അന്തിക്കാട് : ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തതിന്റെ വൈരാഗ്യത്തിൽ യുവാവിനെ ആക്രമിച്ച നിരവധി ക്രിമിനൽക്കേസിലെ പ്രതിയും കൂട്ടാളിയും അറസ്റ്റിൽ. പെരിങ്ങോട്ടുകര സ്വദേശി അരക്കാപറമ്പിൽ വീട്ടിൽ വിനയൻ (30), അന്തിക്കാട് സ്വദേശി കടവിൽ വീട്ടിൽ സൈജോ (33) എന്നിവരെയാണ് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഈ മാസം ഒമ്പതിന് ഉച്ചയ്ക്ക് 12 ഓടെ മലപ്പുറം വട്ടംകുളം സ്വദേശി വിഷ്ണു (31) എന്നയാളെ ആക്രമിച്ച കേസിലായിരുന്നു അറസ്റ്റ്. രണ്ടാഴ്ച മുമ്പ് വിഷ്ണുവും ഭാര്യയും പെരിങ്ങോട്ടുകര ക്ഷേത്രദർശനം കഴിഞ്ഞ് രാത്രി പതിനൊന്നരയോടെ ക്ഷേത്രത്തിന് മുന്നിലെ റോഡരികിൽ ടാക്‌സി കാറിൽ ഇരിക്കുമ്പോൾ പ്രതികളായ വിനയനും സൈജോയും സ്ഥലത്തെത്തി വിഷ്ണുവുമായി തർക്കത്തിലേർപ്പെട്ടിരുന്നു. ഈ തർക്കം വിഷ്ണു മൊബൈലിൽ വീഡിയോയായി പകർത്തി ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു. ഈ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.
പെരിങ്ങോട്ടുകര ആവണങ്ങാട്ട് ക്ഷേത്രത്തിന് മുൻവശത്തായിരുന്നു ആക്രമണം. കാറിൽ വരികയായിരുന്ന വിഷ്ണുവിനെ മോട്ടോർ സൈക്കിളിലെത്തിയ പ്രതികൾ തടഞ്ഞുനിറുത്തുകയും തുടർന്ന് പാർക്കിംഗ് ഗ്രൗണ്ടിലേക്ക് ഓടിച്ചുപോയ വിഷ്ണുവിനെ പിന്തുടർന്ന് ആക്രമിക്കുകയുമായിരുന്നു. വിനയൻ അന്തിക്കാട് പൊലീസ് സ്റ്റേഷനിൽ ഒരു കൊലപാതകക്കേസിലും, ഒരു കൊലപാതക ശ്രമകേസിലും ആറ് അടിപിടിക്കേസിലും തുടങ്ങി 20 ക്രിമിനൽ കേസുകളിലെ പ്രതിയാണ്. അന്തിക്കാട് സി.ഐ കേഴ്‌സൺ, എസ്.ഐ അഫ്‌സൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഡ്രൈ ഡേയിൽ വില്പനയ്ക്കായി മദ്യം സൂക്ഷിച്ചയാൾ പിടിയിൽ
ഇരിങ്ങാലക്കുട : തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഡ്രൈ ഡേയിൽ വിൽപനയ്ക്കായി പുല്ലൂരിൽ മദ്യം സൂക്ഷിച്ചയാൾ പിടിയിൽ. 10 ലിറ്റർ മദ്യം സൂക്ഷിച്ച കുറ്റത്തിന് പുത്തൻതോട് കോക്കാടൻ വീട്ടിൽ ബാലൻ മകൻ ലാലുവിനെയാണ് ഇരിങ്ങാലക്കുട എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അനുകുമാറും സംഘവും പിടികൂടിയത്. എ.ഇ.ഐ (ഗ്രേഡ്) സന്തോഷ്, സി.കെ.ചന്ദ്രൻ, പി.എ.ജെയ്‌സൻ, സി.ഇ.ഒ കെ.യു.മഹേഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |