വക്കം: ഗവ. വൊക്കേഷണൽഹയർ സെക്കൻഡറി സ്കൂളിന്റെ 125-ാ മത് വാർഷികാഘോഷത്തിന് ഇന്ന് തുടക്കമാകും. 1900ലാണ് വർക്കല സബ് ജില്ലയിലെ പ്രധാന പൊതു വിദ്യാലയമായ വക്കം ഗവ. എച്ച്.എസ്.എസ് കുടിപള്ളിക്കൂടമായി തുടങ്ങിയത്. പ്രജാ സഭ മെമ്പറായിരുന്ന കൊച്ച് പപ്പു തരകൻ സംഭാവന ചെയ്ത വസ്തുവിലാണ് വിദ്യാലയത്തിന്റെ തുടക്കം.
ശ്രീനാരായണ ഗുരുദേവൻ ഉദ്ഘാടനംചെയ്ത സ്കൂൾ 1905ൽ സർക്കാർ ഏറ്റെടുത്തതോടെ പൊട്ടച്ചൻ വിളാകം പ്രൈമറി സ്കൂളായി അറിയപ്പെട്ടു. 1961ൽ ഹൈസ്കൂളായി ഉയർത്തി. 1984 ൽ വി.എച്ച്.എസ്.ഇയും 2004ൽ ഹയർ സെക്കൻഡറിയും അനുവദിച്ചു. 2012 മുതൽ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് 100 ശതമാനം വിജയം നേടി അക്കാഡമി നിലവാരം മെച്ചപ്പെടുത്തി മികവ് പുലർത്താൻ തുടങ്ങി. ലോകബാങ്ക് സഹായത്തോടെയുള്ള സ്റ്റാർസ് പദ്ധതിയും ഈ പൊതുവിദ്യാലയത്തിന് അനുവദിച്ചു. പഠനത്തോടൊപ്പം തൊഴിൽ അധിഷ്ഠിത കോഴ്‌സ് പഠിച്ച് തൊഴിൽ സാദ്ധ്യതകൾ ഉറപ്പുവരുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. നിലവിൽ ജി.എസ്.ടി അസ്സിറ്റന്റ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്നീ കോഴ്സുകളാണ് ഈ പദ്ധതിക്ക് കീഴിൽ നടപ്പിലാക്കുന്നത്.
വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് വി.ശിവൻകുട്ടി നിർവഹിക്കും. സ്കൂളിന്റെ സുരക്ഷയും അച്ചടക്കവും ഉറപ്പുവരുത്താനായി സ്ഥാപിച്ച സി.സി.ടി.വിയുടെ ഉദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |