
വെള്ളറട: ഒരുകാലത്ത് മലയോര ഗ്രാമീണ ജനതയ്ക്ക് വിജ്ഞാനവും ഉല്ലാസവും പകർന്നുനൽകിയ റേഡിയോ കിയോസ്കുകൾ കാടുകയറി നശിക്കുന്നു. ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെ പ്രധാനപ്പെട്ട കവലകളിൽ ലക്ഷങ്ങൾ ചെലവഴിച്ചാണ് ഗ്രാമപഞ്ചായത്തുകൾ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി റേഡിയോ കിയോസ്കുകൾ സ്ഥാപിച്ചിരുന്നത്. റേഡിയോ അപൂർവ്വമായിരുന്ന കാലഘട്ടത്തിൽ ഇവിടെ ഒത്തുകൂടിയാണ് ഗ്രാമീണ ജനത ആകാശവാണിയിലെ പരിപാടികൾ കേട്ടിരുന്നത്. വൈകിട്ടും രാവിലെയും ഉച്ചയ്ക്കുമുള്ള വാർത്തകൾ കേൾക്കാൻ റേഡിയോ കിയോസ്കുകൾക്കു മുന്നിൽ വൻ തിരക്കുണ്ടായിരുന്നു. എന്നാൽ ടിവിയിലേക്ക് വന്നതോടെ മിക്ക കിയോസ്കുകളിലും ടിവികൾ സ്ഥാപിച്ചു. ടിവി വ്യാപകമായതോടെ ഈ കേന്ദ്രങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിലായി.ഇന്ന് ഇവിടം ഇഴജന്തുക്കളുടെയും തെരുവ് നായ്ക്കളുടെയും കേന്ദ്രമായി മാറിയിരിക്കുകയാണ്. റേഡിയോയിലെ പരിപാടികൾ ആസ്വദിക്കാൻ വിവിധ വേദികളും രൂപംകൊണ്ടിരുന്നു. കാലം മാറിയതോടെ എല്ലാം ഉപേക്ഷിക്കപ്പെട്ട നിലയിലായി.
ആർക്കും വേണ്ടാത്ത അവസ്ഥയിൽ
വെള്ളറട ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളായ വെള്ളറട ടൗൺ, നെല്ലിശ്ശേരി, മുള്ളിലവുവിള, സമീപ പഞ്ചായത്തുകളായ കുന്നത്തുകാലിലെ കാരക്കോണം ജംഗ്ഷൻ, അമ്പൂരി ഗ്രാമപഞ്ചായത്തിലെ മൂങ്ങോട്, ഒറ്റശേഖരമംഗലം പഞ്ചായത്തിലെ കുരവറ എന്നിവിടങ്ങളിലെ കിയോസ്കുകളെല്ലാം ഇന്ന് ആർക്കും വേണ്ടാതെ കിടക്കുകയാണ്. പലതും അധികൃതർ തിരിഞ്ഞുനോക്കാതായതോടെ സ്വകാര്യ വ്യക്തികൾ കൈയേറിവച്ചിരിക്കുകയാണ്. ചില കിയോസ്കുകൾ നാട്ടുകാരുടെ മലമൂത്രവിസർജന കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. ടൗണുകളിലുള്ളതെങ്കിലും സംരക്ഷിച്ചാൻ ഗ്രാമപഞ്ചായത്തുകൾ തയ്യാറായാൽ മുൻകാലഘട്ടത്തിന്റെ ഓർമ്മയെങ്കിലും പുതുക്കാൻ കഴിയുമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |