
പാലോട്: പാലോട് പഴയ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ ഓഫീസ് കെട്ടിടവും ഗാരേജും കാടുകയറി നശിക്കുന്നു. സാമൂഹ്യ വിരുദ്ധരുടെയും തെരുവുനായ്ക്കളുടെയും വിഹാര കേന്ദ്രമാണിവിടെ. കോടതി ഉത്തരവിനെതുടർന്ന് ബസ് സ്റ്റാൻഡ് കുശവൂർ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചിരുന്നെങ്കിലും പിന്നീട് പഴയ ബസ് സ്റ്റാൻഡിനെ അധികൃതർ തഴയുകയായിരുന്നു. വിവിധ കാലയളവിലായി ത്രിതല പഞ്ചായത്തുകൾ അനുവദിച്ചതും എം.എൽ.എമാരുടെ ആസ്ഥിവികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുകകളും ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടങ്ങളാണ് കെ.എസ്.ആർ.ടി.സി അധികൃതരുടെ അനാസ്ഥയിൽ നശിക്കുന്നത്.
സ്ഥലസൗകര്യം പ്രശ്നമായി
1979 മുതൽ സ്റ്റേഷൻ മാസ്റ്റർ ഓഫീസായും 1984 മുതൽ ഓപ്പറേറ്റിംഗ് സെന്ററായുമാണ് കെ.എസ്.ആർ.ടി.സി ഇവിടെ പ്രവർത്തനം ആരംഭിച്ചത്. അൻപത് സെന്റിൽ മാത്രം ബസ്‌സ്റ്റാൻഡ് പ്രവർത്തിച്ചിരുന്നതിനാൽ സ്ഥലസൗകര്യം പ്രശ്നമായിരുന്നു. കുശവൂർ ജംഗ്ഷനിലെ നാട്ടുകാരും പെരിങ്ങമ്മല പഞ്ചായത്തും മുൻകൈയെടുത്ത് 2.5 ഏക്കർ സ്ഥലം വാങ്ങി കെ.എസ്.ആർ.ടി.സിക്ക് വിട്ടുനൽകി. ഇതോടെ പെരിങ്ങമ്മല നന്ദിയോട് പഞ്ചായത്തുകൾ തമ്മിലുള്ള തർക്കമായി മാറി.
കേസ് കോടതിയിൽ
നന്ദിയോട് പഞ്ചായത്തും നാട്ടുകാരും ചേർന്ന് ബസ് സ്റ്റാൻഡിന് സമീപം 1.57ഏക്കർ സ്ഥലം വാങ്ങി നൽകിയിട്ടും ബസ് സ്റ്റാൻഡ് ആരംഭിക്കാത്തതിൽ സ്ഥലം തിരികെ ആവശ്യപ്പെട്ട് പെരിങ്ങമ്മല പഞ്ചായത്ത് കോടതിയെ സമീപിച്ചു. ബസ് സ്റ്റാൻഡ് ആരംഭിക്കുക അല്ലെങ്കിൽ സ്ഥലം പെരിങ്ങമ്മല പഞ്ചായത്തിന് വിട്ടു നൽകുക എന്ന കോടതി ഉത്തരവുണ്ടായി. ഇതോടെ നന്ദിയോട് പഞ്ചായത്തിന്റെയും നാട്ടുകാരുടെയും എതിർപ്പ് അവഗണിച്ച് ബസ്‌സ്റ്റാൻഡ് കുശവൂരിലേക്ക് മാറ്റി.ഇപ്പോൾ 1.57ഏക്കർ ഭൂമി തിരികെ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് നന്ദിയോട് പഞ്ചായത്ത്.
അന്യാധീനപ്പെടുന്നു
മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്തരിച്ച നന്ദിയോട് കെ.രവീന്ദ്രനാഥിന്റെ ഭരണകാലത്താണ് ബസ് സ്റ്റാൻഡിന് ഭൂമി വാങ്ങി നൽകിയത്. കെട്ടിടങ്ങൾ നിർമ്മിച്ച് നൽകിയതും സൈഡ് വാൾ നിർമ്മിച്ചതും അദ്ദേഹമാണ്. ഡിപ്പോ ഇവിടെ നിന്ന് മാറ്റുന്നതോടെ കോടികൾ വിലവരുന്ന ഭൂമിയും കെട്ടിടങ്ങളും അന്യാധീനപ്പെടുമെന്ന് നാട്ടുകാർക്ക് ആശങ്കയുണ്ടായിരുന്നു. അതിനാൽ ഡിപ്പോയുടെ ഒരു ഭാഗം ഈ പ്രദേശത്ത് നിലനിറുത്തണമെന്നാവശ്യപ്പെട്ട് നന്ദിയോട് ഗ്രാമപഞ്ചായത്ത് കോടതിയിൽ നൽകിയ പരാതി ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |