തൃശൂർ: മാർ അപ്രേമിന്റെ വിയോഗം തൃശൂരിന്റെ സാഹിത്യസാംസ്‌കാരിക പൗരാേഹിത്യ മുഖത്തിന് കനത്ത നഷ്ടം. എഴുത്തിന്റേയും വായനയുടേയും വിശാലമായ ലോകം തുറന്നിട്ട അദ്ദേഹം, രാഷ്ട്രീയ പ്രസ്ഥാനങ്ങളോടും നേതാക്കളോടും ഏറെ അടുപ്പം പുലർത്തുകയും മതസൗഹാർദ്ദത്തിന്റേയും സാംസ്‌കാരിക മുന്നേറ്റത്തിന്റേയും ദീപശിഖ കൈയിലേന്തുകയും ചെയ്തുപോന്നു. ജീവിതത്തിൽ എന്നും എളിമ പുലർത്തിപ്പോന്നു. മെത്രാപ്പൊലീത്ത പദവിയിലിരിക്കുമ്പോഴും സാധാരണക്കാരനെപ്പോലെ നിലകൊണ്ടു. അവശജനവിഭാഗങ്ങളെ ചേർത്തു നിറുത്തി. അദ്ദേഹത്തിന്റെ വിയോഗത്തിനു പിന്നാലെ സമസ്ത മേഖലകളിലേയും പ്രമുഖരുടെ അനുശോചനപ്രവാഹമായിരുന്നു.
പുരോഗമന ചിന്തയുള്ള മനുഷ്യസ്‌നേഹി: മന്ത്രി കെ.രാജൻ
പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ മേലദ്ധ്യക്ഷരിൽ പ്രഥമസ്ഥാനീയനായ മാർ അപ്രേം മെത്രാപ്പോലീത്തയുടെ വിയോഗം വലിയ ആഘാതമാണ്. സഹജീവി സ്‌നേഹത്തിന്റെ മനുഷ്യമാതൃകയും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും വഴികാട്ടിയുമായിരുന്നു അപ്രേം തിരുമേനി. സഹോദര സഭകളുമായും ഇതര മതവിഭാഗങ്ങളുമായും കക്ഷിരാഷ്രീയ ഭേദമന്യേ മുഴുവൻ ജനനേതാക്കളുമായും ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിക്കുന്നതിൽ അദ്ദേഹം കാണിച്ച താത്പര്യം മതേതരത്വത്തോടുള്ള ആത്മാർത്ഥത തന്നെയാണ്.
എന്നും മനുഷ്യപക്ഷത്ത് തന്നെ നിലയുറപ്പിച്ച മാർ അപ്രേം മെത്രാപ്പൊലീത്ത കൈവയ്ക്കാത്ത വിഷയങ്ങളില്ല. തന്റെ ചിന്തകൾ, അത് ദൈവശാസ്ത്രമായാലും സഭാ ശാസ്ത്രമായാലും തത്വശാസ്ത്രമായാലും രാഷ്ട്രീയമായാൽ പോലും സാധാരണ മനുഷ്യർക്ക് മനസിലാവുന്ന തരത്തിൽ സ്വതസിദ്ധമായ നർമ്മ ശൈലിയിലൂടെ പറയുന്നത് വേറിട്ടു നിർത്തുന്നു.
സൗമ്യദീപ്തമായ സാന്നിദ്ധ്യം: മന്ത്രി ആർ.ബിന്ദു
പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ സൗമ്യദീപ്തമായ നേതൃത്വമായിരുന്ന മാർ അപ്രേം മെത്രാപോലീത്ത കാലം ചെയ്ത വാർത്ത വേദനാജനകമാണ്. സാംസ്‌കാരിക തലസ്ഥാന നഗരിയുടെ മതസൗഹാർദ്ദ അന്തരീക്ഷം ഹൃദ്യമായ നിലയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിൽ അദ്ദേഹം വലിയ പങ്കു വഹിച്ചിട്ടുണ്ട്. നർമ്മമധുരമായ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ഏവരും ഏറെ ഇഷ്ടപ്പെട്ടിരുന്നു. പ്രസരിപ്പും ഊർജ്ജസ്വലതയും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ അവിഭാജ്യ ഘടകങ്ങളായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |