വെള്ളറട: ലഹരിക്കെതിരെ പ്രചരണങ്ങൾ നടക്കുമ്പോഴും മലയോരത്ത് കച്ചവടം സുലഭം. മലയോരമേഖയിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് കഞ്ചാവും നിരോധിത പുകയില ഉത്പ്പന്നങ്ങളും കഞ്ചാവിന്റെയും കച്ചവടം വ്യാപകമായിരിക്കുകയാണ്. തമിഴ്നാടിനോട് ചേർന്നു കിടക്കുന്ന അതിർത്തിയിലെ വെള്ളറട,ആറാട്ടുകുഴി, പനച്ചമൂട്, ചെറിയകൊല്ല, കാരക്കോണം, കന്നുമാംമൂട്, പ്രദേശങ്ങളിലാണ് സുലഭമായി കഞ്ചാവു ലഭിക്കുന്നത്. അതിർത്തി വഴി യാതൊരു പരിശോധനയുമില്ലാതെ എത്തിക്കുന്ന കഞ്ചാവ് ഗോഡൗണുകളിൽ സൂക്ഷിച്ചശേഷമാണ് ഇരുചക്രവാഹനങ്ങളിലും മറ്റും കച്ചവടത്തിന് എത്തിക്കുന്നത്.
ഇരകളായി വിദ്യാർത്ഥികളും
സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘം ഇപ്പോൾ കച്ചവടത്തിന് എത്തുന്നുണ്ട്. വിദ്യാർത്ഥികളാണ് സംഘത്തിന്റെ ഇരകളിൽ ഏറെയും. വിദ്യാർത്ഥികളെയും കച്ചവടത്തിനായി ഉപയോഗിക്കുന്നുണ്ട്.
കോളനികൾ കേന്ദ്രീകരിച്ച് വൻ കഞ്ചാവു വിൽപ്പന സംഘങ്ങൾ പ്രവർത്തിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നുണ്ട്.
ആത്മഹത്യ പ്രവണതയും
കഞ്ചാവുമായി പോകുന്ന ഇരുചക്ര വാഹനങ്ങളുടെ മരണപാച്ചിലും പേടിച്ച് റോഡിൽ പോലും നിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. ആറാട്ടുകുഴി, പനച്ചമൂടും കേന്ദ്രീകരിച്ച് വൻ കഞ്ചാവു വിൽപ്പന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കച്ചവടം വ്യാപകമായതോടെ മലയോരഗ്രാമങ്ങളിൽ നിന്നും എക്സൈസ് ഡിപ്പാർട്ട്മെന്റിന് നിരവധി പരാതികൾ ലഭിക്കുന്നുണ്ടെങ്കിലും കച്ചവട സംഘത്തിലെ പ്രധാന കണ്ണികളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യമാണ്. അടുത്ത കാലത്ത് കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കളുടെ ഇടയിൽ ആത്മഹത്യ പ്രവണതയും കൂടിയിട്ടുണ്ട്.
ബോധവത്ക്കരണം അനിവാര്യം
കഞ്ചാവിന് അടിമയാകുന്നവർ ഏറെയും യുവാക്കളായതിനാൽ ആവശ്യമായ ബോധവത്ക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കേണ്ടത് അനിവാര്യമാണ്.
നിരോധിത പുകയില ഉല്പന്നങ്ങളും
നിരോധിത പുകയിലഉത്പ്പന്നങ്ങളുടെ വിൽപ്പനയും പനച്ചമൂട് കേന്ദ്രീകരിച്ച് വ്യാപകമായ തോതിലാണ് നടക്കുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നിരോധിത പുകയിലഉത്പ്പന്നങ്ങൾ കൂടിയവിലയ്ക്ക് നൽകുന്ന കച്ചവടക്കാരുടെ എണ്ണവും പെരുകിവരുന്നുണ്ട്. റോഡിന്റെ ഒരു ഭാഗം തമിഴ്നാടിനോട് ചേർന്നുകിടക്കുന്നതിനാൽ നിരോധിത പാൻ ഉത്പ്പന്നങ്ങളും കഞ്ചാവും പൂർണ്ണമായും ഒഴിവാക്കാൻ പറ്റാത്ത സാഹചര്യമാണ്.
കേരളത്തിൽ നിരോധനമുണ്ടെങ്കിലും അതിർത്തിക്കപ്പുറത്തെ കടകളിൽ പാൻ ഉത്പ്പന്നങ്ങൾ കച്ചവടം ചെയ്യുന്നതിനാൽ ഗ്രാമങ്ങളിൽ സുലഭമായി ലഹരിവസ്തുക്കൾ ലഭിക്കാൻ ഇടയാക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |