തൃശൂർ: ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്നും പണം വാങ്ങി പണവും പലിശയും തിരികെ കൊടുക്കാതെ ഒന്നരക്കോടി രൂപയോളം തട്ടി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ പിടിയിൽ. ചിയാരം കണ്ണംകുളങ്ങര സ്വദേശി വാലത്ത് വീട്ടിൽ രംഗനാഥൻ (64), ഭാര്യ വാസന്തി രംഗനാഥൻ (61) എന്നിവരെയാണ് ഈസ്റ്റ് പൊലീസും അസിസ്റ്റന്റ് കമ്മീഷണറുടെ പ്രത്യേക അന്വേഷണ സംഘവും ചേർന്ന് പിടികൂടിയത്. തൃശൂർ പറവട്ടാനിയിലെ മെൽക്കർ ഫിനാൻസ് എന്ന സ്ഥാപനം നടത്തിവന്നിരുന്ന പ്രതികൾ സ്ഥാപനത്തിൽ പണം നിക്ഷേപിച്ചാൽ പന്ത്രണ്ടര മുതൽ പതിമൂന്നര ശതമാനം വരെ പലിശ വാഗ്ദാനം ചെയ്തിരുന്നു. വാഗ്ദാനം ചെയ്ത പണവും നിക്ഷപിച്ച പണവും തിരിച്ചു ലഭിക്കാതെയായപ്പോൾ ഈസ്റ്റ് സ്റ്റേഷനിൽ നിക്ഷേപകർ പരാതി നൽകുകയായിരുന്നു. അഞ്ചോളം പരാതികളാണ് ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ലഭിച്ചത്. മരത്താക്കര സ്വദേശിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ശേഷം പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. പിന്നീടുള്ള അന്വേഷണത്തിൽ പ്രതികളെ കണ്ണംകുളങ്ങരയിൽ നിന്നും പിടികൂടുകയായിരുന്നു. ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ അഞ്ച് കേസുകളാണ് രജിസ്റ്റർ ചെയ്തത്. വിവിധ ജില്ലകളിലായി മൊത്തം 270ലധികം കോടി രൂപയാണ് തട്ടിപ്പുനടത്തിയതായി കണക്കാക്കിയിരിക്കുന്നത്. കൂടാതെ സ്ഥാപനത്തിനെതിരെ നിരവധി പരാതികളും പല സ്ഥലങ്ങളിലുമായി ലഭിക്കുന്നുണ്ട്. സിറ്റി പൊലീസ് കമ്മീഷണർ നകുൽ ആർ.ദേശ്മുഖിന്റെ നിർദ്ദേശപ്രകാരം അസിസ്റ്റന്റ് കമ്മീഷണർ കെ.ജി.സുരേഷിന്റ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഈസ്റ്റ് ഇൻസ്‌പെക്ടർ എം.ജെ.ജിജോ, എസ്.െഎമാരായ ബിപിൻ പി.നായർ, ബാലസുബ്രഹ്മണ്യൻ, ജിജേഷ്, എ.എസ്.െഎ യെസ്വീ, സീനിയർ സി.പി.ഒമാരായ ജിജേഷ്, സുശാന്ത്, അരവിന്ദ് എന്നിവരും സി.പി.ഒമാരായ ഹരീഷ്, ദീപക്, അജ്മൽ, സൂരജ്, ഗിരീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |