ഹരിപ്പാട്: കാർത്തികപ്പള്ളിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ ബാഗിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി. വിദ്യാർത്ഥികൾ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ അദ്ധ്യാപകർ നടത്തിയ പരിശോധനയിലാണ് പിസ്റ്റളിൽ ഉപയോഗിക്കുന്ന രണ്ട് വെടിയുണ്ട കിട്ടിയത്. കുട്ടിക്ക് ഇത് എവിടെ നിന്ന് ലഭിച്ചെന്ന് വ്യക്തമായിട്ടില്ല. ട്യൂഷന് പോയപ്പോൾ സമീപത്തെ പറമ്പിൽ നിന്ന് കിട്ടിയെന്നാണ് വിദ്യാർത്ഥി അദ്ധ്യാപികയോട് ആദ്യം പറഞ്ഞത്. വീണ്ടും ചോദിച്ചപ്പോൾ സുഹൃത്ത് തന്നതാണെന്ന് മാറ്റിപ്പറഞ്ഞു. എന്നാൽ സുഹൃത്തിന്റെ പേര് പറഞ്ഞില്ല. തുടർന്നാണ് അദ്ധ്യാപകർ പൊലീസിൽ വിവരമറിയിച്ചത്. വെടിയുണ്ടകൾ കാലപ്പഴക്കമുള്ളവയാണെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇവ പൊലീസ് കസ്റ്റഡിയിലെടുത്തു. കരീലക്കുളങ്ങര പൊലീസ് അന്വേഷണമാരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |