വർക്കല: ഇടവ പഞ്ചായത്തിൽ ഗതാഗതസൗകര്യം വർദ്ധിപ്പിച്ച് ജനങ്ങൾക്ക് സുരക്ഷിതയാത്ര ഉറപ്പാക്കാൻ ഇടവ റെയിൽവേ ഓവർബ്രിഡ്‌ജും കാപ്പിൽ റെയിൽവേ അണ്ടർപാസേജും യാഥാർത്ഥ്യമാകുന്നു. ഇടവ റെയിൽവേ ഓവർബ്രിഡ്‌ജിനായുള്ള ഭൂമി ഏറ്റെടുക്കുന്ന നടപടികൾക്കെതിരായി സ്വകാര്യവ്യക്തികൾ നൽകിയ ഹർജി ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയതോടെയാണ് വർഷങ്ങൾക്ക് മുൻപ് ആസൂത്രണം ചെയ്ത പദ്ധതി ഇപ്പോൾ യാഥാർത്ഥ്യമാകുന്നത്. എട്ട് വർഷം മുൻപാണ് ഓവർബ്രിഡ്‌ജിന് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകിയത്. 2017 മേയിൽ കിഫ്‌ബി ഫണ്ടിൽ നിന്നും 37.12 കോടി രൂപയുടെ സാമ്പത്തിക അനുമതിയും ലഭിച്ചു. ഒന്നരവർഷം കഴിഞ്ഞാണ് ഓവർബ്രിഡ്‌ജിന് റെയിൽവേയുടെ അനുമതി ലഭിച്ചത്. ഇതിനിടെ ഭൂമി ഏറ്റെടുക്കുന്നതിൽ അപാകത ഉന്നയിച്ച് ആറോളം സ്വകാര്യവ്യക്തികൾ കോടതിയെ സമീപിച്ചു. അലൈൻമെന്റിൽ മാറ്റം വേണമെന്ന ആവശ്യമുയർന്നതോടെ പദ്ധതിയിൽ വീണ്ടും കാലതാമസം നേരിട്ടു. 2019ലാണ് പുതുക്കിയ ഡി.പി.ആർ റെയിൽവേയ്ക്ക് സമർപ്പിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇടവ ഓവർബ്രിഡ്‌ജിന്റെ നിർമ്മാണോദ്ഘാടനം നടന്നത്.
നടപടികൾ അതിവേഗം
ഓവർബ്രിഡ്‌ജിനായി 69 പേരുടെ ഭൂമിയാണ് ഏറ്റെടുത്തത്. ഭൂമി വിട്ടുനൽകിയവർക്ക് സർക്കാർ നഷ്ടപരിഹാരം നൽകി സ്ഥലമേറ്റെടുത്തിട്ടുണ്ട്. കേസുമായി മുന്നോട്ടുപോയ 6 പേർക്കുള്ള പണവും സർക്കാർ കോടതിയിൽ കെട്ടിവച്ചിട്ടുണ്ട്. സുപ്രീംകോടതി ജഡ്ജ്മെന്റ് അനുസരിച്ച് ബാക്കിയുള്ള 6 വ്യക്തികളുടെയും സ്ഥലംകൂടി ഏറ്റെടുക്കുന്നത് പൂർത്തീകരിക്കും. 42 കോടിയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. 7 കോടിയോളം രൂപ സ്ഥലമേറ്റെടുക്കുന്നതിനും 35 കോടിയോളം രൂപ നിർമ്മാണ പ്രവർത്തനങ്ങൾക്കുമായാണ് വകയിരുത്തിയത്. പദ്ധതിപ്രകാരം വർക്കല - പരവൂർ റോഡിൽ ഇടവ പ്രസ്‌മുക്കിനു സമീപത്തു നിന്നാരംഭിച്ച് ഇടവ റെയിൽവേ സ്റ്റേഷൻ പള്ളിക്ക് പിന്നിൽ കാപ്പിൽ എച്ച്.എസ് റോഡിൽ അവസാനിക്കുന്ന വിധത്തിലാണ് ഓവർബ്രിഡ്‌ജിന്റെ അലൈൻമെന്റ്. സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മതിലുകളും കെട്ടിടങ്ങളും ഇതിനകം പൊളിച്ചുമാറ്റിയിട്ടുണ്ട്.
അണ്ടർപാസേജിന് 6 കോടി
15 വർഷത്തിലേറെയായി ഇടവ പഞ്ചായത്തുന്നയിക്കുന്ന പൊതു ആവശ്യമായിരുന്നു കാപ്പിൽ റെയിൽവേ അണ്ടർപാസേജ്. മാറിവരുന്ന പഞ്ചായത്ത് ഭരണസമിതികൾ ഈ ആവശ്യമുന്നയിച്ച് നിരവധി തവണ റെയിൽവേയ്ക്ക് നിവേദനങ്ങൾ നൽകിയിരുന്നു. റെയിൽവേയുടെ ആവശ്യമല്ലാത്തതിനാലും പഞ്ചായത്തിന്റെയും പൊതുജനങ്ങളുടെയും ആവശ്യമായതിനാലും അണ്ടർപാസേജിനാവശ്യമായ തുക പഞ്ചായത്തോ സംസ്ഥാനസർക്കാരോ നൽകണമെന്നാണ് റെയിൽവേ ആവശ്യപ്പെട്ടത്. 2024 ഫെബ്രുവരിയിൽ റെയിൽവേ ഡിവിഷണൽ സീനിയർ ഫിനാൻസ് മാനേജർ സദാശിവം നൽകിയ എസ്റ്റിമേറ്റിൽ 5,28,94,303 രൂപയാണ് ചെലവായി കാണിച്ചിട്ടുള്ളത്. ഭീമമായ തുക നൽകാൻ പഞ്ചായത്തിനെക്കൊണ്ട് കഴിയുമായിരുന്നില്ല. അഡ്വ.വി.ജോയി എം.എൽ.എ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതോടെയാണ് ഇക്കഴിഞ്ഞ ബഡ്ജറ്റിൽ 6 കോടി വകയിരുത്തിയത്. 4 മീറ്റർ വീതിയിലും 45മീറ്റർ നീളത്തിലും അണ്ടർപാസേജ് നിർമ്മാണം ഉടൻ ആരംഭിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |