സർക്കാർ നിർദ്ദേശത്തിന് വിരുദ്ധമായി ഡെസ്‌ക് ടോപ്പുകൾ വാങ്ങി നൽകി
തിരുവനന്തപുരം: കോർപ്പറേഷൻ പരിധിയിലെ സ്‌കൂളുകളിൽ ലാപ്‌ടോപ്പും,കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങളും വാങ്ങി നൽകുന്ന പദ്ധതിയിൽ വൻവെട്ടിപ്പ് കണ്ടെത്തി.വിജിലൻസ് ഇന്നലെ പകൽ മുഴുവൻ കോർപറേഷൻ ആസ്ഥാനത്ത് നടത്തിയ പരിശോധനയിലാണ് വൻവെട്ടിപ്പ് പുറത്തായത്.
2022 - 23, 2023 -24 സാമ്പത്തിക വർഷങ്ങളിലാണ് കോർപ്പറേഷൻ പദ്ധതി നടപ്പിലാക്കിയത്.
വികസന ഫണ്ടിൽ നിന്ന് 1.35 കോടി രൂപയാണ് ചെലവഴിച്ചത്.
എന്നാൽ ടെൻഡർ നടപടിക്രമങ്ങൾ പൂർണമായി പാലിച്ചില്ലെന്ന് പരിശോധനയിൽ കണ്ടെത്തി.ലാപ് ടോപ്പ്, ഡെസ്‌ക് ടോപ്പ് എന്നിവയുടെ സ്‌പെസിഫിക്കേഷനുകൾ,വാറണ്ടി എന്നിവയും, ഉപകരണങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന ക്വാളിറ്റി ചെക്ക് ചെയ്തതിന്റെ വിവരങ്ങളും സൂക്ഷിച്ചിട്ടില്ല. സാധനങ്ങൾ സ്‌കൂളുകളിൽ വിതരണം ചെയ്തതിന്റെ ഡെലിവറി ചെല്ലാനും ക്വാട്ടേഷൻ അംഗീകരിച്ച സ്ഥാപനങ്ങളുടെ ജി.എസ്.ടി രജിസ്‌ട്രേഷൻ സംബന്ധിച്ച രേഖകളും പരിശോധനയിൽ കണ്ടെത്താനായില്ല. സർക്കാർ സ്‌കൂളുകൾക്ക് ഡെസ്‌ക് ടോപ് കമ്പ്യൂട്ടറുകൾക്ക് പകരം ലാപ് ടോപ് വാങ്ങി നൽകണമെന്ന സർക്കാർ നിർദ്ദേശത്തിന് വിരുദ്ധമായി ഡെസ്‌ക് ടോപ്പുകൾ വാങ്ങി നൽകിയിരിക്കുന്നതായും വിജിലൻസ് കണ്ടെത്തി. കോർപ്പറേഷനിലെ ജനകീയാസൂത്രണ വിഭാഗത്തിൽ ഇന്നലെ രാവിലെ 11.10ന് ആരംഭിച്ച പരിശോധന വൈകിട്ട് 5.30വരെ നീണ്ടു. വിശദമായ പരിശോധന തുടരുമെന്നും വിജിലൻസ് അറിയിച്ചു.
നഷ്ടം 20.12 ലക്ഷം
ലാപ്‌ടോപ്പുകൾക്ക് പകരം 244 ഡെസ്‌ക്ടോപ്പുകളും,193 യു.പി.എസും വാങ്ങി നൽകിയതിലൂടെ കോർപറേഷന് 20.12ലക്ഷം രൂപ നഷ്ടം സംഭവിച്ചെന്നാണ് വിജിലൻസിന് മുന്നിലുള്ള പരാതി.
യു.പി.എസുകൾ വിതരണം ചെയ്ത സ്വകാര്യ സ്ഥാപനങ്ങൾക്ക് എഗ്രിമെന്റ് നടന്ന സമയത്ത് ജി.എസ്.ടി രജിസ്‌ട്രേഷനില്ലാതിരുന്നതും, 92,973 രൂപ ജി.എസ്.ടി നൽകിയതിലൂടെ ഇതും നഷ്ടമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |