കൊച്ചി:കുവൈറ്റിൽനിന്ന് നാടുകടത്തിയതിനെ തുടർന്ന് കൊച്ചിയിൽ വിമാനമിറങ്ങിയശേഷം കാണാതായ സൂരജ് ലാമയെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കണമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് ഹൈക്കോടതിയുടെ നിർദ്ദേശം.കമ്മിഷണറുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ടീം രൂപീകരിക്കണം.
അതിനിടെ സൂരജ് ലാമയെ കണ്ടെത്താനുള്ള എല്ലാശ്രമങ്ങളും തുടരണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ,ജസ്റ്റിസ് എം.ബി.സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഉത്തരവിട്ടു.ലാമയുടെ മകൻ സാന്റോൺ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ഇടക്കാല ഉത്തരവ്.ഹർജി വീണ്ടും 29ന് പരിഗണിക്കും.സൂരജ് ലാമ കൊച്ചിയിലെത്തിയത് എമർജൻസി സർട്ടിഫിക്കറ്റിലാണെന്ന് കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു.എംബസിയിൽനിന്നുള്ള മുഴുവൻ വിവരങ്ങളും വേണമെന്ന് തുടർന്ന് കോടതി ആവശ്യപ്പെട്ടു.
വിശദാംശങ്ങൾ സമർപ്പിക്കാൻ കേന്ദ്രം ഒരാഴ്ചത്തെ സമയംതേടി.കുവൈറ്റ് വിഷമദ്യദുരന്തത്തിൽ ഓർമ്മ നഷ്ടപ്പെട്ട സൂരജ് ലാമയെ ഈ മാസം അഞ്ചിനാണ് അവിടെനിന്ന് നാടുകടത്തിയത്.കൊച്ചിയിലെത്തിയശേഷം അലഞ്ഞുനടന്നിരുന്ന ലാമയെ പൊലീസ് കളമശേരി ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും അവിടെനിന്ന് കാണാതാവുകയായിരുന്നു.അധികൃതരുടെ നടപടികളിൽ വീഴ്ചയുണ്ടെന്ന് ഹർജിക്കാരന്റെ അഭിഭാഷക ആരോപിച്ചു.ഈ ഘട്ടത്തിൽ അത് വിശകലനം ചെയ്യുന്നില്ലെന്നും ലാമയെ കണ്ടെത്തുകയാണ് പ്രധാനമെന്നും കോടതി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |