തൃശൂർ: മിന്നൽപ്രളയത്തിന് സമാനമായി 2018ൽ വെള്ളം കയറാത്ത സ്ഥലങ്ങളെപ്പോലും മുക്കിക്കളഞ്ഞ മിന്നൽപ്രളയങ്ങൾ കേരളത്തിൽ എവിടെയും സംഭവിക്കാമെന്ന് കാലാവസ്ഥാവിദഗ്ദ്ധർ. മുൻകാലങ്ങളിലെ തുലാവർഷത്തിലെ തുടർച്ചയെന്നോണമുണ്ടാകുന്ന മേഘവിസ്‌ഫോടനങ്ങൾ നടക്കുമെന്ന് മുന്നറിയിപ്പ് നൽകുമ്പോഴും തൃശൂർ നഗരം അടക്കമുളള സ്ഥലങ്ങളിൽ മഴമാപിനികൾ പോലുമില്ല. കൃഷി അടക്കമുളളവയ്ക്ക് കോടികളുടെ നാശം സംഭവിച്ചാലും മഴകൊണ്ടുളള നാശം സാധൂകരിക്കുന്ന മഴക്കണക്ക് ലഭ്യമാവില്ല. പെട്ടെന്ന് അതിശക്തമായ മഴയാണ് ഞായറാഴ്ച അർദ്ധരാത്രിയിൽ കോരിച്ചൊരിഞ്ഞത്. റോഡുകളിലും വീടുകളിലും വെള്ളം കയറി. വാഹനങ്ങൾ മുങ്ങി. സംഭവിച്ചത് മിന്നൽപ്രളയമാണോയെന്ന് വ്യക്തമാകണമെങ്കിൽ കണക്ക് ലഭിക്കണം. വർഷങ്ങൾക്ക് മുൻപ് ടൗൺഹാളിൽ മാപിനിയുണ്ടായിരുന്നെങ്കിലും അത് കേടായതിനുശേഷം മറ്റെവിടേയും മാപിനി സ്ഥാപിച്ചില്ല. 10000 രൂപ പോലും ഇതിന് ചെലവില്ലെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ തന്നെ പറയുന്നു.
ന്യൂനമർദ്ദം പണിയാകുമോ?
ന്യൂനമർദ്ദം രൂപപ്പെടുന്നതിനു മുൻപ് കാറ്റിന്റെ ശക്തികുറഞ്ഞ കറക്കമായ ചക്രവാതച്ചുഴിയുണ്ടാകും. മർദ്ദവ്യതിയാനം കാരണം ചാക്രിക രീതിയിൽ കാറ്റു കറങ്ങുന്നതാണ് ചക്രവാതച്ചുഴിക്ക് ഇടയാക്കുന്നത്. വിവിധ ദിശയിലെ കാറ്റ് മർദ്ദവ്യത്യാസം മൂലം ചക്രംപോലെ കറങ്ങും. ഘടികാരദിശയിലും എതിർഘടികാരദിശയിലും ഈ കറക്കം ഉണ്ടാകും. ഭൂമിയുടെ ദക്ഷിണാർദ്ധ ഗോളത്തിൽ ഇത് ഘടികാര ദിശയിലും ഉത്തരാർദ്ധത്തിൽ ഇത് എതിർഘടികാരദിശയിലുമായിരിക്കും.
ഇന്നലെ പെയ്തത്:
ഇരിങ്ങാലക്കുട: 75 എം.എം
കൊടുങ്ങല്ലൂർ: 30
ചാലക്കുടി: 10.2
ഏനാമാക്കൽ: 8
വെള്ളാനിക്കര: 7.8
കൃഷിനാശം ഗുരുതരമാകും
കഴിഞ്ഞദിവസം കനത്തമഴയിൽ ബണ്ട് പൊട്ടി മാരാർ കോൾപ്പാടവും എൽത്തുരുത്ത് പാടവും നിറഞ്ഞത് കൃഷി പ്രതിസന്ധിയിലാക്കിയിരുന്നു. കഴിഞ്ഞ വർഷവും ഇതേസ്ഥലത്തുതന്നെ തുലാവർഷക്കാലത്ത് ബണ്ട് പൊട്ടി 40 ദിവസത്തിലേറെ പ്രായമായ നെൽച്ചെടികൾ നശിച്ചിരുന്നു. ഈ വർഷവും അടിത്തറ ബലപ്പെടുത്താതെ നിർമ്മിച്ചതാണ് ബണ്ട് പൊട്ടാൻ കാരണമെന്ന് കർഷകർ ആരോപിക്കുന്നു. വെള്ളം മുഴുവൻ വറ്റിച്ച് വിത്തിടലിന് തയ്യാറെടുക്കുന്ന കർഷകർക്കാണ് മഴ തിരിച്ചടിയായത്. ചാലിലെ മാലിന്യവും ചണ്ടിയുമെല്ലാം പാടത്ത് എത്തിയിരുന്നു. കൃഷി ആരംഭിക്കാൻ ആദ്യം ബണ്ട് പുനഃസ്ഥാപിക്കണം. അതിനുശേഷം വേണം വെള്ളം വറ്റിക്കാൻ. മാരാർപടവിലെ 60 ഏക്കർ കൃഷിയും എൽത്തുരുത്തിലെ 90 ഏക്കർ കൃഷിയുമാണ് അനിശ്ചിതത്വത്തിലാകുന്നത്.
മിന്നൽപ്രളയത്തിനുളള സാദ്ധ്യതകൾ തള്ളിക്കളയാനാവില്ല. മഴ മാപിനികൾ പ്രധാന സ്ഥലങ്ങളിൽ സ്ഥാപിക്കേണ്ടത് ഏറെ അനിവാര്യമാണ്.
-ഡോ. ഗോപകുമാർ ചോലയിൽ,
കാലാവസ്ഥ ഗവേഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |