
കല്ലമ്പലം: കല്ലമ്പലത്ത് അനധികൃത പാർക്കിംഗും വഴിയോരക്കച്ചവടവും ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുവെന്ന് പരാതി. കല്ലമ്പലത്ത് നിന്നും ആറ്റിങ്ങൽ,നഗരൂർ,വർക്കല,പാരിപ്പള്ളി എന്നിവിടങ്ങളിലേക്ക് പോകുന്ന 4 റോഡുകളിലാണ് അനധികൃത പാർക്കിംഗും വഴിയോരക്കച്ചവടവും. മാനദണ്ഡങ്ങളില്ലാതെ നടക്കുന്നത്.
ഒറ്റൂർ, നാവായിക്കുളം,കരവാരം പഞ്ചായത്തുകളിൽ ഉൾപ്പെട്ടതാണ് കല്ലമ്പലം ജംഗ്ഷൻ. പഞ്ചായത്തുകളുടെ പിടിവാശിയിൽ വികസന മുരടിപ്പിലാണ് ഈ പട്ടണം. വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ തീരെയില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ എല്ലാ പാർട്ടികളും വികസനം കൊണ്ടുവരുമെന്ന് വാഗ്ദാനം നൽകുമെങ്കിലും പാലിക്കാറില്ല. തെരുവ് വിളക്കുകൾ പോലുമില്ല. പൊതു ടോയ്‌ലെറ്റ് വേണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്.
വഴിനടക്കാനാകാതെ
വാഹനങ്ങൾ തലങ്ങും വിലങ്ങും പാർക്ക് ചെയ്യുന്നതിനാൽ കാൽനട യാത്രക്കാർ റോഡിലിറങ്ങി നടക്കേണ്ടിവരുന്നത് അപകടത്തിന് കാരണമാകുന്നു. കെ.എസ്.ആർ.ടി.സി ബസുകളടക്കം പാർക്ക് ചെയ്യുന്നത് റോഡരികിലാണ്. സ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർ ജംഗ്ഷനിലൂടെ വളരെ പ്രയാസപ്പെട്ടാണ് പോകുന്നത്.
ദേശീയപാത കൈയേറി കച്ചവടവും തകൃതിയായി നടക്കുന്നുണ്ട്. രാവിലെ തുടങ്ങുന്ന വഴിയോരക്കച്ചവടം രാത്രിവരെ നീളും. ആറ്റിങ്ങൽ -കല്ലമ്പലം റോഡിൽ കാൽനടയാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയാത്തവിധം ഡിവൈഡറിൽ പൂൽക്കൂട്ടം വളർന്നുനിൽക്കുകയാണ്. ഇതിനു സമീപത്തായി ഹൈമാസ്റ്റ് ലൈറ്റിന്റെ തൂണും കിടപ്പുണ്ട്. ഇത് മാറ്റാനുള്ള നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
ഗതാഗതക്കുരുക്കിന് സാദ്ധ്യത
റോഡരികിൽ വാഹനത്തിൽ കൊണ്ടുവന്ന് സാധനങ്ങൾ വിൽപ്പനയുമുണ്ട്. വഴിയോരക്കച്ചവടം ഏറ്റവും കൂടുതൽ ബാധിക്കുന്നത് കല്ലമ്പലത്തെ ചെറുകിട വ്യാപാരികളെയാണ്. വ്യാപാരം കുറഞ്ഞതിനാൽ പല സ്ഥാപനങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ദേശീയപാത നിർമാണം നടക്കുന്നതിനാൽ പകൽ മുഴുവൻ നല്ല തിരക്കാണ്. ആറ്റിങ്ങൽ ബസ് സ്റ്റോപ്പും ഈ ഭാഗത്താണ്. കല്ലമ്പലം-നഗരൂർ റോഡിൽ വീതിക്കുറവായതിനാൽ വാഹനങ്ങൾ കടന്നുപോകാൻ നന്നേ പാടാണ്. ഇവിടെയുള്ള ഓഡിറ്റോറിയത്തിൽ വിവാഹമോ മറ്റു പരിപാടികളോ ഉണ്ടെങ്കിൽ ഗതാഗതക്കുരുക്ക് മുറുകും. ഒരുഭാഗത്ത് ബസ് സ്റ്റോപ്പും എതിർവശം ഓട്ടോ സ്റ്റാൻഡുമാണ്.
അപകടങ്ങൾ കൂടും
കല്ലമ്പലം-വർക്കല റോഡിൽ ഇരുവശങ്ങളിലും വാഹന പാർക്കിംഗാണ്. നിരനിരയായി ഇരുചക്രവാഹനങ്ങൾ നിറുത്തിയിരിക്കുന്നതും കാണാം. സ്വകാര്യ ബസുകളുടെ അമിതവേഗവും കൂടിയാകുമ്പോൾ അപകടങ്ങൾ കൂടും. കല്ലമ്പലത്തെ അനധികൃത പാർക്കിംഗിന് നിയന്ത്രണം ഏർപ്പെടുത്തണമെന്നും കൂടുതൽ പൊലീസിനെ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കണമെന്നും ദേശീയപാത നിർമ്മാണത്തിന് വേഗത കൂട്ടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |