പുതിയ കായിക ബിൽ പാർലമെന്റിൽ അതരിപ്പിച്ചു
ദേശീയ കായിക ഫെഡറേഷനുകളെ നിയന്ത്രിക്കാനുള്ള നിയമം
ന്യൂഡൽഹി : രാജ്യത്തെ കായികസംഘടനകളിൽ സുതാര്യഉറപ്പാക്കുന്നത് ലക്ഷ്യമിട്ടുള്ളതാണ് കേന്ദ്ര കായികമന്ത്രി മൻസൂഖ് മാണ്ഡവ്യ ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ച ദേശീയ കായിക ബിൽ. സർക്കാരിൽ നിന്ന് ഫണ്ട് വാങ്ങുന്ന കായികസംഘടനകളുടെ അംഗീകാരം നിശ്ചയിക്കുന്നതിന് നാഷണൽ സ്പോർട്സ് ബോർഡ് രൂപീകരിക്കൽ, ദേശീയ കായിക ട്രിബ്യൂണൽ സ്ഥാപിക്കൽ, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഉൾപ്പടെയുള്ള കായിക സംഘടനകളെ കായികമന്ത്രാലയത്തിനും വിവരാവകാശനിയമത്തിനും കീഴിൽ കൊണ്ടുവരൽ, അത്‌ലറ്റ്സ് കമ്മീഷൻ രൂപീകരിക്കൽ തുടങ്ങിയ നിരവധി നിയമങ്ങളാണ് സ്പോർട്സ് ബില്ലിലുള്ളത്.
കായിക സംഘടനകളുടെ ഭാരവാഹികളുടെ പ്രായം, അധികാരത്തുടർച്ച എന്നിവയിൽ കൃത്യമായ മാനദണ്ഡങ്ങൾ ബിൽ മുന്നോട്ടുവയ്ക്കുന്നു. കായികസംഘടനകളുടെ സ്വയംഭരണാവകാശം നിലനിറുത്തുന്നുണ്ടെങ്കിലും ഭരണസമിതി തിരഞ്ഞെടുപ്പ്, ഭരണപരമായ തീരുമാനങ്ങൾ, കായിക താരങ്ങളുടെ ക്ഷേമം, പരാതിപരിഹാരം തുടങ്ങിയ കാര്യങ്ങളിൽ ബില്ലിലെ ചട്ടങ്ങൾ പാലിക്കാൻ കായിക സംഘടനകൾ നിർബന്ധിതരാണ്.
ബില്ലിലെ പ്രധാന ചട്ടങ്ങൾ
1. കായിക സംഘടനകളുടെ വിശ്വാസ്യത ഉറപ്പാക്കാൻ നാഷണൽ സ്പോർട്സ് ബോർഡ് രൂപീകരിക്കും.
സംഘടനകളുടെ അംഗീകാരം നിർണയിക്കാനും കണക്കുകൾ പരിശോധിക്കാനും ക്രമക്കേടുകളുണ്ടെങ്കിൽ നടപടിയെടുക്കാനും ബോർഡിന് അധികാരമുണ്ട്.
2. ദേശീയ കായിക സംഘടനകളിൽ സുതാര്യവും സമയബന്ധിതമായും തിരഞ്ഞെടുപ്പിന് കേന്ദ്രസർക്കാർ നിയോഗിക്കുന്ന സമിതി വരും. മുൻ തെരഞ്ഞെടുപ്പ് കമ്മിഷണർമാർ അടങ്ങുന്നതാവും സമിതി.
3. 70-75 വയസുവരെയാണ് കായിക അസോസിയേഷനുകളുടെ തലപ്പത്തേക്ക് മത്സരിക്കാനുള്ള പ്രായപരിധി. അന്താരാഷ്‌ട്ര കായികസംഘടനകളുടെ നിയമം അനുസരിച്ച് ഈ പരിധിക്കുള്ളിലെ ഉയർന്നപ്രായം നിശ്ചയിക്കാം.
4. സംഘടനാഭാരവാഹികൾക്ക് തുടർച്ചയായി മൂന്നുതവണ മാത്രമാണ് അധികാരത്തിൽ ഇരിക്കാൻ കഴിയുക. ഒരു കായിക ഇനത്തിന് ഒരു സംഘടനയേ പാടുള്ളൂ.
5. അന്താരാഷ്ട്ര കായികകോടതി മാതൃകയിൽ കായികമേഖലയിലെ തർക്കങ്ങൾ പരിഹരിക്കാൻ ദേശീയ ട്രൈബ്യൂണൽ വരും. സുപ്രീം കോടതിയിൽ മാത്രമേ ട്രൈബ്യൂണൽ വിധി ചോദ്യം ചെയ്യാനാകൂ.
ക്രിക്കറ്റിനും ക്ളിപ്പിട്ടു
ടീമുകൾക്കൊപ്പം ഇന്ത്യ എന്ന് പേര് നൽകണമെങ്കിൽ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഉൾപ്പടെയുള്ള എല്ലാ കായിക സംഘടനകളും നാഷണൽ സ്പോർട്സ് ബോർഡിൽ അഫിലിയേറ്റ് ചെയ്തിരിക്കണം. കായിക സംഘടനകൾ പേരിൽ ഇന്ത്യ,ഇന്ത്യൻ, നാഷണൽ എന്നിങ്ങനെ ഉപയോഗിക്കുന്നതിന് കേന്ദ്രാനുമതി വാങ്ങിയിരിക്കണം. തങ്ങൾ ഫണ്ട് വാങ്ങാത്തതിനാൽ അഫിലിയേഷൻ വേണ്ടെന്ന ക്രിക്കറ്റ് ബോർഡിന്റെ നിലപാട് നടക്കില്ല. ക്രിക്കറ്റ് അടുത്ത ഒളിമ്പിക്സിൽ ഉൾപ്പെടുത്തുന്നതിനാൽ ദേശീയ ടീമിനെ അയയ്ക്കണമെങ്കിൽ കായിക ബിൽ അനുസരിച്ച് പ്രവർത്തിക്കേണ്ടിവരും.
ആന്റി ഡോപ്പിംഗ് ബില്ലും സഭയിൽ
കായികരംഗത്ത് ഉത്തേജകമരുന്ന് ഉപയോഗം തടയുന്നത് കർക്കശമാക്കുന്നതിനുള്ള ദേശീയ ആന്റി ഡോപ്പിംഗ് ബില്ലും ഇന്നലെ ലോക്സഭയിൽ വച്ചു.
അന്താരാഷ്ട്ര സംഘടനകൾ
എതിർക്കുമോ?
ദേശീയ കായിക സംഘടനകൾ രൂപ്രകരിക്കുന്നതിൽ തങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന രീതിയിൽ സ്പോർട്സ് ബില്ലിൽ നിയന്ത്രണങ്ങൾ വരുന്നത് ഇന്റർ നാഷണൽ ഒളിമ്പിക് കമ്മറ്റി,ഫിഫ തുടങ്ങിയ അന്താരാഷ്ട്ര കായികസംഘടനകളുടെ എതിർപ്പ് ക്ഷണിച്ചുവരുത്തുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഒളിമ്പിക് ചാർട്ടറിന് വിരുദ്ധമായി ദേശീയ കായിക സംഘടനകളിൽ സർക്കാർ ഇടപെടലുണ്ടായാൽ അന്താരാഷ്ട്ര വിലക്കിന് വരെ സാദ്ധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |