ആറ്റിങ്ങൽ: പാലത്തിന് മുകളിൽ നിന്ന് നദിയിലേക്ക് ചാടാൻ ശ്രമിച്ച യുവാവിനെ അനുനയിപ്പിച്ച് തിരികെ കയറ്റുന്ന ആറ്റിങ്ങൽ പൊലീസിന്റെ വീഡിയോ വൈറലാകുന്നു. അയിലം പാലത്തിൽ കഴിഞ്ഞ രാത്രി എട്ടരയോടെയാണ് സംഭവം. പൊലീസ് കൺട്രോൾ റൂമിൽ നിന്നുള്ള സന്ദേശം ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ ലഭിച്ചയുടനെ എസ്.ഐ ജിഷ്ണു .എം.എസും എ.എസ്.ഐ മുരളീധരൻപിള്ളയും ജീപ്പിൽ അയിലം പാലത്തിലേക്ക് കുതിച്ചു. മിനിട്ടുകൾക്കകം സംഭവസ്ഥലത്തെത്തിയപ്പോൾ പോത്തൻകോട് സ്വദേശിയായ 21കാരൻ പാലത്തിന്റെ കൈവരിക്ക് മറുവശത്ത് നിൽക്കുകയായിരുന്നു. ജിഷ്ണുവും മുരളീധരനും നിരവധി അനുനയനീക്കങ്ങൾ നടത്തിയെങ്കിലും യുവാവ് വഴങ്ങിയില്ല. ഒടുവിൽ എന്ത് പ്രശ്നങ്ങൾക്കും പൊലീസ് ഒപ്പമുണ്ടെന്ന എസ്.ഐ ജിഷ്ണുവിന്റെ ഉറപ്പിൽ യുവാവ് തിരിച്ചുവന്നു. തുടർന്ന് പാലത്തിന്റെ നടപ്പാതയിൽ പൊലീസുകാർക്കൊപ്പമിരുത്തി വെള്ളം നൽകിയതോടെ യുവാവ് ശാന്തനായി. പ്രണയ നൈരാശ്യമാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് യുവാവിന്റെ വെളിപ്പെടുത്തൽ. ബന്ധുക്കളെ വിളിച്ചുവരുത്തി യുവാവിനെ അവർക്കൊപ്പം വിട്ടയച്ചു. എന്താവശ്യം വന്നാലും വിളിക്കാൻ മൊബൈൽ നമ്പരും നൽകിയതോടെ നിറഞ്ഞ കണ്ണുകളോടെ തനിക്കും പൊലീസാകണമെന്ന് യുവാവ് പറഞ്ഞു. പൊലീസും രക്ഷിതാക്കളും വേണ്ട സഹായം നൽകാമെന്ന ഉറപ്പും നൽകിയതോടെ യുവാവ് സന്തോഷത്തിലായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |