ലണ്ടൻ : ഇംഗ്ളണ്ടിനെതിരെ ട്വന്റി-20യ്ക്ക് പിന്നാലെ ഏകദിനത്തിലും പരമ്പര നേടി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. കഴിഞ്ഞരാത്രി ചെസ്റ്റർ ലെ സ്ട്രീറ്റിൽ നടന്ന മൂന്നാം ഏകദിനത്തിൽ 13 റൺസിന് ജയിച്ച ഹർമൻപ്രീത് കൗർ നയിച്ച ടീം 2-1നാണ് ഏകദിന പരമ്പര സ്വന്തമാക്കിയത്. അഞ്ചര ട്വന്റി-20കളുടെ പരമ്പര 3-2ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു.
അവസാന ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത് 318/5 എന്ന മികച്ച സ്കോർ ഉയർത്തിയശേഷം ഇംഗ്ളണ്ടിനെ 49.5 ഓവറിൽ 305 റൺസിൽ ആൾഔട്ടാക്കിയാണ് ഇന്ത്യയുടെ പരമ്പര വിജയം. സെഞ്ച്വറി നേടിയ ഹർമൻപ്രീതിന്റേയും (102), അർദ്ധസെഞ്ച്വറി നേടിയ ജമീമ റോഡ്രിഗസന്റേയും (50),സ്മൃതി മാന്ഥന (45), ഹർലീൻ ഡിയോൾ (45),റിച്ച ഘോഷ് (38*), പ്രതിക റാവൽ (26) എന്നിവരുടേയും പോരാട്ടമികവിലാണ് ഇന്ത്യ 318ലെത്തിയത്.
ക്യാപ്ടൻ നാറ്റ് ഷീവർബ്രണ്ട് (98), എമ്മ ലാംബ് (68), ആലിസ് ഡാവ്സൺ (44) എന്നിവരുടെ ചെറുത്തുനിൽപ്പിനെ അതിജീവിച്ചാണ് ഇന്ത്യ വിജയം കണ്ടത്. 9.5 ഓവറിൽ ഒരു മെയ്ഡനടക്കം 52 റൺസ് വഴങ്ങി ആറുവിക്കറ്റ് വീഴ്ത്തിയ പേസർ ക്രാന്തി ഗൗഡാണ് ഇംഗ്ളണ്ടിനെ അരിഞ്ഞിട്ടത്. ഏകദിനത്തിൽ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യക്കാരിയാണ് 22കാരിയായ ക്രാന്തി. മദ്ധ്യപ്രദേശുകാരിയായ ക്രാന്തിയുടെ നാലാമത്തെ മാത്രം ഏകദിനമായിരുന്നു ഇത്.
ഹർമൻപ്രീത് കൗറാണ് മാൻ ഒഫ് ദ മാച്ചും മാൻ ഒഫ് ദ സിരീസും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |