തിരുവനന്തപുരം: കൊല്ലങ്കോട് മുതൽ കോവളം ജംഗ്ഷൻ വരെ നീളുന്ന നിർദ്ദിഷ്ട തീരദേശ ഹൈവയുടെ ആദ്യ റീച്ചിന്റെ നിർമ്മാണം വൈകാൻ സാദ്ധ്യത. ഈ വർഷം അവസാനത്തോടെ നിർമ്മാണം ആരംഭിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും സ്ഥലമേറ്രെടുപ്പ് നടപടികൾ ഒന്നുമാകാത്തതാണ് പ്രതിസന്ധിയായത്.
പാത നിർമ്മാണത്തിനുള്ള വസ്‌തു ഏറ്റെടുക്കലിന്റെ ഭാഗമായി 11 വൺ നോട്ടിഫിക്കേഷൻ കഴിഞ്ഞ ഏപ്രിലിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതനുസരിച്ച് റവന്യു വകുപ്പിൽ നിന്നു വസ്തു,സ്ഥാപന ഉടമകൾക്ക് നോട്ടീസും വിതരണം ചെയ്‌തു. അടുത്തഘട്ടമായ 19 വൺ നോട്ടിഫിക്കേഷനും തുടർന്ന് നടത്തേണ്ട വസ്തുവില നിശ്ചയം,ഏറ്റെടുക്കൽ നടപടികളുമാണ് വൈകുന്നത്. നിലവിലുള്ള പാതകളുടെ വീതി വർദ്ധിപ്പിച്ചും ആവശ്യമുള്ളിടത്ത് പുതിയ പാതകൾ നിർമ്മിച്ചുമാണ് തീരദേശ ഹൈവേ നിർമ്മിക്കുക. ആദ്യ റീച്ചിൽ കൊല്ലങ്കോട്ടു നിന്ന് അടിമലത്തുറ വരെ ഏതാണ്ട് പുതിയ റോഡ് എന്ന നിലയ്‌ക്കാണ് നിർമ്മാണം. കോവളം ജംഗ്ഷനിൽ എൻ.എച്ച് 66ലാണ് ഒന്നാം റീച്ച് അവസാനിക്കുന്നത്. അവിടെനിന്ന് കുമരിച്ചന്ത വരെ എൻ.എച്ച് 66 തീരദേശ ഹൈവേയുടെയും ഭാഗമാകും.
സംസ്ഥാന അതിർത്തിയായ കൊല്ലങ്കോട്ട് മുതൽ കാസർകോട് വരെ നീളുന്ന പാതയുടെ ജില്ലാതിർത്തി കാപ്പിൽ വരെയാണ്. ജില്ലയിൽ നാലു റീച്ചുകളിലായി പാത നിർമ്മിക്കാനാണ് പദ്ധതി. കിഫ്ബി മുഖാന്തരം നടപ്പാക്കുന്ന പദ്ധതിക്ക് തലസ്ഥാനത്ത് ഭൂമി ഏറ്റെടുക്കലിനുള്ള ഫണ്ട് മാത്രമാണ് നിലവിൽ അനുവദിച്ചിട്ടുള്ളത്. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമ്മാണച്ചുമതല.
തിരക്കൊഴിവാക്കാൻ
മുല്ലൂരിൽ ഫ്ലൈഓവർ
വിഴിഞ്ഞത്ത് നിർദ്ദിഷ്ട ഔട്ടർറിംഗ് റോഡിനൊപ്പം കൂടി തീരദേശ ഹൈവേ ചേരും.
തീരദേശ ഹൈവേയുടെ ഭാഗമായി വിഴിഞ്ഞം മുല്ലൂർ കലുങ്കുനടയിൽ ഫ്ലൈഓവർ നിർമ്മിക്കും.
ഇവിടെ തുറമുഖത്തു നിന്നുള്ള റോഡ് വിഴിഞ്ഞം-പൂവാർ റോഡിനെ മുറിച്ചാണ് കടന്നുപോകുന്നത്.
ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഫ്ലൈഓവർ നിർമ്മിക്കുന്നത്.
ചൊവ്വര,വിഴിഞ്ഞം ജംഗ്ഷനുകൾ റൗണ്ട് എബൗട്ടുകളായി വികസിപ്പിക്കും.
പാതയുടെ വീതി 14 മീറ്റർ. രണ്ടര മീറ്റർ സൈക്കിൾ ട്രാക്കും ഇരുവശത്തും നടപ്പാതയും.
ഭൂമി ഏറ്റെടുക്കലിന് പ്രത്യേക പാക്കേജ്
തീരപ്രദേശത്തെ ആവാസവ്യവസ്ഥയും പാരിസ്ഥിതികവും സാമ്പത്തികവും സാമൂഹ്യവുമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഭൂമി ഏറ്രെടുക്കാൻ പ്രത്യേക പാക്കേജാണ് തയ്യാറാക്കിയിരിക്കുന്നത്. ഉടമസ്ഥാവകാശ രേഖ ഇല്ലാത്തവരേയും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |