അമരവിള: വീടിന് ഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റാൻ തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാൻ ഉത്തരവിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നഗരസഭ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. അമരവിള രാമേശ്വരം പറണത്തുകരി അമ്മ വീട്ടിൽ എസ്.വൈ. അപർണയാണ് പരാതിക്കാരി.തെങ്ങ്,പ്ലാവ്.മാവ് എന്നീ വൃക്ഷങ്ങളാണ് വീടിന് ഭീഷണിയായി നിൽക്കുന്നത്. വൃക്ഷങ്ങളുടെ ശിഖരങ്ങൾ വളർന്ന് വീടിന് മുകളിൽ പടർന്നു നിൽക്കുകയാണ്. മഴക്കാലത്ത് ജീവഭയത്തോടെയാണ് വീടിനുള്ളിൽ കഴിയുന്നതെന്ന് അപർണ പറയുന്നു. നിരവധി പരാതികൾ നൽകിയിട്ടും മരങ്ങൾ മുറിച്ചുമാറ്റാൻ നഗരസഭ അധികൃതർ തയാറാകാത്ത സാഹചര്യത്തിലാണ് ഓംബുഡ്സ്മാനെ സമീപിച്ചത്. മരങ്ങൾ മുറിച്ചുമാറ്റാൻ ആവശ്യമെങ്കിൽ പൊലീസിന്റെ സഹായം തേടാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഒംബുഡ്സ്മാൻ പരാതിക്കാരിക്ക് വാക്കാൽ ഉറപ്പുനൽകി. എന്നാൽ ഈ ഉറപ്പുകളെല്ലാം പാഴ്വാക്കാക്കി എഡ്വിൻ എബനീസ് എന്നയാളുടെ വ്യാജ പരാതിയുടെ അടിസ്ഥാനത്തിലും രാഷ്ട്രീയക്കാരുടെ സ്വാധീനത്തിന്റെ ബലത്തിലും ചില ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കാതെ നീട്ടിക്കൊണ്ടു പോകുകയാണെന്ന് കുടുംബം ആരോപിച്ചു. മഴക്കാലമായതോടെ അപകടഭീഷണി രൂക്ഷമായ സാഹചര്യത്തിൽ നഗരസഭയ്ക്ക് മുന്നിൽ പ്രത്യക്ഷ സമരങ്ങൾ തുടങ്ങാനാണ് കുടുംബത്തിന്റെ ആലോചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |