വെള്ളറട: വ്യവസായ യൂണിറ്റ് സ്ഥാപിക്കാനായി ലക്ഷങ്ങൾ മുടക്കിയിറക്കിയ യന്ത്രങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു. തിരുവനന്തപുരം ജില്ല പഞ്ചായത്ത് വെള്ളറട ഗ്രാമപഞ്ചായത്തിലെ ആറാട്ടുകുഴിയിൽ കറി പൗഡർ യൂണിറ്റ് സ്ഥാപിക്കുന്നതിനായി വർഷങ്ങൾക്കു മുമ്പാണ് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് യന്ത്രങ്ങൾ ഇറക്കിയത്. ആനാവൂർ നാഗപ്പൻ ജില്ല പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോഴാണ് യന്ത്രങ്ങൾ ഇറക്കിയത്. ഈ യന്ത്രങ്ങൾ ഒരുദിവസം പോലും പ്രവർത്തിപ്പിച്ചിട്ടില്ല. ഇതോടൊപ്പം മറ്റൊരു വ്യവസായത്തിനായി ഇറക്കിയ യന്ത്രങ്ങൾ ഏതാനും മാസങ്ങൾ പ്രവർത്തിപ്പിച്ചെങ്കിലും അതും തുരുമ്പെടുത്ത് നശിക്കുകയാണ്.
പദ്ധതി നടപ്പായില്ല
ആറാട്ടുകുഴി ചന്തയിൽ ഒഴിഞ്ഞുകിടന്ന സ്ഥലത്ത് കറിപൗഡർ യൂണിറ്റ് സ്ഥാപിച്ച് നിരവധി പേർക്ക് തൊഴിൽ നൽകാനായിരുന്നു പദ്ധതി. എന്നാൽ യന്ത്രങ്ങൾ ഇറക്കിയതല്ലാതെ ഒന്നും നടന്നില്ല. വർഷങ്ങൾക്ക് മുമ്പ് ആനാവൂർ നാഗപ്പൻ ജില്ല പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോൾ അരക്കോടിയിലേറെ രൂപയ്ക്ക് ജില്ലയുടെ വിവധ ഭാഗങ്ങളിലായി ചെറുകിട വ്യവസായ യൂണിറ്റുകൾക്കായി മിഷണറികൾ ഇറക്കിയിരുന്നു. ഇതിൽ ഒന്നോ രണ്ടോ യൂണിറ്റുകൾ പ്രവർത്തിച്ചിരുന്നെങ്കിലും അതും നിലച്ചു.
യന്ത്രങ്ങൾ തകരുന്നു
ചെറുകിട യൂണിറ്റുകൾ വഴി ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ അന്ന് പീപ്പിൾ ബസാർ വഴി വിറ്റഴിക്കുമെന്നാണ് പറഞ്ഞിരുന്നത്. വർഷങ്ങൾ കഴിഞ്ഞിട്ടും മറ്റു നടപടികൾ നടക്കാത്തതിനെ തുടർന്ന് പഞ്ചായത്തിന്റെ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ നീക്കംചെയ്യാൻ കഴിയാതെയായി. ഇപ്പോൾ ആറാട്ടുകുഴിയിലുള്ള കെട്ടിടം യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി വെള്ളറട സെന്ററിന് കൈമാറിയതോടുകൂടി ഈ യന്ത്രസാമഗ്രികൾ വെയിലും മഴയുമേറ്റ് തുരുമ്പെടുക്കുകയാണ്.
ഒരു ദിവസം പോലും ഉപയോഗിക്കാത്ത മോട്ടോറുകളും മിഷണറികളും ലേലം ചെയ്ത് ആവശ്യകാർക്ക് നൽകിയാലും ഇറക്കിയത്തിന്റെ പകുതി വിലയെങ്കിലും ലഭിക്കുമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
പാള നിർമ്മാണശാലയും പൂട്ടി
ഇതോടൊപ്പം ആറാട്ടുകുഴിയിൽ പ്രവർത്തിച്ചിരുന്ന പാള കൊണ്ട് പാത്രം നിർമ്മിക്കുന്ന യൂണിറ്റും അടച്ചുപൂട്ടി. ഏതാനും മാസങ്ങൾ പ്രവർത്തിപ്പിച്ചപ്പോൾ അസംസ്കൃത വസ്തുവായ പാള കിട്ടാതായതോടെയാണ് പൂട്ടിയത്. ഇതിന്റെ ഉപകരണങ്ങളും ഇപ്പോൾ തിരുമ്പെടുക്കാൻ തുടങ്ങിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |