
കുളത്തൂർ: സിഗ്നൽ സംവിധാനം നിലച്ചതോടെ ദേശീയപാത 66ലെ കുളത്തൂർ മുക്കോലയ്‌ക്കൽ ജംഗ്ഷനിൽ അപകടങ്ങൾ പതിവാകുന്നു. ഇവിടെ ദേശീയപാത അതോറിട്ടി സ്ഥാപിച്ച സിഗ്നൽ സംവിധാനം പ്രവർത്തന രഹിതമായിട്ട് ആറുമാസത്തിലേറെയായി.
പകൽസമയം ഭാഗികമായി പ്രവർത്തിക്കുന്ന സിഗ്നൽ രാത്രിയാകുമ്പോൾ പൂർണമായി നിശ്ചലമാകും. ഇതോടെ ജംഗ്ഷന്റെ നാലു ഭാഗത്തു നിന്നുമെത്തുന്ന വാഹന യാത്രക്കാർ തോന്നിയ പോലെയാണ് സഞ്ചരിക്കുന്നത്. യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതാണ് സിഗ്നൽ സംവിധാനം തകരാറിലാകാൻ കാരണം.
രാത്രികാലങ്ങളിൽ എല്ലാ ഭാഗങ്ങളിലേക്കുമുള്ള സിഗ്നലിൽ തെളിയുന്നത് പച്ച ലൈൻ മാത്രമാണ്. ഇതുകാരണം എങ്ങോട്ടാണ് സിഗ്നൽ എന്നറിയാതെ കാത്തുകിടക്കുന്ന വാഹനങ്ങൾ ഒന്നിച്ച് പോകാൻ ശ്രമിക്കുന്നതാണ് അപകടങ്ങൾക്ക് കാരണം. ദേശീയപാത അതോറിട്ടിക്കുവേണ്ടി കെൽട്രോൺ ആണ് സിഗ്നൽ സംവിധാനം സ്ഥാപിച്ചത്. എന്നാൽ കരാർ പുതുക്കാത്തതാണ് അറ്റകുറ്റപ്പണിക്ക് തടസമെന്നാണ് കെൽട്രോൺ അധികൃതരുടെ വാദം.
12 റോഡുകൾ
-----------------------------
ദേശീയപാത 66ലെ നാലുവരിപ്പാതയും സർവീസ് റോഡുകളും ഉൾപ്പെടെ 12 റോഡുകൾ കൂടിച്ചേരുന്ന സ്ഥലമാണ് കുളത്തൂർ മുക്കോലയ്ക്കൽ ജംഗ്ഷൻ. ഈ റോഡുകളിലൂടെയുള്ള വാഹനങ്ങളെ നിയന്ത്രിക്കാൻ തക്ക ക്രമീകരണം നിലവിലെ സിഗ്നൽ സംവിധാനത്തിനില്ലെന്ന ആക്ഷേപം നിലനിൽക്കെയാണ് സിഗ്നൽ പ്രവർത്തന രഹിതമായതിനെ തുടർന്നുള്ള ദുരിതം.
ട്രാഫിക് നിയമലംഘനങ്ങൾ പതിവായ ഇവിടെ സി.സി ടിവി ക്യാമറ സംവിധാനം ഒരുക്കണമെന്ന ആവശ്യവും ഇതുവരെ നടപ്പായില്ല. രാത്രിയായാൽ ജംഗ്ഷനിൽ മതിയായ വെളിച്ചമില്ലെന്നും പരാതിയുണ്ട്. ജംഗഷനിലെ ഹെെമാസ്റ്റ് ലൈറ്റ് നിശ്ചലമായിട്ട് മാസങ്ങളായി. ഏറെ തിരക്കുള്ള ഈ ഭാഗത്ത് ട്രാഫിക് പൊലിസിന്റെ സേവനം ഇതുവരെ ലഭ്യമായിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.
ആറുമാസത്തിനിടെ 18 അപകടങ്ങൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |