തൃശൂർ: സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ കൈരളി, ശ്രീ തിയറ്ററുകൾ കോടികൾ ചെലവഴിച്ച് നവീകരിച്ചശേഷം ആഘോഷപൂർവം തുറന്നിട്ടും ആളെ കയറ്റാനാകാതെ ബാൽക്കണി. ശബ്ദസംവിധാനത്തിലെ അപാകത മൂലം ഇരുതിയറ്ററുകളുടെയും ബാൽക്കണി അടഞ്ഞുകിടക്കുന്നതിനാൽ നഷ്ടം ലക്ഷങ്ങൾ.
വർഷങ്ങളോളം അടച്ചിട്ട തിയറ്ററുകൾ 16 കോടിയിലേറെ രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. കഴിഞ്ഞ ജൂലായ് ഒന്നിനായിരുന്നു മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം നിർവഹിച്ചത്. കുടുംബ സമേതം സിനിമ കാണാനെത്തുന്നവർ ഏറെ ഇഷ്ടപ്പെടുന്ന ബാൽക്കണി ടിക്കറ്റ് കിട്ടാത്തതിൽ ചലച്ചിത്ര പ്രേമികളും നിരാശയിലാണ്.
മിക്ക തിയറ്ററുകളിലും ബാൽക്കണി ടിക്കറ്റാകും ആദ്യം തീരുക. 1999ൽ സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ കീഴിൽ ആരംഭിച്ച കൈരളി, ശ്രീ തിയേറ്ററുകൾ 10 വർഷം തികയുംമുൻപാണ് നവീകരണത്തിനായി വീണ്ടും പൂട്ടിയത്. പിന്നീട് ഏറെക്കാലമെടുത്താണ് നവീകരിച്ചശേഷം തുറന്നത്.
കൈരളി, ശ്രീ തിയറ്ററുകളിലായി 396 ബാൽക്കണി സീറ്റുകളുണ്ട്. കൈരളിയിൽ 199ഉം ശ്രീയിൽ 197 സീറ്റുകളും. 200 രൂപയുടെ കപ്പിൾ സീറ്റുകളും 197 രൂപയുടെ മറ്റ് സീറ്റുകളുമാണുള്ളത്. കൈരളിയിൽ ആകെ 519 പേർക്കിരിക്കാം. ശ്രീയിൽ 327 ആകെ സീറ്റുകളാണുള്ളത്.
രണ്ട് തിയറ്ററുകളിലുമായി 800ലേറെ പേർക്ക് സിനിമ ആസ്വദിക്കാനാകും. ഓരോ ദിവസവും ശരാശരി രണ്ടര ലക്ഷത്തോളം രൂപ ബാൽക്കണിയിൽ നിന്നുമാത്രം ലഭിക്കേണ്ടതാണ്. കരാറുകാരുടെ പിടിപ്പുകേട് മൂലം ഇത് നഷ്ടമാകുന്നു. ശബ്ദസംവിധാനത്തിന്റെ തകരാർ പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സമയമെടുക്കും.
ഓണക്കാലത്ത് പുതിയ ചിത്രങ്ങൾ റിലീസിംഗിന് തയ്യാറെടുക്കുമ്പോൾ സീറ്റുകൾ കുറവുള്ള തിയറ്ററുകളിലേക്ക് ചിത്രങ്ങൾ നൽകാൻ വിതരണക്കാരും തയ്യാറായേക്കില്ലെന്നാണ് ആശങ്ക.
ആർ.ജി.ബി 4 കെ ലേസർ പ്രൊജക്‌ഷൻ, ഹ്യൂഗോ സിൽവർ സ്‌ക്രീനുകൾ, ഡോൾബി അറ്റ്‌മോസ് 36 ചാനൽ ഓഡിയോ, പുഷ്ബാക്ക്, പ്ലാറ്റിനം സോഫ സീറ്റിംഗ്, എയർ കണ്ടീഷൻഡ് ബേബി ഫീഡിംഗ് റൂമുകൾ ലിഫ്ടുകൾ, കഫറ്റീരിയ, കാത്തിരിപ്പ് സ്ഥലം, അതിഥി മുറികൾ, ആക്‌സസ് ചെയ്യാവുന്ന വിശ്രമമുറികൾ, വികലാംഗ സൗഹൃദപരമായി രൂപകൽപ്പന ചെയ്ത വിശാലമായ വാഹന പാർക്കിംഗ് എന്നിവയും സമുച്ചയത്തിൽ ഉൾപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |