
സംശയിക്കപ്പെട്ട മൃതദേഹത്തിന്റെ ഡി.എൻ.എ പരിശോധനാഫലം വൈകുന്നു
കൊച്ചി: കുവൈറ്റിൽ നിന്ന് നാടുകടത്തി കൊച്ചിയിൽ വിമാനമിറങ്ങിയ സൂരജ് ലാമയെ കാണാതായ കേസിൽ അന്വേഷണം മരവിച്ചു. ലാമയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കളമശേരിയിലെ ചതുപ്പിൽ നിന്ന് ലഭിച്ചതോടെയാണ് പ്രത്യേക അന്വേഷണ സംഘം തെരച്ചിൽ അവസാനിപ്പിച്ചത്. മൃതദേഹത്തിന്റെ ഡി.എൻ.എ പരിശോധനാഫലം ലാബിൽ നിന്ന് ഇനിയും ലഭിച്ചിട്ടില്ലാത്തതിനാൽ മരണം സ്ഥിരീകരിക്കാനും കഴിഞ്ഞിട്ടില്ല.
മരിച്ചത് സൂരജ് ലാമ തന്നെയാണെന്ന് പൊലീസ് ബലമായി സംശയിക്കുമ്പോൾ, ലാമ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടെന്ന് പ്രത്യാശയോടെ കാണുകയാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഹൈക്കോടതി. അതിനാൽ അന്വേഷണം തുടരണമെന്നും മൃതദേഹ പരിശോധനയുടെ അടക്കം പുരോഗതി റിപ്പോർട്ട് 12ന് സമർപ്പിക്കണമെന്നും കോടതി സർക്കാരിന് അന്ത്യശാസനം നൽകിയിരിക്കുകയാണ്. കേസിന്റെ മെല്ലെപ്പോക്കിലും പൊലീസിന്റെ നിസംഗതയിലും സൂരജ് ലാമയുടെ കുടുംബം അതീവ വിഷമത്തിലാണെന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചിരുന്നു.
ബെംഗളൂരുവിൽ താമസിച്ചിരുന്ന സൂരജ് ലാമ (59) ഒക്ടോബർ 5ന് പുലർച്ചെ 2.15നാണ് നെടുമ്പാശേരിയിൽ വിമാനമിറങ്ങിയത്. 10ന് കളമശേരി ഗവ.മെഡിക്കൽ കോളേജിൽ നിന്ന് കാണാതാവുകയായിരുന്നു. കുവൈറ്റ് വിഷമദ്യ ദുരന്തത്തിനിരയായി ഓർമ്മ നഷ്ടപ്പെട്ട നിലയിലായിരുന്നുവെന്നാണ് പറയുന്നത്. എന്നാൽ വിമാനത്താവള അധികൃതർ വേണ്ടവിധം പരിഗണിച്ചില്ല. പുറത്തിറങ്ങി അലഞ്ഞു നടന്നിരുന്ന സൂരജ് ലാമയുടെ വിവരം രണ്ടുതവണ നാട്ടുകാർ തൃക്കാക്കര പൊലീസിനെ അറിയിച്ചിരുന്നു. ഒരു തവണ വഴിയിൽ ഇറക്കിവിട്ട പൊലീസ്, രണ്ടാംതവണ വാഹനം ലഭ്യമല്ലെന്ന് പറഞ്ഞ് അവഗണിച്ചു. ആശാവർക്കർമാരും നാട്ടുകാരും ചേർന്ന് ആംബുലൻസ് വിളിച്ച് ലാമയെ കളമശേരി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ചികിത്സ നൽകാതെ പറഞ്ഞുവിട്ടു. ഇവിടെ നിന്ന് ഇറങ്ങിയ ശേഷമാണ് കാണാതായത്. സൂരജ് ലാമ കൊച്ചിയിലെത്തിയെന്ന വിവരം ബന്ധുക്കൾ വൈകിയാണറിഞ്ഞത്. പൊലീസിൽ പരാതി നൽകിയിട്ടും ഫലമില്ലാതെ വന്നതോടെ മകൻ സാന്റോൺ ലാമ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകി. ആലുവ റൂറൽ എ.എസ്.പിയുടെ നേതൃത്വത്തിൽ കോടതി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയും അടിയ്ക്കടി മാർഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടും കാര്യമായ പുരോഗതിയുണ്ടായില്ല. കുവൈറ്റിൽ നിന്ന് സുരക്ഷിതമായി ഇന്ത്യയിലെത്തിച്ച സൂരജ് ലാമയെ കൊലയ്‌ക്ക് കൊടുക്കുന്ന സമീപനമാണ് ഇവിടത്തെ 'സിസ്റ്റം" സ്വീകരിച്ചതെന്നുവരെ ഹൈക്കോടതി ഒരുഘട്ടത്തിൽ കുറ്റപ്പെടുത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |