കിളിമാനൂർ: ഓണംസീസൺ തുടങ്ങുന്നതേയുള്ളൂ, ഇപ്പോഴേ സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി ഗ്രാമീൺ ടൂറിസം മേഖല. കഴിഞ്ഞ വർഷം മഴയും പ്രളയവും ഒക്കെയായി സീസൺ മുടക്കിയെങ്കിലും ഈ വർഷം ടൂറിസം കേന്ദ്രങ്ങൾക്ക് പുത്തൻ ഉണർവാണ് നൽകുന്നത്. കണ്ണിനും മനസിനും കുളിർമയേകുന്ന പല ടൂറിസം മേഖലകളും നമ്മുടെ ഗ്രാമീണമേഖലയിലുണ്ട്. ഇതിൽ ചിലതാണ് കടലുകാണിപ്പാറ, മീൻമുട്ടി, കിളിമാനൂർ കൊട്ടാരം,രവിവർമ്മ സാംസ്കാരിക നിലയം, ജഡായു എർത്ത് സെന്റർ, വെള്ളാണിക്കൽ പാറ, തമ്പുരാൻ തമ്പുരാട്ടിപ്പാറ തുടങ്ങിയവ. സ്വയം സുരക്ഷ ഉറപ്പുവരുത്തി പ്രകൃതിയെ തൊട്ടറിഞ്ഞുള്ള ഇത്രയും മനോഹരമായ കാഴ്ചകൾ മറ്റൊങ്ങുമുണ്ടാവില്ല.
കടലുകാണിപ്പാറ:- കാരേറ്റുനിന്ന് 5 കിലോമീറ്റർ സഞ്ചരിച്ചാൽ പുളിമാത്ത് പഞ്ചായത്തിലെ താളിക്കുഴിക്ക് സമീപുള്ള കടലുകാണിപ്പാറയിലെത്താം. കിഴക്ക് സഹ്യാദ്രിക്കും പടിഞ്ഞാറ് അറബിക്കടലിനും അഭിമുഖമായി ആനയുടെ ആകൃതിയിൽ പരസ്പരം തൊടാത്ത ആറ് കൂറ്റൻ പാറകളാണ് കടലുകാണിപ്പാറ. ഇവിടെ പാറയിൽ നിന്ന് 50 അടി താഴ്ചയിൽ ഒരു ഗുഹാക്ഷേത്രം, ഇവിടെ നൂറ്റാണ്ടുകൾക്കപ്പുറം സന്യാസിമാർ തപസനുഷ്ഠിച്ചിട്ടുണ്ടെന്ന് ഐതിഹ്യം.
മീൻമുട്ടി: കിളിമാനൂരിൽ നിന്ന് ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ കുമ്മിൾ, പഴയകുന്നുമ്മൽ പഞ്ചായത്തുകൾക്ക് അതിരുകളിൽ ഇരുന്നൂടി എന്ന ഗ്രാമത്തിലാണ് മീൻമുട്ടി. ശുദ്ധമായ കാട്ടരുവി ഇവിടെ പാറക്കെടുകൾക്ക് മുകളിലൂടെ 50 അടിയോളം താഴ്ചയിലേക്ക് പതിക്കുന്ന മനോഹര ദൃശ്യം. വെള്ളച്ചാട്ടത്തിന് താഴെ മീനുകൾ പാറകളിൽ മുട്ടിയുരുമ്മി നിൽക്കുന്ന കാഴ്ചയും ഇവിടെ കാണാം.
കിളിമാനൂർ കൊട്ടാരം, രവിവർമ്മ സാംസ്കാരിക നിലയം: വിശ്വ ചിത്രകാരൻ രാജാരവിവർമ്മയുടെ ജന്മഗൃഹമായ കിളിമാനൂർ കൊട്ടാരം തേടിയും അദ്ദേഹത്തെ അറിയാനും ചിത്രങ്ങൾ കാണാനും നിരവധി പേരാണ് എത്തുന്നത്. അദ്ദേഹത്തിന്റെ ചിത്രങ്ങളും ഓർമ്മകളും നിലനിറുത്തുന്ന സാംസ്കാരിക നിലയവും ഇവിടുണ്ട്.
ജഡായു എർത്ത് സെന്റർ: ഐതിഹ്യങ്ങൾ നിറഞ്ഞ ജഡായു പാറ. തിരുവനന്തപുരം -കൊല്ലം ജില്ലാതിർത്തിയിൽ സമുദ്ര നിരപ്പിൽ നിന്നും 750 അടി ഉയരത്തിലും 250 അടി നീളത്തിലും 200 അടി വീതിയിലും ആയിരം കോടി ചെലവിൽ നൂറ്ഏക്കറിൽ പുരാണവും ഐതിഹ്യവും സാഹസിക വിനോദവും ഹെൽത്ത് ടൂറിസവും പിൽഗ്രിം ടൂറിസവുമൊക്കെയായി സംസ്ഥാനത്ത് ആരംഭിച്ച ആദ്യ ഹെലികോപ്ടർ ടൂറിസം പദ്ധതി.
വെള്ളാണിക്കൽ പാറ:- വെഞ്ഞാറമൂട് മാണിക്കൽ പോത്തൻകോട് പഞ്ചായത്തുകളിലായി കിഴക്ക് സഹ്യാദ്രിക്കും പടിഞ്ഞാറ് അറബിക്കടലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന വെള്ളാണിക്കൽ പാറയ്ക്ക് ഏറെ ഐതിഹ്യങ്ങളുടെ കഥയും പറയാനുണ്ട്. സമീപത്തായി ഗോത്രവർഗ്ഗക്കാർ ആരാധന നടത്തുന്ന ആയിരവല്ലി ക്ഷേത്രം. ഇവിടെനിന്ന് വേങ്കമല ക്ഷേത്രവുമായി ബന്ധിപ്പിക്കുന്ന 14 കിലോമീറ്റർ ഗുഹ പാതയുമുണ്ട്.
തമ്പുരാൻ തമ്പുരാട്ടിപ്പാറ: അല്പം ട്രക്കിംഗും ആയാസകരമായ നടത്തവും ഇഷ്ടപ്പെടുന്നവർക്ക് തമ്പുരാൻ പാറയിലേക്ക് പോകാം. ചെങ്കുത്തായ കുന്ന് കടന്ന്, 200 ഓളം പടികൾ കയറി ചെല്ലുമ്പോൾ കാഴ്ചയുടെ സ്വർഗ്ഗം. തിരുമുറ്റംപാറ മുത്തിപ്പാറ എന്നീ അംഗരക്ഷകന്മാരെയും തമ്പുരാട്ടി പാറയും കടന്നുവേണം തമ്പുരാൻ പാറയിലെത്താൻ. പാറയുടെ മുകളിലായി ശിവക്ഷേത്രവും അതിനു മുകളിലായി ഇരുപതടിയോളം ഉയരമുള്ള ഗണപതി വിഗ്രഹവും. പാറയ്ക്ക് മുകളിലെത്തിയാൽ തിരുവനന്തപുരം, കഴക്കൂട്ടം നഗരങ്ങളും കടലും കാണാം. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 700 മീറ്ററോളം ഉയരത്തിൽ 15 ഓളം വിസ്തൃതിയിലാണ് പാറകൾ സ്ഥിതിചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |