വിഴിഞ്ഞം: ആളില്ലാത്ത വീട് കുത്തിത്തുറന്ന് പതിനാറര പവൻ ആഭരണങ്ങളും 1ലക്ഷം രൂപയും മോഷ്ടിച്ചു. വെണ്ണിയൂർ വിൻസന്റ് വില്ലയിൽ റിട്ട.ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ഗിൽബർട്ടിന്റെ വീട്ടിലായിരുന്നു മോഷണം. സംഭവ സമയത്ത് വീട്ടിലാരും ഉണ്ടായിരുന്നില്ല.മകൻ മരിച്ചതിനെ തുടർന്ന് ഒറ്റയ്ക്കായ സഹോദരിയുടെ വീട്ടിലാണ് രാത്രി ഗിൽബർട്ടും ഭാര്യ വിമലകുമാരിയും കിടക്കുന്നത്. പതിവുപോലെ ഇന്നലെ പുലർച്ചെ അഞ്ചിന് തിരികെയെത്തിയപ്പോഴാണ് മുൻ വാതിൽ കുത്തിതുറന്ന നിലയിൽ ഗിൽബർട്ട് കണ്ടത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുനില വീടിന്റെ ബെഡ് റൂമുകളിലെ അലമാരകൾ കുത്തിത്തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു.90 പവനോളം നഷ്ടപ്പെട്ടെന്നാണ് ആദ്യം കരുതിയത്. വിവരമറിഞ്ഞ് അഞ്ചലിൽ ജോലിയുള്ള മകൻ ബെൻസൻ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് അലമാരയിലെ ഡ്രോയറിനുള്ളിലുണ്ടായിരുന്ന സ്വർണം മോഷ്ടിക്കപ്പെട്ടില്ലെന്ന് മനസിലായത്. ഡ്രോയർ പൊളിക്കാൻ കഴിയാത്തതിനാൽ ഇതിലെ സ്വർണം നഷ്ടമായില്ല. താഴത്തെ നിലയിലെ ബെഡ്റൂമിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന 6 പവൻ തൂക്കം വരുന്ന വള,ജപമോതിരം ഉൾപ്പെടെ 3 മോതിരങ്ങൾ,രണ്ടരപവന്റെ വള,3 ജോഡി കമ്മലുകൾ ഉൾപ്പെടെ പതിനാറര പവനും,ഒരു ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്. വിവരമറിഞ്ഞ് ഡി.സി.പി നകുൽ രാജേന്ദ്ര ദേശ്‌മുഖ്,ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ എൻ.ഷിബു എന്നിവർ സ്ഥലത്തെത്തി.വിരലടയാള വിദഗ്ദ്ധർ,ഫോറൻസിക് വിഭാഗം,ഡോഗ് സ്ക്വാഡ് എന്നിവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുമെന്ന് ഡി.സി.പിയും അസിസ്റ്റന്റ് കമ്മീഷണറും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |