കിളിമാനൂർ: 'കുടിശിക ഉൾപ്പെടെ കിട്ടിയ പെൻഷനും കൊണ്ട് പച്ചക്കറിക്കടയിൽ കയറി ഇറങ്ങിയപ്പോഴേ പഴ്സ് കാലിയായി '...ഒരു വീട്ടമ്മയുടെ വാക്കുകളാണിവ. നിത്യോപയോഗ സാധനങ്ങൾക്ക് പിന്നാലെ കുതിച്ചുയരുന്ന പച്ചക്കറി വിലയിൽ താളം തെറ്റിയിരിക്കുകയാണ് അടുക്കള ബഡ്ജറ്റ്. ഭൂരിഭാഗം ഇനങ്ങൾക്കും 10 - 15 രൂപയാണ് വർദ്ധിച്ചത്. മിക്കതിനും വില 50ന് മുകളിലാണ്.
മണ്ഡലകാലമായതിനാൽ പച്ചക്കറിക്ക് ഡിമാൻഡേറി. ഇതാണ് വില വർദ്ധനയ്ക്കിടയാക്കിയതെന്നാണ് പറയുന്നത്. നിലവിൽ തമിഴ്‌നാട്,കർണാടക,ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് പച്ചക്കറികൾ എത്തുന്നത്. മൊത്തമായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വന്നതോടെ അവർ നിശ്ചയിക്കുന്ന വിലയ്ക്ക് വാങ്ങേണ്ട അവസ്ഥയാണെന്ന് മൊത്തവ്യാപാരികൾ പറയുന്നു.
തുടർച്ചയായ മഴയിൽ പ്രാദേശിക കർഷകരുടെ പച്ചക്കറിക്കൃഷി നശിച്ചതും തിരിച്ചടിയായി.നിരവധി കർഷക സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും കർഷകരുടെ ഉത്പന്നങ്ങൾ സംഭരിക്കുന്നതിനും ന്യായവിലയ്ക്ക് എടുത്ത് വിറ്റഴിക്കുന്നതിനും സാധിക്കുന്നില്ല.ചെറുകിട കർഷകർക്കായി വിപണി സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.
90 കടന്ന് തേങ്ങ
ഒരാഴ്ച കൊണ്ടാണ് ഇത്രയും വിലവർദ്ധനയുണ്ടായത്. വരുംദിവസങ്ങളിലും വില കൂടാനാണ് സാദ്ധ്യതയെന്ന് കച്ചവടക്കാർ പറയുന്നു. മുളക്,വെളുത്തുള്ളി,ഇഞ്ചി,മുരിങ്ങയ്ക്ക എന്നിവയ്ക്ക് നൂറ് രൂപയ്ക്ക് മുകളിലാണ് വില. വെണ്ട,മുളക്,പടവലം,ബീറ്റ്‌റൂട്ട്,ഉരുളക്കിഴങ്ങ്,ക്യാബേജ് തുടങ്ങിയവയുടെ വിലയും വർദ്ധിച്ചു. തേങ്ങയ്‌ക്ക് കിലോയ്ക്ക് 90 രൂപയാണ് വില.
ശബരിമല സീസണായതിനാൽ വരവ് തേങ്ങ കൂടുതലായി എത്തിത്തുടങ്ങി. വെളിച്ചെണ്ണ വിലയും ഉയരുകയാണ്.
നഷ്ടക്കച്ചവടമെന്ന്
ഹോട്ടലുടമകൾ
മണ്ഡലകാലമായതിനാൽ വെജിറ്റേറിയൻ ഹോട്ടലുകളിലും തിരക്കേറി. സർക്കാർ നിശ്ചയിച്ച വിലയിൽ ഭക്ഷണസാധനങ്ങൾ നൽകുന്നത് പ്രായോഗികമല്ലെന്നാണ് വ്യാപാരികൾ പറയുന്നത്
വില ഇങ്ങനെ (കിലോയ്ക്ക്)
തേങ്ങ - 90
സവാള 36
കിഴങ്ങ് 60
തക്കാളി 60
മുളക് 100
വെളുത്തുള്ളി 160
ഇഞ്ചി 120
മുരിങ്ങയ്ക്ക 120
ക്യാരറ്റ് 80
പടവലം 80
കോവയ്ക്ക 60
വെണ്ടയ്ക്ക 60
ബീറ്റ് റൂട്ട് 60
കൂർക്ക 60
പാവയ്ക്ക 70
പയർ 60
വെള്ളരി 40
ചേന 60
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |