വിതുര: തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക്, ഇരുത്തലമൂല, ഇരപ്പിൽ,ആനപ്പെട്ടി,പുളിമൂട് മേഖലയിലും, വിതുര തൊളിക്കോട് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ചാരുപാറ, പേരയത്തുപാറ, ചേന്നൻപാറ മേഖലയിലും തെരുവ്നായശല്യം രൂക്ഷമാകുന്നതായി പരാതി. അനവധി തവണ പരാതികൾ നൽകിയിട്ടും നടപടികളില്ല. വഴിയാത്രികർ സൂക്ഷിച്ചുനടന്നില്ലെങ്കിൽ ഏതുസമയവും നായകൾ ചാടിവീഴാം. പേവിഷബാധയുള്ള നായകൾവരെ അലഞ്ഞുതിരിഞ്ഞുനടക്കുന്നത് ദൃശ്യമാണ്.
തൊളിക്കോട് വിതുര പഞ്ചായത്തുകളിലായി അനവധി പേർ നായകളുടെ ആക്രമണത്തിന് വിധേയരായിട്ടുണ്ട്. മിക്ക ജംഗ്ഷനുകളിലും രാത്രിയിൽ ബസിറങ്ങുന്നവരെ നായകൾ കടിച്ചുകുടഞ്ഞിട്ടുണ്ട്.
പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയോരങ്ങളും തെരുവ്നായകൾ നിറഞ്ഞിരിക്കുകയാണ്. പാതയോരങ്ങളിൽ വലിച്ചെറിയുന്ന മാലിന്യം തിന്ന് നായകൾ പെറ്റുപെരുകുകയാണ്. പൗൾട്രിഫാമുകളിലും അതിക്രമിച്ചുകയറി കോഴികളെ കൊന്നൊടുക്കിയ സംഭവമുണ്ട്. നായകളുടെ എണ്ണം ക്രമാതീതമായി ഉയർന്നിട്ടും നടപടികൾ സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. നായശല്യത്തിന് പുറമേ ചാരുപാറ, പേരയത്തുപാറ മേഖലയിൽ സാമൂഹികവിരുദ്ധശല്യവും, മോഷണവും വർദ്ധിച്ചിട്ടുണ്ട്. മേഖലയിൽ സി.സി.ടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
നായ്ക്കളെ കൊണ്ടിറക്കി
കഴിഞ്ഞദിവസം രാത്രിയിൽ ചാരുപാറ, പേരയത്തുപാറ മേഖലയിലെ വിജനമായ പ്രദേശത്ത് തെരുവ്നായ്ക്കളെ കൊണ്ടിറക്കിവിട്ടതായി നാട്ടുകാർ പരാതിപ്പെട്ടു. നായ്ക്കൾ വീടുകളിൽ കയറി ആക്രമണം നടത്തുന്നുണ്ട്. മാത്രമല്ല കോഴികളേയും പിടികൂടി തിന്നുന്നുണ്ട്.തെരുവ്നായശല്യം മൂലം പൊൻമുടിയിലെത്തുന്ന വിനോദസഞ്ചാരികളും ബുദ്ധിമുട്ടുന്നുണ്ട്.
വിദ്യാർത്ഥികൾ ബുദ്ധിമുട്ടിൽ
നയ്ക്കളുടെ ശല്യത്തിൽ വിദ്യാർത്ഥികളും ബുദ്ധിമുട്ടിലാണ്. ചാരുപാറയിൽ പ്രവർത്തിക്കുന്ന എം.ജി.എം പൊൻമുടിവാലി പബ്ലിക്സ്കൂളിലെ വിദ്യാർത്ഥികളാണ് ഏറെ വലയുന്നത്. ധാരാളം വിദ്യാർത്ഥികൾ ചാരുപാറ റോഡിലൂടെ നടന്ന് സ്കൂളിലെത്തുന്നുണ്ട്. ഇതിന്പുറമേ വിതുര,തൊളിക്കോട് മേഖലയിലെമറ്റ് സ്കൂളുകളിലും എത്തുവാൻ ധാരാളം വിദ്യാർത്ഥികൾ ചാരുപാറ റോഡിലൂടെ സഞ്ചരിക്കുന്നവരാണ്. ചാരുപാറ പ്രദേശത്ത് മാലിന്യനിക്ഷേപം രൂക്ഷമാണ്.മാലിന്യം കഴിക്കുവാൻ നായകൾ കൂട്ടത്തോടെ മേഖലയിൽ എത്തുന്നതിനാൽ വഴിപോക്കരെയും ഇവ ആക്രമിക്കാറുണ്ട്.ഇത് സംബന്ധിച്ച് അനവധി പരാതികൾ നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചില്ല.
ചാരുപാറ മേഖലയിൽ വർദ്ധിച്ചുവരുന്ന തെരുവ്നായ ശല്യത്തിന് പരിഹാരം കാണണം. വർദ്ധിച്ചുവരുന്ന മാലിന്യനിക്ഷേപത്തിന് തടയിടണം. പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടണം. പൊലീസ് പട്രോളിംഗ് ശക്തിപ്പെടുത്തണം.
വിതുര എം.ജി.എം പൊൻമുടിവാലി പബ്ലിക് സ്കൂൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |