
ഹരിപ്പാട് : പിഞ്ചുകുഞ്ഞുമായി ആനയ്ക്ക് മുന്നിൽ സാഹസം കാട്ടിയ സംഭവത്തിൽ ഹരിപ്പാട് പൊലീസ് സ്വമേധയാ കേസെടുത്തു. ദേവസ്വം പാപ്പാൻ പുനലൂർ കുമരംകുടി മാമൂട്ടിൽ വീട്ടിൽ ജിതിൻരാജിനെ (39) അറസ്റ്റ് ചെയ്തു. കുട്ടിയുടെ അച്ഛനും പാപ്പാന്റെ സഹായിയുമായ കൊട്ടിയം സ്വദേശി അഭിലാഷിനായി അന്വേഷണം ആരംഭിച്ചു. ഇയാൾ കൊട്ടിയത്തെ വീട്ടിൽ എത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
മൃഗങ്ങളെ ഉപയോഗിച്ചുള്ള ആക്രമണം, ജീവഹാനിക്കിടയാക്കുന്ന പ്രവർത്തനം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ജുവനൈൽ ജസ്റ്റിസ് പ്രകാരവും കേസെടുത്തു. ഈ മാസം മൂന്നിനായിരുന്നു സംഭവം. ഹരിപ്പാട് ക്ഷേത്രത്തിലെ ആനയായ സ്കന്ദന്റെ താത്കാലിക പാപ്പാനായ അഭിലാഷ് ആറുമാസം മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ ആനയ്ക്ക് കീഴിലൂടെ വലം വയ്പിച്ചു. ഇതിനുശേഷം ആനയുടെ കൊമ്പിൽ ഇരുത്തുന്നതിനിടെ കുട്ടി താഴെ വീഴുകയായിരുന്നു. ആനയുടെ കാലിന് തൊട്ടുമുന്നിലാണ് വീണത്. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇതിനകം നാലുപേരെ ഈ ആന കൊലപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഓണത്തിന് ശേഷം ആനയെ പുറത്തെഴുന്നള്ളിക്കുകയോ പുറത്തിറക്കുകയോ ചെയ്യാതെ ആനത്തറയിൽ തളച്ചിരിക്കുകയാണ്.
ജിതിൻ രാജ് ആനയുടെ ചുമതല ഏറ്റെടുത്തിട്ട് ഒന്നര മാസമേ ആയിട്ടുള്ളുവെന്നും ആനയെ നോക്കുന്നതിനായി സ്ഥിരമായി ഒരു പാപ്പാനും തയ്യാറാകാറില്ലെന്നും പൊലീസ് പറഞ്ഞു. ആനയെ പുറത്തെഴുന്നള്ളി ക്കുകയോ പൊതുജനങ്ങളുമായി ബന്ധമുള്ള സ്ഥലത്ത് പ്രദർശിപ്പിക്കുകയോ ചെയ്യരുതെന്ന് കാണിച്ച് ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ നിന്ന് ഹരിപ്പാട് ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർക്ക് കത്ത് നൽകിയിട്ടുള്ളതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |