ജമൈക്ക : വെസ്റ്റ് ഇൻഡീസിന്റെ രണ്ട് ട്വന്റി-20 ലോകകപ്പ് കിരീടനേട്ടങ്ങളിൽ പങ്കാളിയായ ആൾറൗണ്ടർ ആന്ദ്രേ റസൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. സ്വന്തം നാടായ ജമൈക്കയിലെ സബീന പാർക്കിൽ ഓസ്ട്രേലിയയ്ക്ക് എതിരായ രണ്ടാം ട്വന്റി-20യിൽ കളിച്ചാണ് റസൽ വിൻഡീസ് കുപ്പായത്തോട് വിടപറഞ്ഞത്. മത്സരത്തിൽ 15 പന്തുകളിൽ രണ്ടുഫോറും നാലുസിക്സുമടക്കം 36 റൺസടിച്ച റസൽ ഒരോവർ ബൗൾ ചെയ്ത് വിക്കറ്റില്ലാതെ 16 റൺസ് വഴങ്ങുകയും ചെയ്തു. മത്സരത്തിൽ എട്ടുവിക്കറ്റിന് ജയിച്ച ഓസീസ് അഞ്ചുമത്സര പരമ്പരയിൽ 2-0ത്തിന് മുന്നിലെത്തി. ആദ്യം ബാറ്റ്ചെയ്ത് നിശ്ചിത 20 ഓവറിൽ 172/8എന്ന സ്കോർ ഉയർത്തിയ വിൻഡീസിനെ 15.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഓസീസ് മറികടന്നത് ജോഷ് ഇൻഗിലിസിന്റേയും (33 പന്തുകളിൽ78 നോട്ടൗട്ട്), കാമറൂൺ ഗ്രീനിന്റേയും (32 പന്തുകളിൽ 56 നോട്ടൗട്ട്) ബാറ്റിംഗ് മികവിലാണ്.
റസൽ; വിൻഡീസിന്റെ വിശ്വസ്തൻ
2010 ൽ ശ്രീലങ്കയ്ക്ക് എതിരെ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച റസൽ പിന്നീട് ആ ഫോർമാറ്റിൽ കളിച്ചിട്ടില്ല.
2011ൽ ഏകദിനത്തിലും ട്വന്റി-20യിലും അരങ്ങേറ്റം. 2019ന് ശേഷം ട്വന്റി-20യിൽ മാത്രമാണ് കളിച്ചത്.
2012ലും 2016ലും ട്വന്റി-20 ലോകകപ്പ് നേടിയ വിൻഡീസ് ടീമിൽ അംഗമായിരുന്നു.
37കാരനായ റസൽ ദേശീയ ടീമിൽ നിന്ന് വിരമിച്ചാലും ഐ.പി.എൽ ഉൾപ്പടെയുള്ള ഫ്രാഞ്ചൈസി ലീഗുകളിൽ കളി തുടരും. കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനുവേണ്ടിയാണ് ഐ.പി.എല്ലിൽ കളിക്കുന്നത്.
84 ട്വന്റി-20 മത്സരങ്ങൾ കളിച്ച റസൽ മൂന്ന് അർദ്ധ സെഞ്ച്വറികളടക്കം 1078 റൺസ് നേടിയിട്ടുണ്ട്. 71 റൺസാണ് ഉയർന്ന സ്‌കോർ. 61 വിക്കറ്റുകളും നേടി. 19 റൺസിന് മൂന്ന് വിക്കറ്റ് എന്നതാണ് മികച്ച ബൗളിംഗ് പ്രകടനം.
56 ഏകദിനങ്ങളിൽ നാല് അർദ്ധസെഞ്ച്വറികളുൾപ്പടെ 1034 റൺസ്. പുറത്താവാതെ നേടിയ 92 റൺസാണ് ഉയർന്ന സ്‌കോർ. 70 വിക്കറ്റുകളും നേടി. 35 റൺസിന് നാല് വിക്കറ്റാണ് മികച്ച ബൗളിംഗ് പ്രകടനം.
ഒരേയൊരു ടെസ്റ്റ് കളിച്ച റസൽ രണ്ട് റൺസും ഒരു വിക്കറ്റും നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |