വിഴിഞ്ഞം: സർക്കാർ തീരുമാനപ്രകാരം ബെവ്‌കോ ഔട്ട്ലെറ്റുകളിൽ വഴി തിരിച്ചെടുക്കുന്ന പ്ലാസ്റ്റിക്ക് മദ്യക്കുപ്പികൾ വേർതിരിക്കുന്നത് വിഴിഞ്ഞത്ത്.
മാലിന്യ സംസ്കരണത്തിനുള്ള നവീന സാദ്ധ്യതകളുമായി വിഴിഞ്ഞത്ത് ആരംഭിച്ച റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്ററിലാണ് കുപ്പികളെത്തുന്നത്. ഇവിടെ നിന്നും തരംതിരിച്ച് കയറ്റിഅയക്കുന്ന കുപ്പികളുടെ ബണ്ടിലുകൾ സംസ്കരിച്ച് വിവിധ പ്ലാസ്റ്റിക് ഉപകരണങ്ങളായി തിരികെ വിപണിയിലെത്തും. പൈലറ്റ് പദ്ധതിയെന്ന നിലയ്‌ക്കാണ് കുപ്പികൾ എത്തിക്കുന്നത്. ക്ലീൻ കേരള കമ്പനി മുഖേന വിഴിഞ്ഞത്തും കണ്ണൂരുമാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കിയത്.
12 ഔട്ട്ലെറ്റുകളിൽ നിന്നുള്ള കുപ്പികളാണ് ഇവിടെ എത്തിക്കുന്നത്. കുടിവെള്ളക്കുപ്പികളും ഇവിടെ ശേഖരിക്കുന്നു. പ്ലാസ്റ്റിക്ക് മദ്യക്കുപ്പികൾ തരംതിരിച്ച് കുപ്പിയുടെ അലുമിനിയം അടപ്പുകൾ മാറ്റിയശേഷം ബണ്ടിലുകളാക്കി സർക്കാർ കരാറെടുത്തിട്ടുള്ള അംഗീകൃത സ്വകാര്യ കമ്പനികൾക്ക് നൽകും.
ഇതുവരെ കയറ്റിഅയച്ചത് - 12 ടൺ കുപ്പികൾ
റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റർ
റിസോഴ്സ് റിക്കവറി ഫെസിലിറ്റി (ആർ.ആർ.എഫ്) സംവിധാനം മാലിന്യങ്ങളെ ശാസ്ത്രീയമായി വേർതിരിച്ച് വിപണനത്തിനായി പുനഃസംസ്‌കരണ വസ്തുക്കൾ തയ്യാറാക്കുന്നതാണ് പദ്ധതി. പ്രതിദിനം ഒരുടൺ പ്ലാസ്റ്റിക് പൊടിയാക്കാൻ കഴിയുന്ന വിധത്തിലുള്ളതാണ് പ്ലാന്റ്. ഇവിടെ ശേഖരിക്കുന്ന ഉത്പന്നങ്ങൾ കഴുകി വൃത്തിയാക്കി കെട്ടുകളാക്കിയശേഷം പ്ലാന്റിലൂടെ കടത്തിവിട്ട് കല്ലും കുപ്പിച്ചില്ലുകളുമടക്കമുള്ളവ നീക്കി, 6 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക്ക് പൊടിരൂപത്തിലും മറ്റുള്ളവ കട്ടകളുമാക്കും. നിലവിൽ ഒരു മെഷിൻ മാത്രമാണുള്ളത്. പ്ലാസ്റ്റിക് തരംതിരിക്കുന്ന മെഷീൻ സജ്ജമാക്കിയശേഷം എല്ലാവിധ പ്ളാസ്റ്റിക്കുകളും ഇവിടെ തരംതിരിക്കാനാകും. ഹാർബർ എൻജിനിയറിംഗ് വകുപ്പ് നഗരസഭയ്‌ക്ക് നൽകിയ സ്ഥലത്ത് 3500 ചതുരശ്രയടിയിലാണ് കെട്ടിടം.
പ്ലാന്റിന്റെ നടത്തിപ്പ് ചുമതല-ക്ലീൻ കേരള കമ്പനി
പരിപാലനം-നഗരസഭ
പ്ലാസ്റ്റിക് ശേഖരണം-ഹരിതകർമ്മ സേനാംഗങ്ങൾ
പദ്ധതിച്ചെലവ്-90 ലക്ഷം
(കെട്ടിട നിർമ്മാണത്തിന് 70ലക്ഷം,
20 ലക്ഷം പ്ലാന്റ് സ്ഥാപിക്കാൻ)
(45 ലക്ഷം രൂപ വീതം അദാനി തുറമുഖ
കമ്പനിയും വിസിൽ കമ്പനിയും നൽകും)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |