കടയ്ക്കാവൂർ: ചരിത്രപ്രാധാന്യവും കയർ ഗ്രാമവുമായ വക്കത്ത് ഫ്ലൈ ഓവറിന്റെ ആവശ്യകതയേറുന്നു. തീരദേശ പഞ്ചായത്തുകളായ വക്കം, കടയ്ക്കാവൂർ, വെട്ടൂർ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് ഏറെ കാലമായുള്ള ദുരിതമാണ് വക്കം തോപ്പിക്കവിളാകം റെയിൽവേ ഗേറ്റ്. ഇവിടെ ഗേറ്റ് അടച്ചിടുന്നതിനാൽ ജനങ്ങൾ മണിക്കൂറുകളോളം കാത്ത് കിടക്കേണ്ട അവസ്ഥയാണ്. കൂടാതെ ഗതാഗതക്കുരുക്കും രൂക്ഷമാണ്. വക്കത്ത് പ്രധാനമായും രണ്ട് റെയിൽവേ ഗേറ്റുകളാണുളളത്. ചിലസമയങ്ങളിൽ ഏതെങ്കിലും ഒരുഗേറ്റ് പണിമുടക്കുകകൂടി ചെയ്താൽ കുരുക്ക് രൂക്ഷമാകും. ഇതിന് ഒരു ശാശ്വത പരിഹാരം ഫ്ലൈ ഓവർ മാത്രമാണ്. ഇവിടെ ഒരു ഫ്ലൈ ഓവർ പണിയണമെന്നുള്ളതാണ് ജനങ്ങളുടെ ആവശ്യം.
ഗതാഗതക്കുരുക്ക്
അതിരൂക്ഷമാകും
നിലവിൽ കായിക്കരകടവ് പാലത്തിന് സർക്കാർ തുക അനുവദിച്ച വേളയിൽ കായിക്കരകടവ് പാലം യാഥാർത്ഥ്യമാകുമ്പോൾ ഈ റെയിൽവേ ഗേറ്റ് മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് അതിരൂക്ഷമാകും. രോഗികളുമായി ചിറയിൻകീഴ് താലൂക്ക്,തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നീ ആശുപത്രികളിലേക്കുള്ള യാത്രയും രോഗികളുടെ ജീവന് ഭീഷണിയുയർത്തുന്നു. കായിക്കരയെയും വക്കത്തെയും തമ്മിൽ ബന്ധിപ്പിച്ചുള്ള കായിക്കരകടവ് പാലം യാഥാർത്ഥ്യമാകുമ്പോൾ ആറ്റിങ്ങൽ ഭാഗത്തേക്ക് പോകുന്നതിനുള്ള ദൂരം കുറയും. ഇവിടെ ഫ്ലൈ ഓവർ അനുവദിക്കാത്തതിൽ ജനങ്ങൾക്ക് കടുത്ത അമർഷമുണ്ട്.
ശ്രീശങ്കര മെഡിക്കൽ കോളേജ്, വക്കം റൂറൽ ഹെൽത്ത് സെന്റർ, വക്കം ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും,ബാങ്കുകൾ, മാർക്കറ്റ്, വക്കം ഖാദറിന്റെ സ്മാരകമടക്കമുള്ള സ്ഥലങ്ങളിലേക്ക് നിരവധി ആളുകളാണ് ഇതുവഴി കടന്നുപോകുന്നത്. ഇത് ചൂണ്ടിക്കാട്ടി അഞ്ചുതെങ്ങ് സംരക്ഷണസമിതി ജോയിന്റ് കൺവീനർ ജിയോഫെർണാഡസ് അടൂർപ്രകാശ് എം.പിക്ക് നിവേദനം നൽകി.
ഇത് അടിയന്തരവിഷയമായി പരിഗണിച്ച് എം.പി റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഉറപ്പ് നൽകി.
റെയിൽവേഗേറ്റ് പല ദിവസങ്ങളിലും പണിമുടങ്ങും. ഗേറ്റടപ്പുമൂലമുളള ഗതാഗതക്കുരുക്ക് രൂക്ഷമാണ്.ഇതിനൊരു പരിഹാരം ആവശ്യമാണ്.
നെൽസൻ ഐസക്
അഞ്ചുതെങ്ങ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |