വിതുര: മഴയെത്തിയതോടെ മലയോര മേഖലയിൽ വൈദ്യുതി മുടക്കം പതിവാകുന്നു. വിതുര, തൊളിക്കോട് പഞ്ചായത്തുകളിലാണ് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നത്. മഴ തിമിർത്തു പെയ്യുന്ന പൊന്മുടി, കല്ലാർ, ബോണക്കാട്, പേപ്പാറ മേഖലകളിൽ മണിക്കൂറുകളോളം വൈദ്യുതി വിതരണം തടസ്സപ്പെടുകയാണ്. മഴയത്തും കാറ്റത്തും മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വൈദ്യുതി ലൈനുകളിൽ പതിച്ച്, പൊട്ടി വീഴുന്നുണ്ട്. ഇതോടെയാണ് വൈദ്യുതി മുടങ്ങുന്നത്. വിതുര തൊളിക്കോട് ഇലക്ട്രിസിറ്റി ഓഫീസുകളിൽ പരാതിക്കാരുടെ പ്രളയമാണ്. വൈദ്യുതി ജീവനക്കാർ മഴയെ അവഗണിച്ച് മണിക്കൂറുകളോളം പ്രയത്നിച്ചാണ് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നത്. മഴയെത്തിയതോടെ ഫയർഫോഴ്സ് ജീവനക്കാർക്കും ജോലിഭാരം ഇരട്ടിച്ചിട്ടുണ്ട്. വൈദ്യുതി മുടക്കത്തോടൊപ്പം മിക്ക മേഖലകളിലും വോൾട്ടേജ് ക്ഷാമവും നേരിടുന്നതായി പരാതിയുണ്ട്. വനമേഖലകളിൽ കൂടി കടന്നുപോകുന്ന വൈദ്യുതി ലൈനുകളിൽ മരച്ചില്ലകൾ ഉരസുന്നത് മൂലമാണ് വൈദ്യുതി പ്രതിസന്ധി ഉണ്ടാകാൻ കാരണമെന്ന് പറയുന്നു. ലൈനുകൾക്ക് മുകളിൽ വളർന്നുനിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |