
ഇരിങ്ങാലക്കുട: നാലു ദിവസത്തെ കലാമാമാങ്കത്തിന് തിരശീല വീണു. കലാകിരീടം ചൂടി ഇരിങ്ങാലക്കുട. 994 പോയിന്റ് നേടിയാണ് ആതിഥേയരായ ഇരിങ്ങാലക്കുട ഒന്നാമതെത്തിയത്. കലയുടെ കൗമാര കുടമാറ്റം അവസാനിക്കുമ്പോൾ കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ തൃശൂർ വെസ്റ്റ് ഇക്കുറി 941 പോയിന്റോടെ നാലാമതാണ്. 950 പോയിന്റ് നേടി തൃശൂർ ഈസ്റ്റാണ് രണ്ടാമത്. 942 പോയിന്റുമായി കുന്നംകുളം മൂന്നാം സ്ഥാനത്തും 885 പോയിന്റുമായി വലപ്പാട് അഞ്ചാമതുമാണ്. മാള (896), ചാലക്കുടി (893), കൊടുങ്ങല്ലൂർ (873), ചേർപ്പ് (838), ചാവക്കാട് (838), വടക്കാഞ്ചേരി (793), മുല്ലശേരി (715) എന്നിങ്ങനെയാണ് പോയിന്റ് നില. സ്കൂളുകളിൽ 311 പോയിന്റോടെ കൊടുങ്ങല്ലൂർ ഉപജില്ലയിലെ മതിലകം സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് ഇക്കുറിയും ഓവറാൾ ചാമ്പ്യന്മാരായി. 276 പോയിന്റുമായി ചാലക്കുടി കാർമൽ എച്ച്.എസ്.എസാണ് രണ്ടാമത്. ചെന്ത്രാപ്പിന്നി എച്ച്.എസ്.എസ് 275 പോയിന്റോടെ മൂന്നാമതെത്തി. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സമ്മാനദാനം നടത്തി.
കഥകളിയിൽ നാലാമതും
ഒന്നാമനായി യദുകൃഷ്ണൻ
ഇരിങ്ങാലക്കുട: നാലാം തവണയും കഥകളിയിൽ ഒന്നാംസ്ഥാനം നേടി യദുകൃഷ്ണൻ. കഴിഞ്ഞ മൂന്നു വർഷമായി സംസ്ഥാന, ജില്ലാ കലോത്സവങ്ങളിൽ ഹൈസ്കൂൾ വിഭാഗം കഥകളിയിൽ ഒന്നാംസ്ഥാനം യദുകൃഷ്ണനായിരുന്നു. ഇക്കുറി ഹയർ സെക്കൻഡറി വിഭാഗത്തിൽ മത്സരിച്ചപ്പോഴും ജില്ലാതലത്തിൽ നേട്ടം ആവർത്തിച്ചു. സംസ്ഥാന കലോത്സവത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ പി.ജി.യദുകൃഷ്ണൻ. അഞ്ചുവയസിൽ അച്ഛൻ കലാനിലയം ഗോപിനാഥിന്റെ ശിക്ഷണത്തിലാണ് കഥകളി അഭ്യസിച്ചു തുടങ്ങിയത്. പാതിവിന്റെ വിയോഗശേഷം കലാനിലയം ഗോപിനാഥിന്റെ ഗുരുവായ കലാനിലയം ഗോപിയുടെ കീഴിലാണ് കഥകളി അഭ്യസിക്കുന്നത്.
പാളിച്ചകൾ തുടർന്നു...
ഒരു കലോത്സവം കുടി കൊടിയിറങ്ങി
ഇരിങ്ങാലക്കുട: സംഘാടനത്തിലെ പാളിച്ചകൾ എല്ലാവർഷവും കലാമേളകളിൽ ഉയർന്നിട്ടും പാഠം പഠിക്കാതെ ഇക്കുറിയും തഥൈവ. കഴിഞ്ഞ തവണ കുന്നംകുളത്ത് നടന്ന കലാമേളയുടെ നടത്തിപ്പിനെ കുറിച്ച് വ്യാപക വിമർശനം ഉയർന്നിരുന്നു. എന്നാൽ, അത്തരം കാര്യങ്ങളിൽ പരിഹാരം ഉണ്ടാകുമെന്ന ഉറപ്പ് ഇത്തവണയും പാലിച്ചില്ല. ആദ്യദിനത്തിൽ തുടങ്ങിയ പ്രശ്നങ്ങൾ നാലാം ദിവസം മത്സരം കഴിയുന്നതുവരെ തുടർന്നു. ആദ്യ ദിവസം മത്സരങ്ങൾ പൂർത്തിയായത് പുലർച്ചെ ഒന്നിനായിരുന്നെങ്കിൽ പിന്നീടുള്ള ദിവസങ്ങളിൽ അത് പുലർച്ചെ രണ്ടുവരെയായി.
വിധി നിർണയത്തെ ചൊല്ലിയുള്ള തർക്കങ്ങൾ ഏറെയാണ്. മാർഗംകളിയിലെ വിധി നിർണയത്തിനെതിരെ വേദിക്ക് മുന്നിൽ മാർഗംകളി കളിച്ചായിരുന്നു പ്രതിഷേധം. ചെണ്ട മേളത്തിലെ വിധി നിർണയത്തിനെതിരെയും സ്കൂളുകൾ രംഗത്ത് വന്നിരുന്നു. വ്യാഴാഴ്ച്ച വൈകിട്ട് നടന്ന യു.പി വിഭാഗം ഭരതനാട്യത്തിന്റെ മത്സരഫലം ഏറെ വൈകി വെബ്സൈറ്റിലാണ് പ്രസിദ്ധപ്പെടുത്തിയത്. സ്റ്റേജിൽ ഫലം പ്രഖ്യാപിച്ചാൽ പ്രതിഷേധം ഉണ്ടാകുമെന്ന ഭയമായിരുന്നു കാരണം. ഇത് പലപ്പോഴും അപ്പീൽ പ്രളയത്തിലേക്കാണ് വഴിവയ്ക്കുന്നത്. സമാപന ദിവസത്തിലും മത്സരങ്ങൾ വൈകിയത് മൂലം സമ്മാനദാനം നടന്നതും ഏറെ വൈകിയാണ്.
ഹൃദയം കവർന്ന് നാടോടിനൃത്തം
ഇരിങ്ങാലക്കുട: പാമ്പു കടിയേറ്റതറിയാതെ മുലയൂട്ടുന്നതിനിടെ മരിച്ച അമ്മയെയും കുഞ്ഞിനെയും കാണികളുടെ ഹൃദയത്തിലേക്കെത്തിച്ച ഷെസ പർവീണിന് നാടോടി നൃത്തം യു.പി പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാംസ്ഥാനം. ഭരതനാട്യം, മോണോ ആക്ട് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും എ ഗ്രേഡ് രണ്ടാംസ്ഥാനം ലഭിച്ച നിരാശയാണ് നാടോടി നൃത്തത്തിലെ മികച്ച പ്രകടനത്തിലൂടെ ഷെസ മായ്ച്ചത്. ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
മനം നിറച്ച് മദ്ദളകേളി
ഇരിങ്ങാലക്കുട: മദ്ദളകേളിയിൽ ആസ്വാദകരെ ആവേശംകൊള്ളിച്ച് എടതിരിഞ്ഞി എച്ച്.ഡി.പി.എസ് ഹയർ സെക്കൻഡറി സ്കൂളിലെ വാദ്യപ്രതിഭകൾ. വൈകേഷ് ബിജു, അർണസ് ലിഘു, കെ.ടി.അശ്വജിത്ത്, ശ്രീഹരി കെ.സോമൻ എന്നിവരാണ് ഹൈസ്കൂൾ വിഭാഗം മദ്ദളകേളയിൽ ഒന്നാംസ്ഥാനം നേടിയത്. നാലുപേരും കലാനിലയത്തിലെ വിദ്യാർത്ഥികൾ കൂടിയാണ്. കലാനിലയം ശ്രീജിത്തിന്റെ ശിക്ഷണത്തിലാണ് മദ്ദേളകേളി പഠിച്ച് അരങ്ങിലെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |