വിതുര: മദ്യശാലകൾ അടഞ്ഞുകിടന്നാലും മലയോരമേഖലയിൽ വിദേശമദ്യം സുലഭമായി ഒഴുകുകയാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വില്പന സജീവമായിരുന്നു. തൊളിക്കോട്,വിതുര,ആര്യനാട് പഞ്ചായത്തുകളിലാണ് മദ്യവില്പന കൂടുതലും. വിതുര,ആര്യനാട്,പാലോട്,നെടുമങ്ങാട് മദ്യശാലകളിൽ നിന്ന് ശേഖരിച്ച മദ്യമാണ് അനധികൃതമായി വിൽക്കുന്നത്.
ഡ്രൈഡേകളിലാണ് കൂടുതൽ വില്പന. വാട്സ് ആപ്പ് വഴി സന്ദേശം നൽകിയാൽ മദ്യമെത്തിക്കും.വില കൂട്ടി നൽകണമെന്നുമാത്രം. ചിലസ്ഥലങ്ങളിൽ ഇരട്ടി വിലയാണ്. രണ്ടാഴ്ച മുൻപ് മരുതാമലയിൽ നിന്നും ഒരാളെയും പാലോട്ടുനിന്ന് മറ്റരൊളെയും അറസ്റ്റ് ചെയ്തിരുന്നു. മദ്യവില്പന നടത്തിയ സമാനമായ ഒരാളെ കഴിഞ്ഞദിവസവും പിടികൂടിയിരുന്നു. നേരത്തേ എക്സൈസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വിതുര മരുതാമലയിൽ വിദേശമദ്യവില്പന നടത്തിയ ബാബു എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നും 25 ലിറ്റർ മദ്യവും പിടികൂടി. വിദേശമദ്യത്തിന് പുറമെ മലയോരമേഖലയിൽ നാടൻ ചാരായവും ഒഴുകുന്നുണ്ട്. ഓണക്കാലത്തും വ്യാജൻ ആവശ്യാനുസരണം ഒഴുകിയിരുന്നു.
സ്ത്രീകളും വിദ്യാർത്ഥികളും
വരെ ഇടനിലക്കാർ
വിനോദസഞ്ചാരകേന്ദ്രമായ പൊൻമുടി,ബോണക്കാട്,കല്ലാർ,പേപ്പാറ മേഖലകളിലും മദ്യവിതരണം തകൃതിയാണ്. ടൂറിസ്റ്റുകൾക്കിടയിൽ അമിത വിലയ്ക്കാണ് വില്പന. ബൈക്കുകളിൽ സഞ്ചരിച്ചാണ് കച്ചവടം. വില്പന കൂട്ടാൻ സ്ത്രീകളെയും വിദ്യാർത്ഥികളെയും ഉപയോഗിക്കുന്നതായി പരാതികളുണ്ട്. ഇത്തരം സംഘങ്ങൾ മലയോരമേഖലയിൽ മാസങ്ങളായി സജീവമാണ്.
തൊളിക്കോട്, വിതുര പഞ്ചായത്തുകളിൽ വർദ്ധിച്ചുവരുന്ന വ്യാജമദ്യവില്പനയ്ക്ക് തടയിടണം, എക്സൈസും, പൊലീസും ഉണർന്ന് പ്രവർത്തിക്കണം.
എസ്.എസ്.പ്രേംകുമാർ
സി.പി.എം തൊളിക്കോട് ലോക്കൽകമ്മിറ്റി സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |