കല്ലമ്പലം: സ്തുത്യർഹമായ സേവനം ലഭിച്ചിരുന്ന നാവായിക്കുളം വില്ലേജ് ഓഫീസിന്റെ താളം തെറ്റിയിട്ട് ഒരു വർഷത്തോളമാകുന്നു. വിവിധ ആവശ്യങ്ങൾക്കായി നിത്യേന നൂറോളം പേർ വന്നുപോകുന്ന നാവായിക്കുളം വില്ലേജ് ഓഫീസിലിന്ന് നാഥനില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പലതവണകളിലായി 4 വില്ലേജ് ഓഫീസർമാർ ചുമതലയേറ്റെങ്കിലും അവരെല്ലാം പെട്ടെന്ന് തന്നെ ട്രാൻസ്ഫറായി മറ്റു സ്ഥലങ്ങളിലേക്ക് പോകുകയായിരുന്നു. കസേര ഉറയ്ക്കാത്ത വില്ലേജ് ഓഫീസെന്ന ഖ്യാതിയും ഇതിനോടകം നാവായിക്കുളം വില്ലേജാഫീസിന് സ്വന്തമായി. പഞ്ചായത്തിൽ പദ്ധതി നിർവഹണത്തിന്റെയും പെൻഷൻ പദ്ധതി പുതുക്കുന്നതിന്റെയും അവസാന തീയതി അടുത്തതിനാൽ വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, നോൺ റീ മാരേജ് സർട്ടിഫിക്കറ്റ് എന്നിവയ്ക്കായി വലിയ തിരക്കാണ് വില്ലേജിൽ അനുഭവപ്പെടുന്നത്. പലരും രാവിലെ മുതൽ വന്ന് കാത്ത് നിന്ന് നിരാശരായി മടങ്ങുന്ന സ്ഥിതിയും ഉണ്ടാവാറുണ്ട്. പൊതുജനങ്ങളെ നിരന്തരം ബുദ്ധിമുട്ടിക്കുന്ന സാഹചര്യം ഒഴിവാക്കി അടിയന്തരമായി സ്ഥിര വില്ലേജ് ഓഫീസറെ നിയമിക്കണമെന്നാണ് നാട്ടുകാരുടെയും ബി.ജെ.പി ജനപ്രതിനിധികളുടെയും ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |