തിരുവനന്തപുരം: നഗരസഭയുടെ എസ്.സി/എസ്.ടി,ബി.പി.എൽ വിഭാഗങ്ങളിലെ വനിതകൾക്ക് സംരംഭകത്വം തുടങ്ങുന്നതിനായി സബ്സിഡി ലോൺ വിതരണം ചെയ്‌തതിലെ തട്ടിപ്പിൽ 14 പേരെ വിജിലൻസ് അറസ്റ്റുചെയ്തു. 2 കേസുകളിലാണ് നടപടി. കോർപ്പറേഷനിൽ ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർമാരായിരുന്ന കാഞ്ഞിരംകുളം സ്വദേശി പ്രവീൺരാജ്,ബാലരാമപുരം സ്വദേശി ഷെഫിൻ.എം.ബി,പട്ടം സർവീസ് കോപ്പറേറ്റീവ് ബാങ്ക് മാനേജർ സോണി എന്നിവരുൾപ്പെടെ അറസ്റ്റിലായിട്ടുണ്ട്.
നഗരസഭയുടെ 2020-21 സാമ്പത്തിക വർഷത്തിൽ എസ്.സി/എസ്.ടി വിഭാഗത്തിലെ വനിതകൾക്കും 2021-22 സാമ്പത്തിക വർഷത്തിൽ ബി.പി.എൽ വിഭാഗത്തിലെ വനിതകൾക്കും സംരംഭകത്വം തുടങ്ങുന്നതിനായി സബ്സിഡി ലോൺ വിതരണം ചെയ്‌തതിലാണ് അഴിമതി കണ്ടെത്തിയത്. എസ്.സി/എസ്.ടി വിഭാഗത്തിന് 1.26കോടി രൂപയും ബി.പി.എൽ വിഭാഗത്തിന് 1.14കോടി രൂപയും സബ്സിഡി ലോണായി അനുവദിച്ചിരുന്നു. എന്നാൽ മാനദണ്ഡങ്ങൾ പാലിക്കാതെ കൗൺസിൽ അംഗീകരിച്ച ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെടാത്ത വ്യക്തികൾക്ക് മാർഗരേഖകൾ ലംഘിച്ച് സബ്സിഡി അനുവദിച്ചു. രേഖകൾ ഓഫീസിൽ നിന്നും മാറ്റി തെളിവുകൾ നശിപ്പിക്കുകയും ചെയ്തു. പട്ടം സർവീസ് സഹകരണ ബാങ്കുവഴി ഇടനിലക്കാരിയായ സിന്ധുവിന്റെ അശ്വതി സപ്ലൈയേഴ്സ് എന്ന വ്യാജ സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കും അവിടന്ന് മറ്റ് ഇടനിലക്കാരുടെ അക്കൗണ്ടുകളിലേക്കും തുകകൾ മാറ്റിയായിരുന്നു അഴിമതി.
മേയർ മ്യൂസിയം സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസെടുത്തിരുന്നു. പ്രവീൺരാജ്,എസ്.സി/എസ്.ടി പ്രൊമോട്ടറായിരുന്ന സിന്ധു,സഹായി അജിത എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് വിജിലൻസിന് കൈമാറിയ ഈ കേസിലാണ് സോണി,ഇടനിലക്കാരായിരുന്ന മണക്കാട് സ്വദേശി ശ്രീകുമാർ,കഴക്കൂട്ടം സ്വദേശിയായ സുരേഷ് ബാബു,കോവളം സ്വദേശി അനിരുദ്ധൻ,തിരുവല്ലം സ്വദേശി ബിന്ദു,ബാലരാമപുരം സ്വദേശി അശ്വതി,മുട്ടയ്ക്കാട് സ്വദേശി അശ്വതി,വഞ്ചിയൂർ സ്വദേശി മോനിശേഖർ,ബാലരാമപുരം സ്വദേശി ഷിബിൻ,കല്ലിയൂർ സ്വദേശി വിഷ്ണു എന്നിവരെ ഇന്നലെ അറസ്റ്റുചെയ്തത്.
ബി.പി.എൽ വനിതകളുടെ വായ്പയിൽ ക്രമക്കേട് കാട്ടിയതിന് കോർപ്പറേഷനിൽ ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർമാരായിരുന്ന ഷെഫിൻ.എം.ബി, പ്രവീൺരാജ് എന്നിവരെ പ്രതികളാക്കി കേസെടുത്തിരുന്നു. ഇതിലാണ് ഇരുവരെയും ഇടനിലക്കാരായിരുന്ന മൂന്നാറ്റ്മുക്ക് സ്വദേശി സിന്ധു,പൂങ്കുളം സ്വദേശിയായ അജിത എന്നിവരെയും പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |