
തൃശൂർ: തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കും മുമ്പ് സ്ഥാനാർത്ഥി നിർണയത്തിൽ പല സ്ഥലത്തും സി.പി.എം - സി.പി.ഐ തർക്കം ഉടലെടുത്തതോടെ പ്രചാരണത്തിലും ഇത് പ്രതിഫലിക്കുമോ എന്ന ആശങ്കയിൽ നേതൃത്വം. ഇത്തവണ പല സ്ഥലങ്ങളിലും ഇടതുമുന്നണിയിലെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതിന് പിന്നിൽ സി.പി.എം - സി.പി.ഐ തർക്കമാണെന്നാണ് സൂചന.
പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐ നേതൃത്വം എടുത്ത നിലപാടിൽ സി.പി.എം നേതൃത്വത്തിന് ശക്തമായ പ്രതിഷേധമുണ്ട്.
തിരഞ്ഞെടുപ്പ് മുന്നിലുണ്ടെന്ന് ബോദ്ധ്യമായിട്ടും പരസ്യപ്രസ്താവനകളിലൂടെ സി.പി.എം നേതൃത്വത്തെയും സർക്കാരിനെയും മുൾമുനയിൽ നിറുത്തിയത് ശരിയായില്ലെന്ന നിലപാടിലാണ് മന്ത്രിമാരുൾപ്പെടെയുള്ള പാർട്ടി നേതൃത്വം. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയടക്കമുള്ളവർ ഇത് പരസ്യമായി പറഞ്ഞിരുന്നു.
ചില സി.പി.ഐ മന്ത്രിമാരും നേതാക്കളും യുവജനസംഘടനാ നേതാക്കളും മോശക്കാരനാക്കി ചിത്രീകരിച്ചത് ഏറെ വേദനയുണ്ടാക്കിയെന്നും സൂചിപ്പിച്ചിരുന്നു. നേതാക്കളുടെ ഇത്തരം പരാമർശങ്ങൾക്കിടയിൽ, സി.പി.ഐയെ ഒരു പാഠം പഠിപ്പിക്കണമെന്ന നിലപാട് അണികളാരെങ്കിലുമെടുക്കുമോയെന്ന ആശങ്ക സി.പി.ഐക്കുമുണ്ട്. സി.പി.ഐ സ്ഥാനാർത്ഥികളെ കാലുവാരുമോയെന്ന ആശങ്ക ഘടകകക്ഷികൾക്കുമുണ്ട്. ഇതിനിടയിലാണ് സ്ഥാനാർത്ഥി നിർണയത്തിലെ തർക്കം. തൃശൂർ കോർപറേഷൻ സ്ഥാനാർത്ഥി നിർണയം സാധാരണ വലിയ പ്രശ്‌നങ്ങളില്ലാതെയാണ് പൂർത്തിയാകാറ്. എന്നാൽ ഇത്തവണ സി.പി.ഐയുമായുള്ള ചില തർക്കങ്ങൾ മൂലം സ്ഥാനാർത്ഥി പ്രഖ്യാപനം വൈകി. ചില സീറ്റ് വച്ചുമാറാനും ഏറ്റെടുക്കാനും ശ്രമം നടത്തിയതാണ് തർക്കത്തിലായത്.
സി.പി.എമ്മിന്റെ തണലിലാണ് സി.പി.ഐക്കാർ ജീവിക്കുന്നതെന്ന് വരെ പ്രാദേശിക തലങ്ങളിൽ തർക്കമുണ്ട്. എന്നാൽ എന്ത് പ്രകോപനമുണ്ടായാലും എൽ.ഡി.എഫിനൊപ്പം ഉറച്ചു നിൽക്കണമെന്നും ബന്ധത്തിൽ വിള്ളലുണ്ടാക്കരുതെന്നുമാണ് സി.പി.ഐ ജില്ലാ നേതൃത്വങ്ങൾക്ക് സംസ്ഥാന നേതൃത്വം നൽകിയിരിക്കുന്ന നിർദ്ദേശം.
വിള്ളൽ വീഴ്ത്താൻ സർവകലാശാലയും
സർവകലാശാല ഫീസ് കൂട്ടിയതിനെതിരെ എസ്.എഫ്.ഐ കാർഷിക സർവകലാശാലയിൽ സമരം നടത്തിയിരുന്നു. പിന്നീട് ഫീസ് വർദ്ധന പിൻവലിച്ചു. പി.എം ശ്രീ വിവാദം കത്തി നിൽക്കുന്നതിനിടയിലെ സമരം സി.പി.ഐക്കെതിരെയുള്ള ഒളിയമ്പാണെന്ന വ്യാഖ്യാനമുണ്ടായി. കാർഷിക സർവകലാശാലയിൽ അടുത്തയിടെ സി.പി.ഐ സംഘടന ധനവകുപ്പിനെതിരെ നടത്തിയ സമരവും ചർച്ചയായിരുന്നു. സി.പി.ഐ നേതൃത്വം അറിഞ്ഞാണ് ഇത്തരത്തിൽ സമരം നടത്തുന്നതെന്ന ആരോപണം ഉയർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |