തൃശൂർ: റവന്യൂ ജില്ലാ കായിക മേള ഇന്ന് കൊടിയിറങ്ങാനിരിക്കെ കഴിഞ്ഞ വർഷത്തെ ജേതാക്കാളായ ഈസ്റ്റ് ഉപജില്ലയുടെ കുതിപ്പ് തടഞ്ഞ് ചാലക്കുടിയുടെ മുന്നേറ്റം. ഇന്നലെ മത്സരങ്ങൾ പൂർത്തിയായപ്പോൾ 124.5 പോയിന്റോടെയാണ് ചാലക്കുടി ഉപജില്ല മുന്നിട്ട് നിൽക്കുന്നത്. 120 പോയിന്റുമായി ഈസ്റ്റ് ഉപജില്ല തൊട്ടു പിന്നിലുണ്ട്. 78 പോയന്റുമായി ചാവക്കാട് ഉപജില്ലയാണ് മൂന്നാമത്. മാള(78), കുന്നംകുളം(50.5), വലപ്പാട്(41), കൊടുങ്ങല്ലൂർ(32),തൃശൂർ വെസ്റ്റ്(24), വടക്കാഞ്ചേരി(21),മുല്ലശേരി(19),ചേർപ്പ്(10), ഇരിങ്ങാലക്കുട(5) എന്നിങ്ങനെയാണ് മറ്റു ഉപജില്ലകളുടെ പോയിന്റു നില.
കുതിപ്പ് തുടർന്ന് ശ്രീകൃഷ്ണ
മേളയുടെ രണ്ടാം ദിനത്തിലും സ്കൂൾ വിഭാഗത്തിൽ കുതിപ്പ് തുടർന്ന് ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ. അഞ്ച് സ്വർണവും ആറു വീതം വെള്ളിയും വെങ്കലും നേടി 49 പോയിന്റുമായാണ് ശ്രീകൃഷ്ണ ആദ്യദിവസത്തെ മേധാവിത്വം രണ്ടാം ദിനത്തിലും തുടർന്നത്. മേലൂർ സെന്റ് ജോസഫ്സ് ഹൈസ്കൂൾ 36.5 പോയന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. അഞ്ച് സ്വർണവും ആറു വെള്ളിയും നാല് വെങ്കലവും നേടിയിട്ടുണ്ട്. അഞ്ച് സ്വർണവും മൂന്നു വെള്ളിയും ഒരു വെങ്കലുവായി 35 പോയിന്റുകൾ നേടി ആളൂർ ആർ.എം.ഹയർ സെക്കൻഡറി സ്കൂളാണ് മൂന്നാമത്. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പോയിന്റ് നേടിയ തൃശൂർ കാൽഡിയൻ സിറിയൻ സ്കൂളിന് നാലു സ്വർണവും മൂന്നു വെള്ളിയും രണ്ട് വെങ്കലവുമായി 31 പോയിന്റോടെ നാലാം സ്ഥാനത്താണ്.
തുടർച്ചയായി സ്വർണം
ഏറിഞ്ഞിട്ട്ഫിദ
കുന്നംകുളം: പതിവ് തെറ്റിയില്ല, തുടർച്ചയായി രണ്ടാം വർഷവും ഫിദയുടെ ഏറിൽ സ്വർണം വീണു. ജൂനിയർ ജാവലിൻ ത്രോയിലാണ് കുണ്ടുകാട് നിർമല ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി കെ.എസ്. ഫിദ സ്വർണം നേടിയത്. കഴിഞ്ഞ വർഷവും ഒന്നാം സ്ഥാനം നേടിയിരുന്നു. കായികാദ്ധ്യാപകൻ കെ.ജി. തോമസിന്റെ ശിക്ഷണത്തിലാണ് ഫിദ മത്സരത്തിനെത്തിയത്. മെഡിക്കൽ റെപ്രസെന്റേറ്റീവായ മംഗലം കുവ്വക്കാട്ടിൽ ഷെഫീഖിന്റെയും ജംഷീനയുടെയും മകളാണ്. തുടർച്ചയായി മൂന്നാം വർഷവും ജൂനിയർ വിഭാഗത്തിൽ നിർമ്മല സ്കൂളിന് തന്നെയായിരുന്നു ജാവലിൻ ത്രോയിൽ സ്വർണം.
മലയാള മണ്ണിൽ സോനാലിക്ക് സ്വർണ നേട്ടം
കുന്നംകുളം: മലയാള മണ്ണിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മറാത്തി പെൺ കൊടിക്ക് സ്വർണ നേട്ടം. മഹാരാഷ്ട്ര സാംഗ്ലി സ്വദേശിയായ സോനാലി ചൂണ്ടൽ എൽ.ഐ.ജി.എച്ച്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. സീനിയർ ബേസ് ബാൾ, സോഫ്റ്റ് ബൾ സംസ്ഥാന ടീം അംഗമാണ്. സ്കൂളിലെ കായികാദ്ധ്യാപിക സിന്ധുവാണ് പരിശീലക. വർഷങ്ങൾക്കു മുമ്പ് സ്വർണപ്പണി ജോലിയുടെ ഭാഗമായി കേച്ചേരിയിൽ താമസമാക്കിയ ദിൽമാലി-സരിഗ ദമ്പതികളുടെ മകളാണ്. സഹോദരൻ സുജൽ.
ചാടിയത് സ്വർണത്തിലേക്ക്
കുന്നംകുളം: ജൂനിയർ വിഭാഗം ലോംഗ് ജംപിൽ മത്സരിക്കാൻ അവസരം ലഭിച്ചിട്ടും സീനിയർ വിഭാഗത്തിൽ സ്വർണം ചാടിയെടുത്ത് ഗായത്രി. 4.97 മീറ്ററാണ് ഗായത്രി ചാടിയത്. ഏങ്ങണ്ടിയൂർ സെന്റ് തോമസ് എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ എൻ.ജി. ഗായത്രി കഴിഞ്ഞ തവണ സംസ്ഥാന ജൂനിയർ വിഭാഗത്തിൽ സ്വർണം നേടിയിരുന്നു. ഇനി ഹർഡിൽസ് നൂറു മീറ്ററിലും ട്രിപ്പിൾ ജംപിലും മത്സരമുണ്ട്. ഏങ്ങണ്ടിയൂർ നെടുമാട്ടുമ്മൽ ഗണേഷ്-അനു ദമ്പതികളുടെ മകളാണ്. നാട്ടിക സ്പോർട്ട്സ് അക്കാഡമിയിലെ കണ്ണന്റെ (സനോജ് ) ശിഷ്യയാണ്. അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ ഇറങ്ങിയ കഴിമ്പ്രം വി.പി എം.എസ്.എൻ.ഡി.പി എച്ച്.എ.സ്.എസ് പത്താം ക്ലാസ് വിദ്യാർഥിനി വി. ഗൗരിക്കാണ് വെള്ളി.
ഹാട്രിക് ലക്ഷ്യമിട്ട് അശ്വതി
തൃശൂർ: ഹാട്രിക് സ്വർണം ലക്ഷ്യമിട്ട് അശ്വതി ഇന്ന് ട്രിപ്പിൾ ജംപിൽ മാറ്റുരയ്ക്കും. ആദ്യ ദിവസം ജൂനിയർ പെൺകുട്ടികളുടെ ലോംഗ് ജംപിൽ സ്വർണം നേടിയ അശ്വതി ഇന്നലെ 100 മീറ്റർ ഹഡിൽസിലും സ്വർണം കരസ്ഥമാക്കിയിരുന്നു. കഴിഞ്ഞ വർഷം സംസ്ഥാന കായിക മേളയിൽ ലോംഗ് ജംപിലും 100 മീറ്റർ ഹഡിൽസിലും വെങ്കലം നേടിയിരുന്നു. സ്പോർട്സിൽ കൂടുതൽ ശ്രദ്ധചെലുത്തുന്നതിനായി നാട്ടിക ഫീഷറീസ് സ്കൂളിലേക്ക് മാറിയ അശ്വതി സംസ്ഥാന കായിക മേളയിൽ ജില്ലയുടെ സ്വർണ പ്രതീക്ഷയാണ്. നാട്ടിക സ്പോഴ്സ് അക്കാഡമിയിലെ കണ്ണന്റെ ശിക്ഷ്യയാണ് അശ്വതി.
ഫുട് ബാളിലെ മിഡ് ഫീൽഡർക്ക്
ക്രോസ് കൺട്രിയിൽ സ്വർണനേട്ടം
കുന്നംകുളം: ഫുട്ബാളിലെ മിഡ് ഫീൽഡർക്ക് ക്രോസ് കൺട്രിയിൽ സ്വർണനേട്ടം. നാല് കിലോമീറ്റർ ക്രോസ് കൺട്രിയിലാണ് ജില്ലാജൂനിയർ ടീം അംഗമായ ടി.യു.അവന്തിക ഒന്നാം സ്ഥാനം നേടിയത്. മാള എസ്.എൻ.വി.എച്ച്.എസ്.എസ് വിദ്യാർത്ഥിനിയാണ്. 1500, 3000 മീറ്റർ ഓട്ട മത്സരത്തിലും പങ്കെടുക്കുന്നുണ്ട്. ആളൂർ വെള്ളാഞ്ചിറ തളിയേടത്ത് ഉദയകുമാർ, അംബിക ദമ്പതികളുടെ മകളാണ്. സബീഷാണ് പരിശീലകൻ.
ജൂനിയർ വിഭാഗം
നടത്തത്തിൽ അരിമ്പൂർ
കുന്നംകുളം: ഷൂസെടുക്കാൻ മറന്നെങ്കിലും ശ്രീഹരി സുനിൽകുമാർ നടന്നുകയറിയത് സ്വർണത്തിലേക്ക്. ബെയർ ബൂട്ടിൽ അഞ്ചുകിലോമീറ്റർ നടന്നാണ് സ്വർണത്തിൽ മുത്തമിട്ടത്. അരിമ്പൂർ സെന്റ് അൽഫോൺസ് എച്ച്.എസ്.എസ് എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. അരിമ്പൂർ വടക്കേവീട്ടിൽ സുനിൽകുമാർ- പ്രിയങ്ക ദമ്പതികളുടെ മകനാണ്. ജൂനിയൽ ഗേൾസ് മൂവ്വായിരം മീറ്റർ നടത്തത്തിൽ ഇതേ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി പി. കവിതയ്ക്കാണ് സ്വർണം. സ്കൂളിലെ കായികാദ്ധ്യാപകൻ സോജൻ ജെയിംസാണ് പരിശീലകൻ. 5000 മീറ്റർ സീനിയർ നടത്തത്തിൽ കഴിഞ്ഞ വർഷത്തെ വെള്ളി മെഡൽ ജോനസ് ജോയ് ഇത്തവണ സ്വർണമാക്കി. ചാലക്കുടി കാർമൽ എച്ച്.എസ്.എസ് പ്ലസ്ടു വിദ്യാർത്ഥിയാണ്. പാനിക്കുളങ്ങര പി.പി. ജോയ്- സോണിയ ദമ്പതികളുടെ മകനാണ്.
റിപ്പോർട്ട് :കൃഷ്ണകുമാർ ആമലത്ത്
ഫോട്ടോ : അമൽ സുരേന്ദ്രൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |