വിവിധ രംഗങ്ങളിൽ കൈയൊപ്പ് ചാർത്തിയിട്ടും പൊതുശ്രദ്ധയിൽ
അധികം കടന്നുവരാത്തവരെക്കുറിച്ച്...
-----------------------------------------------------------------------------------------
ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർമാരും വൻകിട പരസ്യ ഏജൻസികളുമില്ലാത്ത കാലം. ചായക്കടയിലും ഉത്സവപ്പറമ്പിലും കല്യാണവീട്ടിലും നെഞ്ചോടു ചേർത്ത് കുഞ്ഞിനെപ്പോലെ കൊണ്ടുനടന്നൊരു റേഡിയോ ഉണ്ടായിരുന്നു ഓരോ കലാസ്വാദകനും. അന്ന് റേഡിയോ പരസ്യങ്ങളുടെ പുത്തൻ സാദ്ധ്യതകൾ കണ്ടെത്തി അവതരിപ്പിക്കാൻ ഒരു 21കാരൻ ശ്രമിച്ചു. ആ ശ്രമം അങ്ങ് ക്ലിക്കായി. 40ലേറെ വർഷങ്ങൾ. 3000ലേറെ പരസ്യങ്ങൾ. പ്രമുഖ ഗായകർക്കൊപ്പം അവതാരകനായി 1000ലേറെ സ്റ്റേജുകൾ. സി.സുരേഷ് കുമാർ എന്ന സ്പോട്ട് സുരേഷിന്റേത് ഒരു കാലഘട്ടത്തിന്റെ ശബ്ദമായിരുന്നു.
18-ാം വയസിൽ ആകാശവാണിയിലെ റേഡിയോ നാടകങ്ങളിലൂടെയായിരുന്നു ശബ്ദലോകത്തേക്കുള്ള രംഗപ്രവേശം. ആകാശവാണിയിലെ ഭിത്തിയിൽ നോക്കി തമാശയ്ക്ക് പരസ്യവാചകങ്ങൾ പറഞ്ഞുനോക്കി. മിനുക്കിയെടുത്താൽ മനസിലുറയ്ക്കുന്ന ശബ്ദമാണ് സുരേഷിന്റേതെന്ന് തിരിച്ചറിഞ്ഞത് ഗാനരചയി താവ് മുഹമ്മദ് റോഷനാണ്.
'മഹിളാലയം' എന്ന പരിപാടിയിലൂടെ ശ്രോതാക്കൾക്കിടയിൽ മഹിളാലയം ചേച്ചി എന്നറിയപ്പെട്ടിരുന്ന സരസ്വതി അമ്മ വഴി നർമ്മദ ബിൽഡിംഗുമായി ബന്ധപ്പെട്ട് പരസ്യം ചെയ്യാൻ അവസരമൊരുങ്ങി. കന്നിയങ്കമെങ്കിലും രണ്ട് ടേക്കിൽ പരസ്യം റെഡി. അതൊരു തുടക്കമായിരുന്നു. 'രാമച്ചത്തിന്റെ കുളിരും കസ്തൂരിമഞ്ഞളിന്റെ കാന്തിയും ഒത്തിണിങ്ങിയ രാധാസ്...'സുരേഷ് അവതരിപ്പിച്ച രാധാസ് സോപ്പിന്റെ നിത്യഹരിതമായ പരസ്യം മലയാളി കേട്ടത് ഹൃദയം കൊണ്ടാണ്.1985ൽ ആരംഭിച്ച 'സ്പോട്ട്' എന്ന ഏജൻസി സുരേഷിനെ സ്പോട്ട് സുരേഷാക്കി. ഉജാലയും ലൈഫ്ബോയ് സോപ്പും സന്തോഷ്ബ്രഹ്മിയും കുമാരികല്പവും സന്തോഷ് ഹെയർ ടോണും വിശ്വാസ്യയോഗ്യമാക്കാൻ സുരേഷിന്റെ സ്വരസംക്രമണത്തിനായി.
ഓൾഡ് ഈസ് ഗോൾഡ്
പദ്മരാജന്റെ സിനിമകളുടെ പരസ്യങ്ങളും സുരേഷ് ഡബ് ചെയ്തു.ഹരിശ്രീ അശോകൻ,എൻ.എഫ്.വർഗീസ് എന്നിവർ സിനിമയിലെത്തുന്നതിന് മുൻപേ അവരുടെ ശബ്ദം പരസ്യത്തിനായി ഉപയോഗിച്ചു.കെ.പി.ഉദയഭാനു ആരംഭിച്ച 'ഓൾഡ് ഈസ് ഗോൾഡ്'എന്ന മ്യൂസിക്ക് ട്രൂപ്പിൽ അവതാരകനായതോടെ ശബ്ദത്തിനൊപ്പം സുരേഷിന്റെ മുഖവും മലയാളിമനസിൽ പതിഞ്ഞു. ആകാശവാണിയിൽ താത്കാലിക അനൗൺസറായി പ്രവർത്തിച്ചത് സ്റ്റേജ്ഷോകൾക്ക് അടുക്കും ചിട്ടയും കൊണ്ടുവരാൻ സുരേഷിനെ സഹായിച്ചു.
ദൈവം മലയാളിയായി
ഇഷ്ടമേഖലയിൽ നിന്ന് മാറി വട്ടിയൂർക്കാവിലെ വീട്ടിൽ വിശ്രമജീവിതത്തിലാണ് സുരേഷ് ഇപ്പോൾ.സ്റ്റേജ് ഓർമ്മകൾ കോർത്തിണക്കി സുരേഷ് എഴുതിയ 'ദൈവം മലയാളിയായി' എന്ന പുസ്തകം 29ന് വൈകിട്ട് 5.30ന് നാഷണൽ ക്ലബിൽ പുറത്തിറക്കും.ഭാര്യ ലത.മക്കൾ ചന്തു,ആർച്ച. മരുമക്കൾ അർജുൻ,ആരതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |