വിഴിഞ്ഞം: വികസനത്തിന്റെ പുത്തൻ വാതായനങ്ങൾ തുറക്കുന്ന വിഴിഞ്ഞത്ത് ക്രൂ ചെയ്ഞ്ചിംഗ് അനുമതിക്കുള്ള ഇമിഗ്രേഷൻ ചെക്ക്പോസ്റ്റ് (ഐ.സി.പി) അനുമതി ഉടൻ. രണ്ട് മാസത്തിനകം അന്തിമതീരുമാനം ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
തുറമുഖം കമ്മിഷനിംഗ് ചെയ്‌തെങ്കിലും ഐ.സി.പി അനുമതി ലഭിക്കാത്തതിനാൽ ഇവിടെ എത്തുന്ന കണ്ടെയ്‌നർ കപ്പലുകളിലെ ക്യാപ്ടന്മാർക്ക് പുറത്തിറങ്ങാൻ കഴിയില്ല. ഇൻഡസ്ട്രിയൽ സേഫ്റ്റി ഡെവലപ്പ്മെന്റ് കൗൺസിൽ (ഐ.എസ്.ഡി.എസ്) ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച ശേഷമാണ് ഐ.സി.പി അനുമതി നൽകുക. അംഗീകാരം ലഭിക്കുന്നതുവരെ ഇവിടെ കപ്പലിലെത്തുന്ന ക്യാപ്ടനും ജീവനക്കാർക്കും അടിയന്തര ഘട്ടത്ത് പുറത്ത് ഇറങ്ങുന്നതിനുള്ള ഷോർലീവ് നൽകാറുണ്ട്. അത് രാവിലെ മുതൽ വൈകിട്ട് വരെ മാത്രമാണ്.
ഐ.സി.പി അനുമതി ലഭിക്കുന്നതോടെ ഇവിടെ ചരക്കുനീക്കത്തിനല്ലാതെ ക്രൂ ചെയ്ഞ്ചിനായി മാത്രം കപ്പലുകൾ അടുക്കും. ഇതോടെ പ്രാദേശികമായി നിരവധി പേർക്ക് തൊഴിൽ ലഭ്യതയുണ്ടാകും. ഹോട്ടലുകൾ,ടൂറിസ്റ്റ് ടാക്‌സികൾ കൂടാതെ ചെറുകിട വ്യാപാര സ്ഥാപനങ്ങൾക്കും നേട്ടമുണ്ടാകും. അന്താരാഷ്ട്ര വിമാനത്താവളം തുറമുഖത്തിന് അടുത്തായതിനാൽ കൂടുതൽ കപ്പലുകൾ വിഴിഞ്ഞത്തെത്തും. ഇതോടൊപ്പം വിദേശികൾ ഉൾപ്പെടെയുള്ളവർ
ഇവിടെ നിന്നും കപ്പലുകളിൽ സൈൻ ഓഫും സൈൻ ഇന്നും ചെയ്യും.
ക്രൂചെയ്‌ഞ്ച്
കൊവിഡുകാലത്ത് സംസ്ഥാന മാരിടൈം ബോർഡിന്റെ കീഴിലുള്ള തുറമുഖ വാർഫിൽ ക്രൂചെയ്ഞ്ച് നടത്തിയിരുന്നു. 2020-22 കാലയളവിൽ 736 മദർ വെസലുകളാണ് ഇവിടെ ക്രൂ ചെയ്ഞ്ച് നടത്തി മടങ്ങിയത്. അന്ന് തുറമുഖ വകുപ്പിന് 10 കോടിയിൽപ്പരം രൂപയാണ് വരുമാനം ലഭിച്ചത്. കൊവിഡ് വ്യാപനത്തിനിടെ ലോകത്തെ മറ്റ് തുറമുഖങ്ങളിൽ അനുമതി നിഷേധിച്ചപ്പോൾ വിഴിഞ്ഞത്ത് നിയന്ത്രിതമായി അനുമതി നൽകുകയായിരുന്നു. എന്നാൽ കൊവിഡാനന്തരം താത്കാലിക ക്രൂ ചെയ്ഞ്ച് നിറുത്താൻ കേന്ദ്രം ഉത്തരവിറക്കുകയായിരുന്നു.
ബങ്കറിംഗും
2022 ജൂണിൽ വിഴിഞ്ഞത്ത് ആദ്യമായി ബങ്കറിംഗ് (കപ്പലുകളിൽ ഇന്ധനം നിറയ്ക്കൽ) നടത്തിയിരുന്നു. കൊച്ചിയിൽ നിന്ന് ഇന്ധനവുമായെത്തിയ കപ്പലിൽ നിന്നും മാലിയിലേക്കുള്ള ചരക്കുകപ്പലിലാണ് അന്ന് ഇന്ധനം നിറച്ചത്.
മാരിടൈം ബോർഡിന്റെ കീഴിലുള്ള തുറമുഖ വാർഫിൽ
ക്രൂചെയ്ഞ്ച് നടത്താനെത്തിയത് - 736 മദർ വെസലുകൾ
കാലയളവ് 2020-22
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |