൽക്കാരന്റെ അടുത്തേക്ക് ഓടുന്നത്. സ്കൂൾ തുറക്കൽ അടുത്തതോടെ തയ്യൽക്കടകളിലും തിരക്കേറി. രാവും പകലും തുന്നിയിട്ടും യൂണിഫോമുകളുടെ ഓർഡർ തീർക്കാൻ കഴിയാതെ വിഷമിക്കുകയാണ് പല തയ്യൽക്കാരുമിപ്പോൾ. പ്രാരാബ്ധങ്ങളിൽ നിന്ന് കരകയറാനുള്ള ഏക പോംവഴിയായതിനാൽ ഉറക്കമിളച്ചും ജോലിയിൽ മുഴുകുന്നവരേറെയാണ്. ദിനംപ്രതി നിരവധി രക്ഷകർത്താക്കളും കുട്ടികളുമാണ് യൂണിഫോം തുണിയുമായി എത്തുന്നത്. പുതിയതായി രണ്ടു ജോഡിയെങ്കിലും ഓരോ കുട്ടിക്കും വാങ്ങേണ്ടതുണ്ട്. ഓരോ സ്‌കൂളിനും യൂണിഫോം വ്യത്യസ്തമാണെന്നതിനാൽ റെഡിമെയ്ഡ് വിപണിയിൽ നിന്നുള്ള വാങ്ങലും സാദ്ധ്യമല്ല. കടയിൽ നിന്ന് തുണി വാങ്ങി തയ്യൽക്കാരെ ഏൽപ്പിക്കുകയാണ് മാതാപിതാക്കൾ.
യൂണിഫോമുകൾ മാത്രം
മറ്റ് തയ്യൽ ജോലികൾ തത്കാലത്തേക്ക് മാറ്രിവച്ച് യൂണിഫോം തയ്ച്ചുകൊടുക്കുമെന്ന പ്രത്യേക ബോർഡ് തൂക്കിയവരുണ്ട്. സ്വകാര്യ സ്‌കൂളുകൾ, മൊത്തമായി തുണി വാങ്ങി കുട്ടികളുടെ അളവെടുത്ത ശേഷം ഏതെങ്കിലും ഒരു തയ്യൽക്കാരനെ ഏൽപ്പിക്കുന്നതാണ് പതിവ്. ആയിരത്തിലേറെ കുട്ടികൾ പഠിക്കുന്ന ഒന്നിലേറെ സ്‌കൂളുകളുടെ കരാറെടുത്ത തയ്യൽക്കാരുമുണ്ട്. ദിവസക്കൂലിക്ക് ജോലിക്കാരെ നിറുത്തിയാണ് ഇവർ നിശ്ചിത സമയത്ത് ജോലി തീർക്കാൻ ശ്രമിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |