
നെയ്യാറ്റിൻകര: കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുവാനായി നെയ്യാറ്റിൻകര കോടതി റോഡ് വെട്ടിപ്പൊളിച്ചിട്ടിട്ട് അധികൃതർക്ക് മിണ്ടാട്ടമില്ല. കേന്ദ്ര-സംസ്ഥാ സർക്കാരുകൾക്ക് തുല്യപങ്കാളിത്തമുള്ള അമൃത് പദ്ധതിപ്രകാരം വാട്ടർ അതോറിട്ടി പൈപ്പ് സ്ഥാപിക്കാനായാണ് കോടതി റോഡിലെ ടാർ വെട്ടിപ്പൊളിച്ചത്. വെട്ടിപ്പൊളിച്ചിട്ട് അഞ്ച് മാസം കഴിഞ്ഞിട്ടും പണി എങ്ങുമെത്തുന്നില്ല. നാട്ടുകാരും കോടതിയിലെ അഭിഭാഷകരും വാട്ടർ അതോറിട്ടി, പി.ഡബ്ല്യു.ഡി, നെയ്യാറ്റിൻകര നഗരസഭാ ഓഫീസുകളിൽ കയറിയിറങ്ങി മടുത്തമട്ടാണ്.
ബൃഹത്ത് പദ്ധതി നടത്തിപ്പിൽ ഏകോപനമില്ല
64,70000രൂപയാണ് പദ്ധതി ചെലവ്. പണി മുടങ്ങിയിട്ട് അഞ്ച് മാസം കഴിഞ്ഞതിനാൽ ഇനി പുതുക്കിയ തുകയ്ക്ക് റീടെൻഡൻ ചെയ്യേണ്ടിവരും. ആദ്യഘട്ടത്തിൽ ലഭ്യമായ തുക സംസ്ഥാന സർക്കാർ നെയ്യാറ്റിൻകര നഗരസഭയ്ക്ക് കൈമാറി. നഗരസഭ ഇതേവരെ തുക വാട്ടർ അതോറിട്ടിക്ക് നൽകിയിട്ടില്ലെന്ന് അതോറിട്ടി ഉദ്യോഗസ്ഥർ പറയുന്നു. വാട്ടർ അതോറിട്ടി തുക പി.ഡബ്ല്യു.ഡി റോഡ് ഡിവിഷന് കൈമാറണം. തുക പി.ഡബ്ല്യു.ഡിക്ക് കിട്ടിയാലും ടെൻഡർ ക്ഷണിച്ച് കരാറുകാരനെ ഏല്പിക്കാൻ സമയമെടുക്കും.
വാട്ടർ അതോറിട്ടിയുടെ ട്രീറ്റ്മെന്റ് പ്ളാന്റിൽ നിന്നും ശുദ്ധജല വിതരണ പൈപ്പ് കോടതി റോഡിലേക്ക് കടന്നു പോകാൻ സംസ്ഥാന ഹൈവേയുടെ അനുമതിയും ലഭിച്ചിട്ടില്ല. നഗരസഭയിലെ ടൗൺ പ്ളാനിംഗ് വിഭാഗത്തിനാണ് സർക്കാർ വകുപ്പുകളുടെ ഏകോപനച്ചുമതല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |