കിളിമാനൂർ: കാന്ദാര,ലോക,സിങ്കം... പറഞ്ഞുവരുന്നത് സിനിമാ പേരുകളല്ല, ദീപാവലിയോടനുബന്ധിച്ച് വിപണിയിൽ ഇറങ്ങിയിരിക്കുന്ന പടക്കങ്ങളുടെ പേരാണ്. കുട്ടികളെ ആകർഷിക്കാൻ കാർട്ടൂൺ കഥാപാത്രങ്ങളും കിൻഡർ ജോയിയും പ്രണയികൾക്ക് ലവ് ഫയർ, ആകാശത്ത് പറന്നുനടന്ന് വർണപ്രഭ വിതറുന്ന ഡ്രോൺ, ചിത്രശലഭങ്ങളെപ്പോലെ പാറിപ്പറക്കുന്ന ബട്ടർഫ്ളൈ... ഇങ്ങനെ വിവിധ ഇനങ്ങളാണ് ദീപാവലി ആഘോഷിക്കാനായി വിപണിയിലെത്തിയിട്ടുള്ളത്. ശബ്ദമലിനീകരണം നിയന്ത്രിച്ചുള്ളതാണ് ഇത്തവണത്തെ പടക്കങ്ങൾ. ഇടയ്ക്കിടെ പെയ്യുന്ന മഴ പടക്കവിപണിക്ക് ഭീഷണിയാകുന്നുണ്ട്.
തദ്ദേശീയമായി പാലോട്, നന്ദിയോട്, കുടവനാട് എന്നിവിടങ്ങളിൽ ഉത്പാദിപ്പിക്കുന്ന പടക്കത്തിനൊപ്പം തമിഴ്നാട്ടിലെ തെങ്കാശി, ശിവകാശി എന്നിവിടങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളും വൻതോതിൽ എത്തിയിട്ടുണ്ട്. പൊലീസ് അസോസിയേഷൻ, റസിഡന്റ്സ് അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിലും പടക്കക്കടകളുണ്ട്. തിരക്ക് ഒഴിവാക്കാൻ അൻപതോളം ഇനങ്ങളടങ്ങിയ ഗിഫ്റ്റ് ബോക്സുകളും തയ്യാറാക്കിയിട്ടുണ്ട്.
ട്രെൻഡ് പടക്കങ്ങൾ
ലൈലാമജ്നു, കിസ് ഫയർ,ഗോൾഡൻ ലയൺ, ഹെലികോപ്ടറിന് സമാനമായ ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് പറക്കുന്ന 'ഹെലികോപ്ടർ' നിറങ്ങൾ നൽകുന്ന 'ക്യൂട്ട്',ശീതളപാനീയ ടിന്നുകളുടെ ആകൃതിയും പുകയ്ക്ക് ശീതളപാനീയത്തിന്റെ ഗന്ധവുമുള്ള 'കൂൾഡ് ഡ്രിങ്ക്' ഗോൾഡൻ ഡെക്ക്, കളർ ഫാന്റസി, സെവൻ ഷോട്സ് തുടങ്ങിയവയാണ് ഇപ്പോഴത്തെ ട്രെൻഡ് പടക്കങ്ങൾ.
അഞ്ചിനം മുതൽ 50ഇനം വരെയുള്ള പാക്കറ്റുകൾ(വില)
300-500രൂപ വരെ
പൂക്കുറ്റി: 40-60രൂപ
നിലച്ചക്രം:5-25രൂപ
ദീപാവലി
സ്വീറ്റ്സും റെഡി
ബേക്കറിക്കടകളിൽ ദീപാവലി പലഹാരപ്പെട്ടികൾ റെഡി. ഉത്തരേന്ത്യൻ ദീപാവലി പലഹാരങ്ങളായ ബർഫി, ബേസൻ ലഡു, രസ്മലായ് തുടങ്ങിയവയ്ക്ക് ആവശ്യക്കാർ ഏറെയാണ്. കടകളിലേക്ക് ഇവ പാകപ്പെടുത്തി നൽകുന്നത് നാട്ടിൽ താമസക്കാരായ ഉത്തരേന്ത്യൻ തൊഴിലാളികളാണ്. പേട കൊണ്ടുള്ള വിഭവങ്ങൾക്കും ആവശ്യക്കാരേറെയാണ്.
150രൂപ മുതലുള്ള ദീപാവലി സ്‌പെഷൽ സ്വീറ്റ് പായ്ക്കറ്റുകളുമുണ്ട്. സാധാരണ ബേക്കറി ഉത്പന്നങ്ങളുടെ വിൽപനയും ദീപാവലിയുടെ ഭാഗമായി വർദ്ധിച്ചിട്ടുണ്ട്. അഞ്ചിനം മധുരപലഹാരം ഉൾപ്പെടെ 25 ഇനം വരെയുള്ള പെട്ടികളാണ് നഗരത്തിൽ ഉൾപ്പെടെയുള്ള ബേക്കറികൾ തയാറാക്കിയിരിക്കുന്നത്.
പലഹാരപ്പെട്ടികളുടെ വില
100-500രൂപവരെ
സ്‌പെഷ്യൽ ഗിഫ്റ്റ്
പാക്കുകളുടെ വില
500രൂപ മുതൽ
പേഡയും മിഠായികളും
സ്‌ട്രോബറി, പിസ്ത തുടങ്ങി വിവിധ രുചികളിൽ പേഡയും മറ്റു മിഠായികളും തയാറായിട്ടുണ്ട്. വൈവിദ്ധ്യമാർന്ന പേഡ നിറച്ച പെട്ടികളും പരമ്പരാഗത രീതിയിലുള്ള ഹൽവ, മൈസൂർപാക്ക്, ജിലേബി, ലഡു, ലഡു മിക്സർ തുടങ്ങിയവ നിറച്ച പെട്ടികളും ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |