തൃശൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഗവ.മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള ഒ.പി ബഹിഷ്‌കരണത്തിൽ വലഞ്ഞ് രോഗികൾ. സമരത്തിൽ 80 ശതമാനത്തോളം പേർ പങ്കെടുത്തതോടെ ഭൂരിഭാഗം ഡിപ്പാർട്ട്‌മെന്റുകളിലും ഒ.പി മുടങ്ങി. പൊതുഅവധിയും മുൻകൂട്ടി സമര പ്രഖ്യാപനവും മൂലം രോഗികളുടെ എണ്ണം കുറവായിരുന്നെങ്കിലും എത്തിച്ചേർന്ന രോഗികൾ മടങ്ങി. അതേ സമയം അത്യാഹിത വിഭാഗങ്ങളും ശസ്ത്രക്രിയകളുമെല്ലാം പതിവു പോലെ പ്രവർത്തിച്ചു.
മെഡിസിൻ, പർമനോളജി, ഇ.എൻ.ടി തുടങ്ങി പല ഒ.പികളിലും നൂറുശതമാനം പേരും സമരത്തിൽ പങ്കാളികളായി. ചിലയിടങ്ങളിൽ പി.ജി ഡോക്ടർമാരുടെ സേവനം ആശ്വാസമായി. ദിവസവും 3000 -4500 ഓളം രോഗികളാണ് മെഡിക്കൽ കോളേജ് ഒ.പിയിലെത്തുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ളവരാണ് കൂടുതലും. ഒരോ ആഴ്ച്ചയിലും ഒരോ വിഭാഗങ്ങളിൽ ബഹിഷ്‌കരണ സമരം നടത്തും. സമരത്തിന് ഡോ.ബിനോയ്, ഡോ. നിമിഷ, ഡോ.ജയകൃഷ്ണൻ, ഡോ.അനന്തകേശവൻ , ഡോ.നിർമ്മൽ ഭാസ്‌കർ എന്നിവർ നേതൃത്വം നൽകി. സർക്കാരിൽനിന്ന് അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമായി തുടരും. ഭാവി പ്രതിഷേധ പരിപാടികൾ 25ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചേരുന്ന വാർഷിക സമ്മേളനത്തിൽ തീരുമാനിക്കും.
അടുത്ത ഘട്ടം ക്ലാസുകൾ ബഹിഷ്‌കരിക്കൽ
20, 28, നവംബർ 5, 13, 21, 29 തീയതികളിലായി എല്ലാ ക്ലാസുകളും ബഹിഷ്‌കരിക്കും.
ആവശ്യങ്ങൾ
ക്ഷാമബത്ത കേന്ദ്രനിരക്കിൽ പൂർണമായി കുടിശികയോടെ അനുവദിക്കുക,
രോഗികളുടെ എണ്ണത്തിനനുസരിച്ച് ഡോക്ടർമാരുടെ തസ്തിക സൃഷ്ടിക്കുക
അന്യായമായ പെൻഷൻ സിലീംഗ് പരിഹരിക്കുക
എൻട്രി കേഡറിലെ ശമ്പളക്കുറവ് പരിഹരിക്കുക
പുതുതായി തുടങ്ങിയ മെഡിക്കൽ കോളേജുകളിൽ എൻ.എം.സി മാനദണ്ഡപ്രകാരമുള്ള തസ്തികകൾ സൃഷ്ടിക്കുക
ആവശ്യമായ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കുക.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മെഡിക്കൽ കോളേജിലെ അദ്ധ്യാപകരായ ഡോക്ടർമാരായ സമരം പൂർണമായിരുന്നു. അത്യാഹിത വിഭാഗങ്ങളും ശസ്ത്രക്രിയകളും മുടക്കാതെയായിരുന്നു സമരം.
( ഡോ. ബിനോയ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |