പാലോട്: വനംവകുപ്പ് പിടിച്ചെടുത്ത മാലിന്യം, അനധികൃത പന്നിഫാം ഉടമയ്ക്ക് തിരികെ നൽകി കൈക്കൂലി വാങ്ങിയ രണ്ട് വനംവകുപ്പ് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. പാലോട് റെയ്ഞ്ചിലെ ഭരതന്നൂർ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എസ്.ആർ.ഷാനവാസ്,കരാർ ജീവനക്കാരൻ ബൈജു എന്നിവരെയാണ് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സസ്‌പെൻഡ് ചെയ്തത്.
കാഞ്ചിനടയിൽ അനധികൃതമായി പ്രവർത്തിക്കുന്ന പന്നിഫാമിലേക്ക് കൊണ്ടുവന്ന 18 ബാരൽ മാലിന്യവും, ഇത് കൊണ്ടുവന്ന കണ്ടെയ്നർ ലോറിയും ഈ മാസം 14നാണ് വനംവകുപ്പ് പിടിച്ചെടുത്തത്. സംഭവത്തിൽ പനവൂർ എസ്.എൻ പുരം ശോഭനം വീട്ടിൽ സജീവ് കുമാർ(45),നേപ്പാൾ സ്വദേശി കാലിയാ ബഹാദൂർ പരിയാർ (24) എന്നിവരെ റിമാൻഡ് ചെയ്തിരുന്നു. മധു ജോൺസന്റേതായിരുന്നു അനധികൃത പന്നിഫാം.
പിടിച്ചെടുത്ത മാലിന്യം വനത്തിനുള്ളിൽ കുഴിച്ചുമൂടാൻ വനം കോടതി റെയ്ഞ്ച് ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു. റെയ്ഞ്ച് ഓഫീസർ, ഭരതന്നൂർ ബീറ്റ് ഓഫീസറായിരുന്ന എസ്.ആർ.ഷാനവാസിനെ ഇതിന് നിയോഗിച്ചു. മാലിന്യം കുഴിച്ചിടുന്നത് വീഡിയോയിൽ പകർത്താനും ആവശ്യപ്പെട്ടു.
ഷാനവാസും കരാർ ജീവനക്കാരൻ ബൈജുവും ചേർന്ന് പന്നിഫാമിന് സമീപമുള്ള വനത്തിൽ ചെറിയൊരു കുഴിയെടുത്ത് രണ്ട് ബാരൽ മാലിന്യം കുഴിച്ചിട്ടു. ഇത് മൊബൈലിൽ പകർത്തി മേലുദ്യോഗസ്ഥർക്ക് നൽകി. ശേഷിച്ച 16 ബാരൽ മാലിന്യം പന്നിഫാം ഉടമയായ മധു ജോൺസന് തിരിച്ചുനൽകി വൻ തുക കൈക്കൂലിയായി വാങ്ങുകയായിരുന്നു. സ്ഥലത്തെ സി.സി ടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വലിയ വാർത്തയായി. തുടർന്ന് വനംവകുപ്പ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. വനം വിജിലൻസ് സി.സി.എഫിനായിരുന്നു അന്വേഷണച്ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |