വെഞ്ഞാറമൂട്: ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ വെള്ളാണിക്കൽ പാറയ്ക്ക് പറയാനുള്ളത് അവഗണനയുടെ കഥ മാത്രം. ദിനംപ്രതി നൂറുകണക്കിന് വിനോദസഞ്ചാരികളെത്തുന്ന ഇവിടെ ഇപ്പോൾ, സാമൂഹ്യവിരുദ്ധരുടെ താവളമായിക്കൊണ്ടിരിക്കയാണ്.
പ്രദേശത്ത് നടപ്പാത,തെരുവ് വിളക്കുകൾ എന്നിവ സ്ഥാപിച്ചതൊഴിച്ചാൽ സഞ്ചാരികൾക്ക് വേണ്ട മറ്റ് സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ല. ആവശ്യത്തിന് വിളക്കുകളില്ലാത്തതിനാലും,സാമൂഹ്യവിരുദ്ധശല്യം പേടിച്ചും സൂര്യാസ്തമയം കാണാൻ എത്തുന്നവരും നേരത്തെ പോകുന്ന അവസ്ഥയാണ്.
സന്ധ്യാസമയം കഴിഞ്ഞാൽ പ്രദേശം സാമൂഹ്യവിരുദ്ധരുടെയും ലഹരി സംഘങ്ങളുടെയും താവളമാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. മദ്യലഹരിയിൽ പാറയുടെ ഭാഗത്ത് കുറ്റിക്കാട്ടിലും പുൽപ്രദേശത്തും തീയിടുകയും മദ്യക്കുപ്പി അടിച്ച് പൊട്ടിച്ചിടുന്നതും പതിവാണ്. ഇത്തരക്കാരുടെ ശല്യം ഒഴിവാക്കാൻ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും,ഇവിടെ ഒരു സെക്യൂരിറ്റിയെ നിയോഗിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
പ്രഖ്യാപനം
2015ലാണ് മാണിക്കൽ,പോത്തൻകോട് അതിർത്തി പങ്കിടുന്ന വെള്ളാണിക്കൽ പാറമുകളിനെ വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചത്.
ക്ഷേത്രങ്ങളും
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 500 അടി ഉയരത്തിൽ 23 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പ്രദേശമാണ് വെള്ളാണിക്കൽപ്പാറ.ആദിവാസി വിഭാഗമായ കാണിക്കാർ പൂജ ചെയ്യുന്ന ജില്ലയിലെ അപൂർവം ക്ഷേത്രങ്ങളിലൊന്നായ വെള്ളാണിക്കൽ ഭഗവതി ക്ഷേത്രവും പാറമുകൾ ആയിരവല്ലി ക്ഷേത്രവും ഇവിടെയുണ്ട്.
കാണാൻ
തെക്കുപടിഞ്ഞാറ് വശത്ത് നഗരക്കാഴ്ചകളും പടിഞ്ഞാറ് വശത്ത് അറബിക്കടലും കിഴക്ക് പൊന്മുടിയും അഗസ്ത്യാർകൂടവും ഉൾപ്പെടുന്ന സഹ്യപർവത മലനിരകളും കാണാൻ സാധിക്കുമെന്ന പ്രത്യേകതയും വെള്ളാണിക്കൽ പാറയ്ക്കുണ്ട്.
നശിപ്പിക്കാൻ
കുറെയെണ്ണം
25 ലക്ഷം രൂപ മുടക്കി 42 ഓളം എൽ.ഇ.ഡി വിളക്കുകൾ സ്ഥാപിച്ചതിൽ ഭൂരിഭാഗവും സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു.പൊലീസ് പരിശോധനയോ കാവൽക്കാരോ ഇല്ലാത്തതാണ് സാമൂഹ്യവിരുദ്ധ ശല്യത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |