കൊച്ചി: കേസ് ഒതുക്കാൻ രണ്ടു കോടി രൂപ ഇ.ഡി ഓഫീസർ ആവശ്യപ്പെട്ടെന്ന് പരാതി നൽകിയ കശുഅണ്ടി തട്ടിപ്പുകേസ് പ്രതി കൊട്ടാരക്കര സ്വദേശി അനീഷ് ബാബുവിനെ അറസ്‌റ്റു ചെയ്യാൻ ഇ.ഡി നീക്കം. മുൻകൂർ ജാമ്യഹർജി സുപ്രീംകോടതിയും തള്ളിയതോടെ അനീഷ് ബാബു രാജ്യം വിടുന്നത് തടയാൻ വിമാനത്താവളങ്ങളിൽ ഇ.ഡി കൊച്ചി ഓഫീസ് ജാഗ്രതാനിർദ്ദേശം നൽകി.
വാഴവിള കാഷ്യൂസ് സ്ഥാപനം വഴി കശുഅണ്ടി ഇറക്കുമതി ചെയ്‌തുനൽകാമെന്ന് വാഗ്ദാനം ചെയ്‌ത് നടത്തിയ തട്ടിപ്പിൽ 24.73 കോടിയുടെ കള്ളപ്പണയിടപാട് നടന്നെന്നാണ് കേസ്. അനീഷിന്റെ പിതാവ് ബാബു ജോർജ്, മാതാവ് അനിത എന്നിവരും പ്രതികളാണ്.
അഞ്ചു കേസുകളെ തുടർന്ന് 2001 മാർച്ചിലാണ് ഇ.ഡി കേസെടുത്തത്. പലതവണ നോട്ടീസ് നൽകിയ ശേഷം 2024 ഒക്ടോബർ 28ന് ഹാജരായ അനീഷ് ഉച്ചഭക്ഷണം കഴിക്കാനിറങ്ങി തിരിച്ചെത്തിയില്ലെന്ന് ഇ.ഡി പറയുന്നു. അന്വേഷണവുമായി സഹകരിക്കാത്തതിനാൽ, തട്ടിപ്പിലൂടെ അനീഷ് ബാബു നേടിയ പണം എന്തു ചെയ്തെന്ന് വ്യക്തമല്ല.
രണ്ടു കോടിയുടെ കൈക്കൂലി പരാതി
കേസൊതുക്കാൻ ഇ.ഡി കൊച്ചി മുൻ അസിസ്‌റ്റന്റ് ഡയറക്ടർ ശേഖർകുമാർ രണ്ട് കോടി കൈക്കൂലി ആവശ്യപ്പെട്ടെന്ന് അനീഷ് ബാബു വിജിലൻസിന് പരാതി നൽകിയിരുന്നു. സമൻസ് നൽകിയശേഷം ഇടനിലക്കാർ വഴി കൈക്കൂലി ചോദിച്ചെന്നാണ് പരാതി. വിജിലൻസ് സ്‌പെഷ്യൽ സെൽ എസ്.പി എസ്.ശശിധരൻ കഴിഞ്ഞ ജൂലായിൽ രണ്ടു ദിവസം ശേഖർകുമാറിനെ ചോദ്യം ചെയ്‌തിരുന്നു. പിന്നാലെ ശേഖർ കുമാറിനെ വടക്കേയിന്ത്യയിലേക്ക് ഇ.ഡി സ്ഥലം മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |