കൊടുങ്ങല്ലൂർ: 'ഫസീലയും ഭർത്താവും പതിവായി വഴക്കിടാറുണ്ടെന്ന് അവൾ വിളിച്ചുപറഞ്ഞപ്പോൾ അത്ര കാര്യമാക്കിയില്ല. എല്ലാ വീട്ടിലും പ്രശ്‌നങ്ങളുണ്ടല്ലോയെന്ന് കരുതി. പക്ഷേ, തെറ്റായിപ്പോയി'- മാതൃസഹോദരൻ നൗഷാദ് പറയുന്നു. ഭർത്താവും ഭർതൃമാതാവും ഫസീലയുമായി സ്വരച്ചേർച്ചയുണ്ടായിരുന്നില്ല. പ്രശ്നങ്ങളെല്ലാം പറഞ്ഞപ്പോൾ 'കുഴപ്പമില്ല മോളെ, അതൊക്കെ എല്ലാ വീട്ടിലുമുള്ളതല്ലേ എന്ന് പറഞ്ഞ് ഫസീലയെ സമാധാനിപ്പിക്കുകയാണ് ചെയ്തതെന്നും അത് ദോഷമായെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വിശദീകരിച്ചു.
ഫസീല രണ്ടാമതും ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല. ഗർഭിണിയാണെന്നും നൗഫൽ ഫസീലയുടെ വയറിന് ചവിട്ടിയെന്നും തെറിവിളിച്ചതുമെല്ലാം അവൾ ഉമ്മയ്ക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞിട്ടുണ്ട്. ആശുപത്രിയിൽ എത്തിയപ്പോൾ നൗഫലിന്റെ വീട്ടുകാരുടെ പെരുമാറ്റത്തിൽ തെറ്റൊന്നും തോന്നിയില്ല. പക്ഷേ പൊലീസ് വന്നപ്പോൾ എല്ലാം മാറിമറിഞ്ഞു. ക്രൂരമനസാണ് അവർക്കെന്ന് വർത്തമാനം പറഞ്ഞപ്പോഴും തോന്നിയെന്നും നൗഷാദ് വിശദീകരിച്ചു.
ഫസീലയുടെ ഭർതൃവീട്ടുകാർ വിശദമായി ഒന്നും പറഞ്ഞില്ല, പൊലീസാണ് എല്ലാം വിശദീകരിച്ചത്. വീട്ടിലെ ഒറ്റമോളായിരുന്നു ഫസീല. പ്രശ്‌നങ്ങൾ പറഞ്ഞ് വിളിക്കുമ്പോൾ ഉമ്മയും വാപ്പയുമാണ് എപ്പോഴും പോകാറ്. ഒരിക്കൽ നൗഫലിന്റെ ഉമ്മയും ഫസീലയും തമ്മിൽ പ്രശ്‌നമുണ്ടായപ്പോൾ കൂടെ പോയിരുന്നു. ഫസീല എന്റെ മോളെപ്പോലെയാണെന്ന് പറഞ്ഞാണ് നൗഫലിന്റെ മാതാവ് പ്രശ്‌നങ്ങൾ തീർത്തത്. അവൻ അവളെ ശാരീരികമായി ഉപദ്രവിച്ചത് പൊറുക്കാനാകില്ലെന്നും നൗഷാദ് പറഞ്ഞു.
റൂറൽ എസ്.പി: ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി: കെ.ജി. സുരേഷ്, ഇരിങ്ങാലക്കുട ഇൻസ്‌പെക്ടർ എ.എസ്. ഷാജൻ, എസ്.ഐമാരായ പി.ആർ. ദിനേഷ് കുമാർ, സുമൽ, പ്രസാദ്, ഇ.യു. സൗമ്യ, ജി.എ.എസ്.ഐമാരായ ഗോപകുമാർ, എം.എസ്. സീമ, ജി.എസ്.സി.പി.ഒമാരായ ജീവൻ, ഉമേഷ്, ശരത്ത്, സി.പി.ഒമാരായ എം.എം. ഷാബു, എം.ആർ. അഖിൽ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |