പാലോട്: വാമനപുരം നദിയിലെ ചെല്ലഞ്ചിയാറ് നിശബ്ദ മരണത്തിന്റെ കേന്ദ്രമാകുന്നു. ഒടുവിൽ മുങ്ങിമരിച്ചത് എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥി മഹാദേവാണ്. രണ്ടു സുഹൃത്തുക്കളുമൊത്ത് കുളിക്കാനിറങ്ങി നിമിഷങ്ങൾക്കകം കയത്തിൽ അകപ്പെടുകയായിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് ഇവിടെ പുല്ലമ്പാറ വില്ലേജ് അസി.സജിയും മുങ്ങിമരിച്ചിരുന്നു. മകനുമൊത്ത് നീന്തൽ പരിശീലനത്തിനെത്തിയതായിരുന്നു. മകനെ നാട്ടുകാർ രക്ഷപ്പെടുത്തി. വർഷങ്ങൾക്ക് മുൻപ് വിവാഹത്തിൽ പങ്കെടുക്കാനെത്തിയവർ സഞ്ചരിച്ച വള്ളം മറിഞ്ഞ് മൂന്നു പേർ മരിച്ചിരുന്നു. ചെല്ലഞ്ചിപ്പാലം നിർമ്മാണത്തിനെത്തിയ തൊഴിലാളിയും ഈ ആറ്റിലാണ് വീണു മരിച്ചത്.
സൂചനാ ബോർഡുകളില്ല
ചെല്ലഞ്ചിയാറ്റിൽ അപകടകരമായ കയങ്ങൾ നിരവധിയുണ്ടെങ്കിലും പുതുതായി എത്തുന്നവർക്ക് ഇതറിയാൻ സൂചനാബോർഡുകൾ സ്ഥാപിച്ചിട്ടില്ല. അടുത്തിടെ കുളിക്കാനെത്തിയ രണ്ടു യുവാക്കൾ ഒഴുക്കിൽപ്പെട്ടപ്പോൾ നാട്ടുകാരാണ് ഇവരെ രക്ഷപെടുത്തിയത്. പാലം കാണാനും കുളിക്കാനുമാണ് ആളുകൾ ഇവിടെയെത്തുന്നത്. സമീപത്തുതന്നെയുള്ള മീൻമുട്ടി ഡാമിന്റെ ഷട്ടറുകൾ ഉയർത്തുന്ന സമയത്ത് ആറ്റിലെ ജലനിരപ്പ് കൂടും. ഒരു മണിക്കൂറോളം ഇത് തുടരും. ഇതറിയാതെ എത്തുന്നവരാണ് അപകടത്തിൽപ്പെടുന്നതും മരണപ്പെടുന്നതും. കുടുംബസമേതം ചെല്ലഞ്ചിയിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഇവരിൽ പലരും അപകടത്തിൽപ്പെടുന്നത് പതിവാണ്.
ന്യൂജെൻ ബൈക്ക് റേസിംഗ്
അപകടമുണ്ടാക്കുന്നു.
ചെല്ലഞ്ചി പാലത്തിൽ ബൈക്ക് റേസിംഗിനെത്തുന്ന യുവാക്കൾ ഭീഷണിയാകുന്നു. മദ്യപിച്ചുകൊണ്ടുള്ള ബൈക്ക് റേസിംഗിനിടയിൽ നിരവധി അപകടങ്ങളാണ് ഇവിടെയുണ്ടാകുന്നത്. അവധി ദിവസങ്ങളിൽ കല്ലറ, പാങ്ങോട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും നിരവധി യുവാക്കളാണ് ന്യൂജെൻ ബൈക്കുകളുമായി എത്തുന്നത്. പാലത്തിനടിയിൽ തമ്പടിച്ച് മദ്യപിച്ചതി ശേഷമാണ് ഇവരുടെ അഭ്യാസപ്രകടനങ്ങൾ. 150 അടി പൊക്കമുള്ള പാലത്തിന്റെ ചെറിയ കൈവരികളിലൂടെ നടന്നുള്ള പ്രകടനങ്ങളുമുണ്ട്.
നടപടിയെടുക്കണം
ചെല്ലഞ്ചി പാലത്തിൽ അവധി ദിവസങ്ങളിൽ ധാരാളം പേർ സായാഹ്നം ചെലവഴിക്കാൻ കുടുംബസമേതം എത്താറുണ്ട്. പാലത്തിലൂടെയുള്ള ബൈക്ക് റേസിംഗും മദ്യപാനവും അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പാലോട്, പാങ്ങോട് പൊലീസ് സ്റ്റേഷനുകളുടെ അതിർത്തിയായാണ് ചെല്ലഞ്ചി പാലം സ്ഥിതി ചെയ്യുന്നത്. ഇത് പലപ്പോഴും പൊലീസ് സേവനം ലഭിക്കുന്നതിന് തടസ്സമാകാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |