കോവളം: കല്ലമ്പലത്തെ വൻ എം.ഡി.എം.ഐ വേട്ടയ്ക്ക് ശേഷം തലസ്ഥാനത്ത് വീണ്ടും വൻ ലഹരി വേട്ട.
കോവളത്ത് കാറിൽ കടത്തി കൊണ്ടുവന്ന എം.ഡി.എം.എയും ഹൈബ്രിഡ് കഞ്ചാവുമായി നാലംഗ സംഘം അറസ്റ്റിൽ.അരക്കിലോ എം.ഡി.എം.എയും എട്ട് ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് യുവതിയടക്കമുള്ള വൻ സംഘത്തെ സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്.
വട്ടിയൂർക്കാവ് ഐ.എ.എസ് കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന മേലാറന്നൂർ സ്വദേശി ശ്യാം മോഹൻ (35),ഭാര്യ രശ്മി(31),ആര്യനാട് കടുവാക്കുഴി കുരിശടിയിൽ നൗഫൽ മൻസിലിൽ മുഹമ്മദ് നൗഫൽ(24),രാജാജി നഗർ ഫ്ലാറ്റ് നമ്പർ 219ൽ താമസിക്കുന്ന സഞ്ജയ് (26) എന്നിവരാണ് അറസ്റ്റിലായത്.
കൊല്ലത്തു നിന്ന് വാടകയ്ക്ക് എടുത്ത കാറിലായിരുന്നു സംഘം മയക്കുമരുന്ന് കടത്തിയത്. ബംഗളൂരുവിൽ നിന്ന് ദമ്പതികൾ മയക്കുമരുന്ന് വാങ്ങിയശേഷം തമിഴ്‌നാട്ടിലെത്തി. അവിടെ കാറുമായെത്തി സുഹൃത്തുക്കളായ മുഹമ്മദ് നൗഫലും,സഞ്ജയും ഇവരെ കൂട്ടിക്കൊണ്ടുവരികയായിരുന്നു.
കാറിൽ സംഘം മയക്കുമരുന്ന് കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് സംഘം കോവളത്തുവച്ച് കാർ തടഞ്ഞ് പരിശോധിക്കുകയായിരുന്നു. പിടികൂടിയ എം.ഡി.എം.എയ്ക്ക് വിപണിയിൽ 25 ലക്ഷത്തോളവും, ഹൈബ്രിഡ് കഞ്ചാവ് ഗ്രാമിന് 8000ത്തിലേറെയും വില വരുമെന്ന് പൊലീസ് പറഞ്ഞു.
വാഹനത്തിൽ ഇവരെ കൂടാതെ കൈക്കുഞ്ഞടക്കം മൂന്ന് കുട്ടികളുമുണ്ടായിരുന്നു. ഇതിൽ കൈക്കുഞ്ഞുമായാണ് മുൻസീറ്റിൽ രശ്മി യാത്ര ചെയ്തത്. ഇവരുടെ കൈയിലുണ്ടായിരുന്ന ലേഡീസ് ബാഗിൽ നിന്നാണ് ലഹരിമരുന്ന് ശേഖരം കണ്ടെടുത്തത്. ബംഗളൂരുവിൽ നിന്ന് സ്ഥിരമായി സംഘം മയക്കുമരുന്ന് കൊണ്ടുവന്നിരുന്നതായാണ് പൊലീസ് പറയുന്നത്.
പിടിയിലായ ശ്യാമിനും സഞ്ജയ്ക്കും മുൻപും സമാന കേസുകളുള്ളതായി പൊലീസ് പറഞ്ഞു.പിടികൂടിയ പ്രതികളെയും തൊണ്ടിമുതലും കോവളം പൊലീസിന് കൈമാറി.കോവളം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |